Advertisment

കൊവിഡ് വ്യാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവച്ചു; കൊവിഡ് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടയും ലോകത്തോട് പറഞ്ഞില്ല; സത്യം വിളിച്ചു പറയുന്നവര്‍ക്ക് ചൈനയില്‍ എന്തും സംഭവിക്കും; സുപ്രധാന വെളിപ്പെടുത്തലുകളുമായി ചൈനീസ് വൈറോളജിസ്റ്റ്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നതായി ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെങ് യാന്‍ ആണ് അമേരിക്കന്‍ മാധ്യമത്തോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചൈനയില്‍ രോഗം പടരുന്ന കാര്യം അവിടുത്തെ ഭരണകൂടം ലോകത്തെ അറിയിക്കാതെ മറച്ചുവച്ചു. വൈറസ് വ്യാപനത്തെക്കുറിച്ച് താന്‍ വിശദമായി പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തന്റെ സൂപ്പര്‍വൈസര്‍ അത് നിരുത്സാഹപ്പെടുത്തിയതായും ലി മെങ് യാന്‍ വ്യക്തമാക്കി.

അന്ന് തനിക്ക് ഗവേഷണം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറേ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൊവിഡ് മഹാമാരിയെക്കുറിച്ച് തുടക്കത്തില്‍ ഗവേഷണം നടത്തിയവരില്‍ ഒരാളാണ് താനെന്നും ലി മെങ് യാന്‍ പറഞ്ഞു.

വിദേശ ഗവേഷകരെയും ചൈനയില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. കൊവിഡ് മനുഷ്യരിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. എന്നിട്ടും ചൈനയും ലോകാരോഗ്യസംഘടനയും ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിച്ചില്ല. മാത്രവുമല്ല, ജനുവരി ഒമ്പതിന് ലോകാരോഗ്യസംഘടന പറഞ്ഞത് കൊവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നായിരുന്നു.

താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പുറത്തു പറയാന്‍ സൂപ്പര്‍വൈസറും സമ്മതിച്ചില്ല. നമ്മള്‍ ഇല്ലാതാക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പെന്നും ലി മെങ് യാന്‍ പറഞ്ഞു.

തുടര്‍ന്ന് തന്റെ കൈയിലുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ച് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. സത്യം വിളിച്ചു പറയുന്നവര്‍ക്ക് ചൈനയില്‍ എന്തും സംഭവിക്കാമെന്നും ഇവര്‍ വ്യക്തമാക്കി.

ഇനി ചൈനയിലേക്ക് തിരികെ പോകാന്‍ കഴിയില്ല. തന്റെ കരിയര്‍ ചൈന നശിപ്പിച്ചെന്നും ലി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ചൈനയും രംഗത്തെത്തി. ലി മെങ് യാന്‍ ഹോങ്കോഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയല്ലെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി പറയുന്നത്.

Advertisment