Advertisment

തലച്ചോറ് പണയം വച്ചവര്‍

New Update

publive-image

Advertisment

ന്യായീകരിക്കണം, ന്യായീകരിക്കണം,

എപ്പോഴുമെവിടെയും ന്യായീകരിക്കണം.

നമ്മുടെ നേതാക്കള്‍ ചെയ്യുന്നതൊക്കെ നാം

എപ്പോഴുമെവിടെയും ന്യായീകരിക്കണം.

നമ്മുടെ ബുദ്ധിയും, തലച്ചോറുമൊക്കെ നാം

അവരുടെ കാല്‍ക്കീഴില്‍ അടിയറ വച്ചുപോയ്‌,

ഇനി രക്ഷയില്ല, ഇനി രക്ഷയില്ല,

ന്യായീകരിക്കുക മാത്രം, എല്ലാം ന്യായീകരിക്കുക മാത്രം.

തീവ്ര വിശ്വാസവും, തീവ്ര രാഷ്ട്രീയവും,

നമ്മുടെ തലയില്‍ നിറച്ചു,

ഇനിയവര്‍ പറയുന്ന കേട്ടു ചലിക്കുന്ന,

പാവയായ്‌ മാറിയ നമ്മുടെ ജീവിതം.

അന്ധമാം രാഷ്ട്രീയ മത വിശ്വാസങ്ങളാല്‍,

നമ്മുടെ കണ്ണിന്‍റെ കാഴ്ച കുറഞ്ഞുപോയ്‌.

അവര്‍ നമ്മെ അണിയിച്ച നിറമുള്ള കണ്ണട,

ഒരു നിറം മാത്രമേ കാട്ടൂ, ഇന്ന് മറു നിറങ്ങള്‍ നമുക്കന്യം.

നാട്ടു കവലയില്‍, ചായക്കടകളില്‍,

മുഖപുസ്തകത്തിലും ന്യായീകരിക്കണം.

നമ്മുടെ നേതാക്കള്‍ ചെയ്യുന്നതൊക്കെയും,

ശരിയെന്ന്, ശരിയെന്ന് ന്യായീകരിക്കണം.

കമ്മികള്‍, സംഘികള്‍, മൂരി, സുഡാപ്പികള്‍

കൊങ്ങികള്‍ അങ്ങനെ പലതരം പേരുകള്‍,

നമ്മുടെ വ്യക്തിത്വം അടിയറ വച്ചു നാം,

നേതാവിന്‍ കാല്‍ക്കീഴില്‍ മൊത്തം പണയമായ്‌.

തെറി വിളിച്ചീടണം, കൊല വിളിച്ചീടണം,

എതിര്‍ പക്ഷമായവരെയെല്ലാം.

നമ്മുടെ വിശ്വാസ തത്വസംഹിതകള്‍ക്ക്,

എതിരെയൊരു ശബ്ദവും വേണ്ട.

പണിമുടക്കീടണം, പഠനം നിറുത്തണം,

കല്ലെറിഞ്ഞെല്ലാം തകര്‍ത്തു തിമിര്‍ക്കണം.

മുട്ടിന് മുട്ടിന് ഹര്‍ത്താലുകള്‍ കൊണ്ട്,

നാടും ജനങ്ങളും സ്തംഭിച്ചിരിക്കണം.

ജനസേവനത്തിന്റെ പുതിയ വഴിയാണിത്,

സംസ്കാര സമ്പന്ന മലയാള ഭൂവിത്.

തല്ലണം, കൊല്ലണം, സംഘടിച്ചെത്തണം,

നേതാവ് മാത്രമേ ശരിയെന്നു പറയണം.

സ്വന്തം തലച്ചോര്‍ പണയമായ്‌ വച്ച നാം,

ഇന്ന്, നേതാക്കന്മാരുടെ അടിമകള്‍ മാത്രമായ്,

ഇനി രക്ഷയില്ല, ഇനി രക്ഷയില്ല,

ന്യായീകരിക്കുക മാത്രം, എല്ലാം ന്യായീകരിക്കുക മാത്രം.

.........

Advertisment