Advertisment

ഇന്ത്യയുടെ ആദ്യ ബജറ്റ് 1860 ല്‍. സ്വതന്ത്ര ഇന്ത്യയുടേത് 1947 നവം. 26 നും. ബജറ്റുകളുടെ ചരിത്രം 70 താണ്ട് പിന്നിടുമ്പോള്‍ രാജ്യത്തെ 73 % സമ്പത്തും 1 ശതമാനം അതിസമ്പന്നരില്‍; ഇന്ത്യ നേരിടുന്നത് തീവ്ര സാമ്പത്തിക അസമത്വമെന്ന് വിലയിരുത്തല്‍ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഡല്‍ഹി:  ഓരോ ബജറ്റുകളും അവതരിപ്പിക്കുന്ന സര്‍ക്കാരിന് ആ രാജ്യത്തെക്കുറിച്ചുള്ള ഒരു വര്‍ഷത്തെ സ്വപ്നങ്ങളായി മാറണമെന്നാണ് സങ്കല്‍പം. ആ സ്വപ്നങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നു എന്നതാണ് ഒരു സര്‍ക്കാരിനെക്കുറിച്ചുള്ള ശരിയായ വിലയിരുത്തല്‍.

Advertisment

സ്വാതന്ത്ര്യം നേടി 7 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആ സ്വപ്നങ്ങള്‍ ഫലവത്താക്കല്‍ ഭരണാധികാരികള്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ് രാജ്യം ഇന്നും അഭിമുഖീകരിക്കുന്ന ദുര്യോഗം. 71 സമ്പൂര്‍ണ്ണ ബജറ്റുകളും അതിന്റെ അഞ്ചിലൊന്നോളം ഇടക്കാല ബജറ്റുകളും കണ്ട രാജ്യമാണിത്‌.

publive-image

ആദ്യ ബജറ്റ് 1860 ല്‍. സ്വതന്ത്ര ഇന്ത്യയില്‍ 1947 നവ. 26 ന്

ഇന്ത്യാ രാജ്യത്തെ ആദ്യ ബജറ്റ് എന്നത് 1860 ഫെബ്രുവരി 18 ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ വൈസ്രോയിയുടെ ഇന്ത്യന്‍ കൌണ്‍സില്‍ അംഗം ജെയിംസ് വില്‍സണ്‍ അവതരിപ്പിച്ചതാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ബജറ്റ് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം 1947 നവംബര്‍ 26 ന് ആര്‍ കെ ഷണ്മുഖഷെട്ടി അവതരിപ്പിച്ചതും.

ഇന്ത്യന്‍ ബജറ്റുകളുടെ ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ബജറ്റുകളുടെ സാങ്കേതികതയെ ബാധിക്കാത്ത രണ്ടു സവിശേഷതകള്‍ അവയ്ക്കുണ്ട്. അതിലൊന്ന് മൊറാര്‍ജി ദേശായിയും രണ്ടാമത് ഇന്ദിരാഗാന്ധിയും അവതരിപ്പിച്ച ബജറ്റുകളാണ്.

1964 ഫെബ്രുവരി 29 ന് മൊറാര്‍ജി ദേശായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അന്നദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു. അങ്ങനെ സ്വന്തം ജന്മദിനത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ധനമന്ത്രിമാര്‍ ഇന്ത്യയില്‍ വേറെയില്ല. മറ്റൊന്ന് രാജ്യത്ത് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക വനിതയാണ്‌ ഇന്ദിരാഗാന്ധി എന്നുള്ളതാണ്.

ബജറ്റുകള്‍ പൊതുവേ അറിയപ്പെടുന്നത് വാര്‍ഷിക ധനകാര്യ പ്രസ്താവന എന്ന പേരിലാണ്. രാജ്യത്തിന്റെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടത് ഈ ബജറ്റുകളാണ്. പക്ഷെ 67 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെ സ്ഥിതിചെയ്യുന്ന ജനതയുള്ള ഒരു രാജ്യത്ത് ഈ ബജറ്റുകളൊക്കെ അവതരിപ്പിക്കപ്പെട്ടതും പ്രാവര്‍ത്തികമാക്കപ്പെട്ടതും ശരിയായ രീതിയിലായിരുന്നോ എന്നറിയാന്‍ രാജ്യത്തിന്റെ നിലവിലെ സ്ഥിതി മാത്രം പരിശോധിച്ചാല്‍ മതിയാകും.

publive-image

<ഷണ്മുഖന്‍ ഷെട്ടി>

ബജറ്റുകളുടെ ദുരന്തം ! ഇന്ത്യയുടെ 73 ശതമാനം സമ്പത്തും 1 ശതമാനം അതിസമ്പന്നരുടെ പക്കല്‍

രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനം സമ്പത്തും കൈവശം വച്ചിരിക്കുന്നത് ജനസംഖ്യയില്‍ 1 ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണെന്നതാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ഏറ്റവും വലിയ വിപത്ത്.  ഓക്സ്ഫാം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഈ കണക്കുകള്‍ രാജ്യത്തെ സാമ്പത്തിക വിനിയോഗത്തിന്റെ വൈകല്യങ്ങളെ തുറന്നുകാട്ടുന്നതാണ്.

7 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആ സ്ഥിതി വളരുന്നതല്ലാതെ കുറയുന്നില്ലെന്നതാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ദുരന്തം.

ഇന്ത്യയില്‍ ഓരോ 2 ദിവസത്തിനിടെയും ഓരോ കോടിപതികള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് കണക്ക്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ രാജ്യത്തെ കോടിപതികളുടെ വര്‍ധനയില്‍ 13 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. രാജ്യത്തെ അതിസമ്പന്നരുടെ പക്കലുള്ള സമ്പത്തിന്റെ കാര്യത്തിലും ഈ തീവ്ര സാമ്പത്തിക അസമത്വമുണ്ടായി. മുന്‍ വര്‍ഷം 1 ശതമാനം അതിസമ്പന്നര്‍ കൈവശം വച്ചിരുന്നത് 58 ശതമാനം സമ്പത്തായിരുന്നെങ്കില്‍ മോഡിയുടെ ഇന്ത്യയില്‍ ആ കണക്ക് കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധിച്ച് 73 ലെത്തിയിരിക്കുന്നു.

ഈ തീവ്രസാമ്പത്തിക അസമത്വത്തെ തകര്‍ത്തറിയാന്‍ പോന്നതായിരിക്കണം രാജ്യത്തിന്റെ ഭാവി ബജറ്റ് എന്നതാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ആവശ്യം. ഈ അസന്തുലിതാവസ്ഥ മനസിലാക്കിയായിരിക്കണം കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വികസനം കുടുംബങ്ങളില്‍ നിന്നും തുടങ്ങണമെന്ന് പറഞ്ഞത്. പക്ഷെ അത് അതിസമ്പന്നരുടെ കുടുംബങ്ങളിലേക്ക് ആയിപ്പോയി എന്നതാണ് കഷ്ടം.

രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക പുരോഗതിയിലേക്ക് എത്തിയാല്‍ മാത്രമേ ഇന്ത്യ വികസിത രാജ്യമായി മാറുകയുള്ളൂ. തലപ്പത്ത് വികസനത്തിന്റെ പതാകയും കാല്‍ച്ചുവട്ടില്‍ പട്ടിണിപ്പാവങ്ങളുടെ നിലവിളിയുമായി ഒരു രാജ്യത്തിനും മുന്നോട്ട് ചരിക്കാന്‍ കഴിയില്ലെന്നുള്ള യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയുമോ എന്നറിയാന്‍ വീണ്ടും അടുത്ത ബജറ്റ് വരെയും കാത്തിരിക്കണം.

pre budget
Advertisment