Advertisment

സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണുക - 'പെണ്ണൊരുത്തി'

New Update

ണിന്റെ ഹൃദയഹാരിയായ സാന്നിധ്യം അടയാളപ്പെടുത്തുന്നതോടൊപ്പം ആണധികാരത്തിന്റ അധീശാധിപത്യത്തെ വിചാരണ ചെയ്യുന്ന ചെറുചിത്രമാണ് 'പെണ്ണൊരുത്തി'.ശക്തയായ സ്ത്രീയെന്നാൽ അർഥമാക്കേണ്ടത് സ്ത്രീത്വം അതിന്റെ പൂർണതയിൽ ആഘോഷിക്കുന്നവൾ എന്നാകണം.

Advertisment

സ്ത്രീയുടെ മാന്യതക്ക് സമൂഹം ചില തെറ്റായ സങ്കല്പങ്ങൾ ചമച്ചിട്ടുണ്ട്. പെൺവഴികളിൽ ഒരുപാട് കണ്ണീരും അപമാനവും പീഡനങ്ങളും ചോരപ്പാടായി വീണു കിടക്കുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനാണ് പലരും സ്ത്രീവാദിയെന്ന മേലങ്കിപോലും അണിയുന്നത്.

publive-image

എല്ലാപെണ്ണും ഒരേ ജീവിതം ജീവിച്ചാൽ മതിയോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് സുധികൃഷ്ണൻ സംവിധാനം ചെയ്ത പെണ്ണൊരുത്തി എന്ന ചലച്ചിത്രം. വൈജ്ഞാനികമായും സാംസ്‌കാരികമായും നാം പ്രബുദ്ധരായിരുന്നിട്ടും സംരക്ഷകന്റെ രൂപത്തിൽ പുരുഷൻ എപ്പോഴും സ്ത്രീയെ പിന്തുടരുന്നതെന്തിന്?

ആണിന്റെ അഭീഷ്ടങ്ങൾക്ക് അനുസരിച്ച് സ്ത്രീയെ രുപപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ലോകത്ത് എന്തുകൊണ്ട് സ്ത്രീയെ ഒരു സ്വതന്ത്രവ്യക്തിയായി കണ്ടുകൂടാ? സമൂഹത്തിന്റെ മിഥ്യാധാരണകളെ തിരുത്തുന്ന, എവിടെയും അവൾ അവന്റെ പുറകിലല്ല മുമ്പിലുമല്ല ഒരുമിച്ചാണെന്ന സന്ദേശം പകരുകയാണ് വനിത വികസന കോർപ്പറേഷന്റെയും കോഴിക്കോട് ജില്ല ലീഗൽ സർവീസ്അതോറിറ്റിയുടെയും സംയുക്ത സംരംഭമായ ഈ പ്രചോദിത ചിത്രം.

സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ഈ ചെറിയ വലിയ ചിത്രം 'ഉണർന്നെണീക്കുക സോദരീ' എന്നു പറഞ്ഞ് മുന്നോട്ട് പിടിച്ചുവലിക്കുകയാണ്. പ്രതികരിക്കേണ്ട അവസരങ്ങളിൽ പ്രതികരിക്കാനും ആഗ്രഹങ്ങൾ തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം പെണ്ണിനും ഉണ്ടെന്ന് ഇതിലെ ഗൗരി എന്ന കഥാപാത്രം പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു.

നടൻ രാജേഷ് ഹെബ്ബാറും അൻസിബയും സ്വാഭാവിക അഭിനയത്തിലൂടെ ഈ ചിത്രത്തെ മനോഹരമാക്കിയിരിക്കുന്നു. ചാരുലത ടെക്സ്റ്റയിൽസിലെ ഒരു പെൺബൊമ്മയിലാണ് നായികയുടെ അസ്തിത്വം. മരണ ശേഷമേ അവൾക്ക് സ്ത്രീയെപ്പറ്റി, അവളുടെ സ്വത്വത്തെപ്പറ്റി പറയുവാൻ ധൈര്യമുള്ളൂ.

അവൾക്കുമിണ്ടാനാവില്ലെങ്കിലെന്ത്,വാചാലമല്ലേ അവളുടെ വസ്ത്രവുംമേനിയും.ആ മിണ്ടാപ്രാണിയോട് പോലും അസൂയയല്ലേ മറ്റുള്ളവർക്ക്. തുണിക്കടയിലെ പ്രധാന കഥാപാത്രം രമേഷേട്ടന് അവളാണ് എല്ലാമെല്ലാം. പല തുണിക്കടയിലുമുണ്ട് ഇതുപോലുള്ള പാവസ്നേഹികൾ.അവർ മനുഷ്യരെപോലെയാണ് ജീവനില്ലാത്ത മനുഷ്യക്കോലങ്ങളെയും പരിഗണിച്ചത്.

വേദനാഭരിതമായ തിരസ്‌ക്കാരത്തിന്റെ അന്തരീക്ഷം അനുഭവിക്കാൻ അവൾക്ക്പ്രാണൻ പോലും വേണമെന്നില്ല. രാജേഷ് ഹെബ്ബാർ എന്ന അതുല്യ നടൻ രമേഷേട്ടനെ അനശ്വരനാക്കിയിരിക്കുന്നു. ആരുടെയും നിഴലായി മാറേണ്ടവളല്ല കനലു പോലെ ജ്വലിക്കേണ്ടവളാണ്സ്ത്രീ എന്ന് ഗൗരി നമുക്കു കാട്ടിത്തരുന്നു. ഈ ചിത്രം ബോധവത്കരിക്കുന്നത് സ്ത്രീയെ മാത്രമല്ല, പുരുഷനെക്കൂടിയാണ്.

publive-image

സ്ത്രീക്കുവേണ്ടിയുള്ള എഴുത്തും ചിന്തയും സമീപനവും സവിശേഷമായി പുതുക്കേണ്ടവയല്ലേ?നമ്മുടെസിനിമകളുടെ പതിവുരീതികൾ സ്ത്രീവിരുദ്ധതയുടേതാണ്. മലയാള ചലച്ചിത്രങ്ങളുടെ സ്ത്രീപ്രതിനിധാനം പലപ്പോഴും വികലമായ ആസ്വാദനത്തിന്റേതായിരുന്നു. പുരുഷ പ്രേക്ഷകരുടെ ഉള്ളിലുള്ള താല്പര്യങ്ങളെ മാത്രമേ സമൃദ്ധമാക്കിയിരുന്നുള്ളൂ. ഇവിടെയാണ് സുധികൃഷ്ണൻ തികച്ചും നൂതനവും വ്യത്യസ്തവുമായ കഥപറച്ചിലിലൂടെ പെണ്ണൊരുത്തിയെ പെണ്ണിനും ആണിനും മുമ്പാകെ പ്രതിഷ്ഠിക്കുന്നത്.

'ആണൊരുത്തൻ' എന്ന പ്രയോഗം ആണധികാരത്തിന്റെയും ആർജ്ജവത്തിന്റെയും ശൈലിയായി ഗണിക്കുമ്പോഴും പെണ്ണൊരുത്തി എന്ന പ്രയോഗം പോലും പലരെയും അസ്വസ്ഥരാക്കി.ഒരു പുരുഷൻ അവന്റെ വ്യക്തിത്വം പ്രകടിപ്പിക്കുമ്പോൾ അവനുവേണ്ടി വാദിക്കുമ്പോൾ ഇന്നേവരെ ആരും ദുഷ്‌പേര് വിളിച്ചിട്ടില്ല.എന്നാൽ പെണ്ണോ? ഇതെല്ലാം മാറേണ്ടിയിരിക്കുന്നു. അതാണ്‌ പെണ്ണൊരുത്തി തുറന്ന് വിടുന്ന ചിന്ത.

സമൂഹത്തിലും സിനിമയിലും സ്ത്രീവിരുദ്ധത പൊതുബോധമാകുമ്പോൾ പെണ്ണിന്റെ വ്യക്തിത്വമെന്ത് എന്ന് പ്രതീകങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ അന്വേഷിക്കുന്നുണ്ട് ഈ സ്ത്രീപക്ഷ സിനിമ. സ്ത്രീയുടെ സ്വത്വത്തെയും അഭിമാനത്തെയും മാനുഷികതയെയും ആദരിക്കുന്ന ഈ ചിത്രം മുൻ മാതൃകകളില്ലാത്തതിനാൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും സാധ്യതകളാണ് ആസ്വാദകർക്കു മുമ്പിൽ തുറന്നിടുന്നത്.

ലൈംഗികമായ കയ്യേറ്റങ്ങൾ മാത്രമാണോ ആധുനിക സ്ത്രീയുടെ പ്രശ്നം. അവളുടെ ജീവിതം തന്നെ സഹനവും സമരവും സങ്കീർണ്ണതകൾ നിറഞ്ഞതുമല്ലേ. ഏതൊരു സ്ത്രീയുടെയും സ്വാതന്ത്ര്യ ദാഹം കലാമാധ്യമങ്ങളിൽ കൂടി ആവിഷ്ക്കരിക്കപ്പെടുന്നുണ്ടോ.

ഉണ്ടെങ്കിൽ അവ അവൾക്കനുകൂലമായും സുന്ദരമായും ഭവിക്കുന്ന വിധമാണോ. പെണ്ണ് ചാലകശക്തിയാണ്‌. അവൾക്ക് പകരം അവളേയുള്ളൂ. അവളുടെ ശബ്ദം ഉയർന്നാലേ അവൾ ജീവിച്ചിരിക്കുന്നുവെന്ന് സമൂഹം തിരിച്ചറിയുകയുള്ളൂ.

publive-image

പെണ്ണിന് മനുഷ്യനല്ലാത്ത, ആലങ്കാരികമായി മറ്റൊന്നും ആവേണ്ടതില്ല. രക്തവും മാംസവുമുള്ള മനുഷ്യരായി ജീവിക്കണം. വികാരവും വിചാരവും ഉണ്ടെന്നറിയണം.താൻ താനല്ലാതാകുന്നതല്ല സ്ത്രീപ്രശ്നങ്ങളുടെ പരിഹാരം. നമ്മുടെ രക്ഷിതാക്കൾ ശരിയായ രീതിയില്‍ പെൺകുട്ടികളെ വെളിപ്പെടുത്തിക്കൊടുത്തിരുന്നുവെങ്കില്‍ പെൺമക്കള്‍ക്ക് പാകപ്പിഴകള്‍ സംഭവിക്കുമായിരുന്നോ. എന്തിനാണീ അതിസുരക്ഷ? എന്തിനാണീ അതിസൂക്ഷ്മത?

സ്വയംനിർണയത്തിൽ വ്യതിചലിക്കുമ്പോള്‍ മാത്രമാണ് ഈ ലോകത്തിന്റെ കെണികളില്‍ സ്ത്രീ വീണുപോകുന്നത്. ഭർത്താവിനെ വേണ്ടവിധം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവൾ,കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവർ,അടിമയാകുകയല്ല പ്രത്യുത ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റി അധികാരിയാകുകയാണ് ചെയ്യുന്നത്‌.പക്ഷേ അവിടെയും അവളുടെ ബുദ്ധിയും അഭിപ്രായവും തിരിച്ചറിയുന്നുണ്ടോ?

സമൂഹം നൽകുന്ന തിരിച്ചറിവുകൾ സ്വീകരിക്കാൻ പ്രാപ്തരാകണമെങ്കിൽ പക്വമായ ഘടകങ്ങൾ ചെറുപ്പത്തിലേ കിട്ടിയിരിക്കണം.ആർക്കും ചിന്തിക്കാൻ പോലുമാവാത്ത ചില സ്ത്രീയനുഭവങ്ങളുണ്ട്. വ്യവച്ഛേദിക്കപ്പെടാത്ത ഇടിയും ആത്മനാദവുമുണ്ട്. അത് പറയുന്നതും പ്രകടിപ്പിക്കുന്നതുമാണ് പെണ്ണൊരുത്തി. അതാണ് പെണ്മയുടെ തനതായ മുന്നേറ്റം.

പേടിച്ചകലാതെ ഉറച്ചകാൽവെപ്പോടെ കരുതലോടെ നീങ്ങാം. കാരണം സ്ത്രീ ഒരു സ്വതന്ത്ര വ്യക്തിയാണ്. സ്ത്രീകൾ സ്ത്രീയെന്ന അഭിമാനത്തോടെ ജീവിക്കട്ടെ. സ്ത്രീ ശക്തയാണ്.

Advertisment