Advertisment

സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണം: പാകിസ്താനിലേക്ക് തടവുകാരെ അയക്കുന്നതായി ചൈന

New Update

ഇസ്‌ലാമാബാദ്: ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടവുകാരെ പാകിസ്താനിലേക്ക് അയക്കുന്നതായി ചൈന. പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എംപിയുമായ നവാബ് മുഹമ്മദ് യൂസഫ് തല്‍പുറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചൈനീസ് തടവുകാര്‍ പാകിസ്താനിലും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും യൂസഫ് തല്‍പുര്‍ വ്യക്തമാക്കി. സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണം സംബന്ധിച്ച് ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ യോഗത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

Advertisment

publive-image

ചൈനയിലെ ജയിലുകളില്‍നിന്ന് വന്‍തോതില്‍ തടവുകാരെ എത്തിച്ച് റോഡു നിര്‍മാണത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. ഇവര്‍ നമ്മുടെ നാട്ടിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ കൃത്യമായ സുരക്ഷ ഒരുക്കിയേ തീരൂ എന്നും തല്‍പുര്‍ പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടവുകാരെ ഉപയോഗിക്കാന്‍ പാക്ക് സര്‍ക്കാര്‍ ചൈനയുമായി എന്തെങ്കിലും വിധത്തിലുള്ള രഹസ്യ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും തല്‍പുര്‍ സംശയം പ്രകടിപ്പിച്ചു. ഒരു രാജ്യത്തുനിന്ന് കുറ്റവാളികളെ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്നത് പതിവില്ലാത്തതാണെന്നും തല്‍പുര്‍ ചൂണ്ടിക്കാട്ടി. എടിഎം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ചില ചൈനീസ് പൗരന്‍മാര്‍ പാകിസ്താനില്‍ അറസ്റ്റിലായ കാര്യവും തല്‍പുര്‍ ചൂണ്ടിക്കാട്ടി. തുറമുഖ നഗരമായ കറാച്ചിയിലാണ് ഈ പ്രവണത കൂടുതലായി കാണുന്നതെന്നതും സംശയകരമാണെന്ന് തല്‍പുര്‍ പറഞ്ഞു.

അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈന തടവുകാരെ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിപിഇസി പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് പാക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പാര്‍ലമെന്റ് സമിതിയെ അറിയിച്ചു.

Advertisment