Advertisment

60 ബില്യണ്‍ ഡോളറിന്റെ നിര്‍മാണങ്ങള്‍ക്കു ‘സംരക്ഷണം’ തേടി ചൈന; ആശങ്കയുയര്‍ത്തി ബലൂചിസ്ഥാന്‍ വിഘടനവാദികളുമായി രഹസ്യചര്‍ച്ച

New Update

ബെയ്ജിങ്: സൈനിക സന്നാഹവും സ്വാധീനവുമുള്ള വലിയ രാജ്യമാണെങ്കിലും തീവ്രവാദികളോടു ‘മയത്തിലേ’ പെരുമാറുകയുള്ളൂവെന്നു തെളിയിച്ചു ചൈന. വലിയ പ്രതീക്ഷയോടെ കാണുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി (ഒബോര്‍), ചൈനപാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി), സില്‍ക്ക് റൂട്ട് (പട്ടുപാത) എന്നിവയുമായി ബന്ധപ്പെട്ടാണു തീവ്രവാദികളോടു ചൈനയുടെ മൃദുസമീപനം. ചൈനയുടെ നീക്കം ഇന്ത്യയ്ക്കു വെല്ലുവിളിയായേക്കാം.

Advertisment

പല വികസന പ്രവൃത്തികളിലായി പാക്കിസ്ഥാനില്‍ ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപമാണു ചൈന നടത്തുന്നത്. ചൈന പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടു 60 ബില്യണ്‍ ഡോളറിന്റെ നിര്‍മാണങ്ങള്‍ക്കു ‘സംരക്ഷണം’ തേടിയാണു ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സഹായം തേടിയത്. അഞ്ചു വര്‍ഷത്തിലേറെയായി ബലൂചിസ്ഥാന്‍ വിഘടനവാദികളുമായി ചൈന രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണു റിപ്പോര്‍ട്ട് ചെയ്തത്. ബലൂച് വിഘടനവാദികളെ ചൈന നിയന്ത്രിക്കുന്നെന്ന വിവരം ആദ്യമായാണു പുറത്തുവരുന്നത്.

publive-image

തന്ത്രപ്രധാന തുറമുഖമായ ഗ്വാദര്‍ ഉള്‍പ്പെടെ ചൈനയുടെ പ്രധാന പദ്ധതികളെല്ലാം തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബലൂചിസ്ഥാനിലാണ്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍, പാക്കിസ്ഥാനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ശക്തമാണ്. പ്രക്ഷോഭകാരികള്‍ക്ക് ഇന്ത്യയുടെ സഹായമുണ്ടെന്നു പാക്കിസ്ഥാന്‍ ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണു ചൈനയുടെ ഇടപെടലിനെപ്പറ്റി റിപ്പോര്‍ട്ടു വന്നത്. ബലൂചിസ്ഥാനിലെ വികസന പദ്ധതികള്‍ക്കു വിഘടനവാദികള്‍ തടസ്സമാകാതിരിക്കാനാണു ചൈന രഹസ്യചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത്.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര, രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടില്ലെന്നതാണു അരനൂറ്റാണ്ടിലേറെ കാലമായി ചൈനയുടെ ഔദ്യോഗിക നയം. എന്നാല്‍, പുതിയ പട്ടുപാത നിര്‍മിക്കുന്നതിന്റെ ഭാഗമായി ഒബോര്‍ പദ്ധതിക്കു ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തുടങ്ങിയപ്പോള്‍ ഔദ്യോഗിക നയത്തില്‍ ചൈന വെള്ളം ചേര്‍ത്തെന്നാണു റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. പടിഞ്ഞാറന്‍ ചൈനയെയും മധ്യപൂര്‍വേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന മാര്‍ഗമാണു സാമ്പത്തിക ഇടനാഴിയുടെ കൂടി ഭാഗമായ പട്ടുപാത. പാക്കിസ്ഥാനുള്ള സൈനിക, സാമ്പത്തിക സഹായങ്ങള്‍ പിന്‍വലിക്കാന്‍ യുഎസ് തീരുമാനിച്ചതോടെ ആ സ്ഥാനം കൂടി കയ്യടക്കാനാണു ചൈനയുടെ ശ്രമം.

വികസന പദ്ധതികളുടെ പേരില്‍ പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ രഹസ്യമായും പരസ്യമായും ചൈന ഇടപെടുന്നത് ഇന്ത്യയ്ക്കു നല്ലതല്ലെന്നാണു വിലയിരുത്തല്‍. അയല്‍രാജ്യങ്ങളായ നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലും സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ചൈനയുടെ ഇടപെടലുണ്ടായതോടെ ബലൂചിസ്ഥാനില്‍ വിഘടനവാദികളുടെ ആക്രമണങ്ങള്‍ കുറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ച പ്രദേശത്തുകൂടിയാണു പാക്കിസ്ഥാനിലെ പട്ടുപാത കടന്നുപോകുന്നത് എന്നതിനാല്‍ കരുതലോടെയാണു ചൈനയുടെ നീക്കം.

കഴിഞ്ഞവര്‍ഷം ഗ്വാദര്‍ തുറമുഖത്ത് അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതാണ് ഇവിടെ അടുത്തകാലത്തു റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ആക്രമണം. ബലൂചിസ്ഥാനില്‍ ചൈനയുടെ ഇടപെടല്‍ പാക്കിസ്ഥാനും അംഗീകരിക്കുന്നുണ്ട്. ‘ബലൂച് തീവ്രവാദികളുമായി ചൈനീസ് നയതന്ത്രജ്ഞര്‍ ചര്‍ച്ച നടത്തുന്നതു നല്ല കാര്യമാണ്. എന്താണ് ഇരുകൂട്ടരും സംസാരിച്ചതെന്നു വ്യക്തമല്ല. എന്തായാലും ബലൂചിസ്ഥാനില്‍ സമാധാനം പുലരുന്നതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടും’ ഇസ്‌ലാമാബാദിലെ ഒരു നയതന്ത്രജ്ഞന്‍ വ്യക്തമാക്കി.

Advertisment