Advertisment

വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകളിലെ ലാഭം ക്രിസ്ത്യന്‍ ഹിന്ദു വോട്ടുകണക്കുകളില്‍ നഷ്ടകണക്കുകള്‍ സൃഷ്ടിക്കുമോയെന്ന് യുഡിഎഫില്‍ ആശങ്ക ! ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ യുഡിഎഫിനോട് ആഭിമുഖ്യം കുറയുന്നത് ഗുരുതരമെന്ന് വിലയിരുത്തല്‍ !

New Update

publive-image

Advertisment

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കം ഇതരസമുദായങ്ങള്‍ക്കിടയില്‍ മുന്നണിക്കെതിരെ അതൃപ്തിക്ക് കാരണമാകുമെന്ന് വിലയിരുത്തല്‍.

ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകളില്‍ വലിയതോതിലുള്ള ചോര്‍ച്ചയുണ്ടാക്കാന്‍ ഇത് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിവിധ കേന്ദ്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണമായിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പ്രധാന കാരണമായി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നത്.

ആ രാഷ്ട്രീയ സാഹചര്യം അതേ രൂപത്തില്‍ നിയമസഭയിലും ആവര്‍ത്തിക്കാനുള്ള അന്തരീക്ഷം നിലവിലുള്ളതായി കോണ്‍ഗ്രസും കാണുന്നില്ല.

മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍റെ ആധിപത്യം സംബന്ധിച്ച അഭ്യൂഹങ്ങളും തൊട്ടുപിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും കൂടിയാകുമ്പോള്‍ യുഡിഎഫിന് ലഭിച്ചുകൊണ്ടിരുന്ന ഹൈന്ദവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത നേതൃത്വം കാണുന്നുണ്ട്.

അതിനേക്കാള്‍ ഗരുതരമാണ് പരമ്പരാഗതമായി യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ വോട്ടുകളിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വിള്ളല്‍.

യുഡിഎഫില്‍ മുസ്ലീംലീഗിനുള്ള മേധാവിത്വം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. 'ലൗ ജിഹാദി'നിരയാകുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നതിലുള്ള ഉത്കണ്ഠയും ആശങ്കയും കത്തോലിക്കാ സഭ ഉള്‍പ്പെടെ പരസ്യമായി ഉന്നയിച്ചിട്ടുള്ളതാണ്.

മുസ്ലീംലീഗിന് അപ്രമാദിത്യമുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ പ്രതികൂലമാകുമോയെന്ന ആശങ്ക ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുണ്ട്.

അതിനിടെ മുസ്ലീം നിലപാടുകളുള്ള വെല്‍ഫെയര്‍ പാര്‍ട്ടികൂടി മുന്നണിയുടെ ഭാഗമാകുന്നത് ക്രൈസ്തവര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അക്കാര്യം സഭാ ഗ്രൂപ്പുകളില്‍ തുറന്ന ചര്‍ച്ചയിലുമാണ്.

ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ജോസ് കെ മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയതുമൂലമുള്ള വോട്ടുചോര്‍ച്ചയ്ക്ക് പിന്നാലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടായാല്‍ അത് യുഡിഎഫിനെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

പുതിയ സത്യങ്ങളും ധാരണകളും രൂപംകൊള്ളുമ്പോള്‍ ജാഗ്രതയുണ്ടാകണമെന്ന കര്‍ശന നിലപാട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തെ മുസ്ലീംലീഗും കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അനുകൂലിക്കുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മിതത്വം തുടരുകയാണ്.

അതേസമയം നിലവില്‍ ഇടതുപക്ഷത്തിന്‍റെ പെട്ടിയില്‍ വീണ വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് കിട്ടുന്നത് നഷ്ടമാകുന്ന വോട്ടുകളുടെ വിടവ് നികത്താന്‍ ഉപകരിക്കുമെന്ന മറുവശവും കോണ്‍ഗ്രസിന്‍റെ ചിന്തകളിലുണ്ട്.

ആകെകൂടി കണക്കാക്കുമ്പോള്‍ ലാഭമായിരിക്കുമോ നഷ്ടമായിരിക്കുമോ എന്ന വിലയിരുത്തലാണ് ഇനി നടക്കുക. അതിനെ ആശ്രയിച്ചാകും ഭാവി സഖ്യങ്ങള്‍ രൂപപ്പെടുക.

 

udf welfare party
Advertisment