Advertisment

കണ്ണീരോണം

author-image
admin
Updated On
New Update

- പ്രൊഫ .ജി .ശോഭാറാണി

Advertisment

publive-image

ലിയടങ്ങാതെ,

മക്കളെ തലങ്ങും വിലങ്ങും-

പ്രഹരിച്ചു തളർന്ന ഭൂമി

വേദനയാൽ പുളഞ്ഞ് , .

ഉറക്കെ നിലവിളിച്ച്-

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ

പലവഴി പായുന്ന പുഴകൾ.

പുഴയുടെപരക്കം പാച്ചിലിൽ

ഞെരിഞ്ഞമർന്നുകിടക്കുന്നു

മണ്ണും മനുഷ്യനും,

മതവും രാഷ്ട്രീയവും തീർത്ത

വേലിക്കെട്ടുകളും.

നെഞ്ച് പൊട്ടിയ മലകൾ

തേങ്ങിതളർന്നു

തലയ്ക്കു കൈയും കൊടുത്തു

കുമ്പിട്ടിരിക്കുന്നു

ദീർഘകാലം നെഞ്ചിലമർത്തിയ

പ്രതികാര പർവതങ്ങൾ

പൊട്ടിത്തെറിച്ചതിന്റെ

നിർവികാരതയിൽ

മുഖം തിരിച്ചു പ്രകൃതി

ഇത് കേരളം

മാവേലിമന്നന്റെ നാട്.

വരും ഞങ്ങളുടെ ചക്രവർത്തി,

ഇക്കൊല്ലവും;

ഞങ്ങളെ തലോടി

സമാധാനിപ്പിച്ചു

ഈ കണ്ണീരോണമു ണ്ണാൻ

ചേറിൽ പൂണ്ട

തുമ്പയും തുളസിയും

മുക്കൂറ്റിയും മന്ദാരവും

തലയുയർത്തും

വിറച്ചുവീണുപോയ

വേലിക്കെട്ടുകൾക്കിടയിൽ നിന്നും

പൂക്കൾ ചിരിച്ചുണരും

നാടുവിട്ട പറവകൾ

ചിതറിയ കൂട്ടി ലേക്ക്

ഓടി പ്പാഞ്ഞെത്തും .

കുമ്പിളിൽ കഞ്ഞിയും

കണ്ണീരടക്കിയ മുഖത്തു ചിരിയുമായി

ഞങ്ങൾ മഹാബലിയെ

വരവേൽക്കുക തന്നെ ചെയ്യും

Advertisment