Advertisment

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി; മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയില്‍ എന്നും വിമര്‍ശനം

New Update

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കും. പൊലീസില്‍ ഒരുതലത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കസ്റ്റഡി മരണത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

publive-image

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമുണ്ടായത്. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാത്വിയന്‍ വനിത ലിഗയുടെ മരണം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ലിഗയുടെ സഹോദരിയെ കാണാന്‍ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാറിനെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിഗയുടെ സഹോദരിക്ക് സംഭവത്തില്‍ ഉത്കണ്ഠയുണ്ടാകുമെന്നത് സ്വാഭാവികമാണ്. അവര്‍ തന്റെ ഓഫീസില്‍ വന്നപ്പോള്‍ വേണ്ട നടപടിയെടുത്തിട്ടുണ്ട്. അന്ന് താന്‍ ഓഫീസിലുണ്ടായിരുന്നില്ല. എന്നാല്‍ ഡി.ജി.പിയുമായി സംസാരിച്ച് അവര്‍ക്ക് പൊലീസ് ക്ലബ്ബില്‍ താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിത സംസ്ഥാനം തന്നെയാണ് കേരളം. അല്ലാതെ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ തെറ്റായ കാര്യങ്ങള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. കത്വ സംഭവത്തിലെ ഹര്‍ത്താല്‍ അത്തരത്തിലുള്ളതാണ്. കേരളം ഒറ്റക്കെട്ടായി സംഭവത്തില്‍ പ്രതിഷേധിച്ചതാണ്. എന്നാല്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. ഇതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കും. ചെറിയ കേടുപാടുകള്‍ തീര്‍ക്കാന്‍ 25,000 രൂപയും നല്‍കും. കടല്‍ ക്ഷോഭത്തില്‍ കേന്ദ്രസഹായം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment