Advertisment

ഹനാൻ എന്നാല്‍ 'ദയാപരമായ സമ്മാനം' എന്നര്‍ഥം. 'കൃപ' അല്ലെങ്കിൽ 'പുണ്യ വാത്സല്യം' എന്നൊക്കെ പിന്നെയും അർത്ഥങ്ങൾ ! ചില സോഷ്യല്‍ തെമ്മാടികള്‍ ആക്രമിച്ചപ്പോള്‍ സരിതമാര്‍ക്കിടയില്‍ പെടാതെ വിദ്യയും വീടും നല്‍കി അവളെ സംരക്ഷിച്ച പ്രതിപക്ഷ നേതാവിനും രക്ഷകന്‍റെ വാളെടുത്ത മുഖ്യമന്ത്രിക്കും നല്ല നമസ്കാരം !!

New Update

publive-image

Advertisment

ചില പേരുകൾ എന്നും ചില വ്യക്തികളിൽ, അവരുടെ സ്വഭാവ രൂപീകരണത്തിൽ മുഖ്യമായ പങ്ക് വഹിക്കുന്നു. ചിലപ്പോൾ ചില പേരുകൾ കുറിക്കു കൊള്ളുന്നതുപോലെതന്നെ പേരും വ്യക്തിയുടെ സ്വഭാവ ഗുണങ്ങളും ഇഴ ചേർന്ന് കിടക്കുന്നു .

ഉദാഹരണമായി യാമിനി, മോഹിനി,സുമയ്യ, നർഗീസ്, ഫര്‍സാന തുടങ്ങിയ പേരുകളിൽ സൗന്ദര്യം ഒളിഞ്ഞു കിടക്കുന്നു . രതി എന്ന് പേരുള്ളവർ രതിയിൽ ദേവിമാരായിരിക്കും. ശാന്ത ഒരു നല്ല പേരാണെങ്കിലും മിക്കവാറും ശാന്തമാർ പേരുദോഷം കേൾപ്പിച്ചവർ ആയിരിക്കും.

നസീമയും സൂസനും ആലീസും ഒക്കെ ഇങ്ങനെ ചുമ്മാ പേരുദോഷം വന്നവരോ കേൾപ്പിച്ചവരോ ഒക്കെ ആയിരിക്കും. അതുപോലെ സുലൈമാനും ഇഗ്നേഷ്യസും എന്നും കുറ്റങ്ങൾ കേൾക്കുവാൻ വിധിക്കപ്പെട്ടവർ .

ബിജു, ഷാജി എന്നവർ പോലീസാണെങ്കിലും ഗുണ്ടകളോ തല്ലിപ്പൊളികളോ ആയിരിക്കുമെന്നത് കാലം തെളിയിച്ചുകഴിഞ്ഞു . കൂടുതൽ പേരുകളെക്കുറിച്ച് എഴുതി അവരുടെയൊക്കെ ദേഷ്യമോ തെറികളോ ഏറ്റുവാങ്ങാൻ തയാറാകുന്നില്ല.

publive-image

'ഹനാൻ' എന്നൊരു പേര് , അവളുടെ മാതാവോ പിതാവോ അമ്മാവനോ ആരാണ് വിളിച്ചതെങ്കിലും ശരിക്കും ആ പേരിന് ഹനാൻ നൂറു ശതമാനവും അർഹിക്കുന്നു . മൊസപ്പൊട്ടാമിയൻ കാലഘട്ടത്തിലെ പേരായ ഹനാൻ ഹിബ്രു ഭാഷയിൽ 'ദയാപരമായ സമ്മാനം ' എന്നാണ് .

'കൃപ' അല്ലെങ്കിൽ 'പുണ്യ വാത്സല്യം ' എന്നൊക്കെ അർത്ഥങ്ങൾ ഉണ്ടെങ്കിലും വളരെ ശക്തനായ പുരുഷനെ വിളിക്കുന്ന പേരാണ് ഹനാൻ.

അറബിക്ക് ഭാഷയിൽ ഹനാന്റെ അർത്ഥം 'അനുകമ്പ' എന്നാണ് . വിശുദ്ധ ഖുർആനിൽ സൂറത്ത് മരിയ, അദ്ധ്യായം 19:12-13 ൽ പ്രവാചകൻ യഹിയ നബിയുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് ഹനാൻ എന്നൊരു വാക്ക് പ്രതിപാദിച്ചിട്ടുള്ളത് . വിശുദ്ധ ബൈബിളിലും നിരവധി ഭാഗങ്ങളിൽ ഈ പേര് പ്രതിപാദിച്ചിരിക്കുന്നു .

publive-image

ഇന്നിപ്പോൾ കേരളത്തിലെ ട്രോളർ തൊഴിലാളികളും സോഷ്യൽമീഡിയ പരാക്രമികളും ഒരു പാവം പെൺകുട്ടിയെ പച്ചക്ക് വിഴുങ്ങുവാൻ ശ്രമിക്കുകയും ദൈവത്തിന്റെ അനുഗ്രഹത്താൽ ആ ശ്രമം ദയനീയമായി പരാജയപ്പെടുകയും ചെയ്തപ്പോൾ ഇവിടെ ജയിച്ചത് നന്മയും , കൃപയും വാത്സല്യവുമൊക്കെ തന്നെയാണ് .

ഇവിടെ ആർക്കും ആരെയും എന്തും പറയാമല്ലോ ? ആർക്കും ആരെയും എന്തും ചെയ്യാമല്ലോ ? കയ്യൂക്കുള്ളവർ കാര്യക്കാരായി മുന്നോട്ട് നീങ്ങുമ്പോൾ ഇപ്പറഞ്ഞ നന്മയോ, കൃപയോ, സ്നേഹമോ, അടുപ്പമോ, വാത്സല്യമോ ഒക്കെ മലയാളത്തിന്റെ അല്ലെങ്കിൽ കേരളത്തിന്റെ നിഘണ്ഡുവിൽ നിന്നും തുടച്ചുമാറ്റപ്പെടുകയാണ് .

മരണവീട്ടിലും തമാശ പറഞ്ഞു ചിരിക്കുന്ന, അല്ലെങ്കിൽ ഗോസിപ്പുകൾ മാത്രമായി ജീവിക്കുന്ന ഒരു വിഭാഗമാണ് ഇന്നിപ്പോൾ നമ്മുടെ നാടിന്റെ ശാപം . മറ്റുള്ളവരുടെ വിഷമതകൾ കാണാതെ മറ്റുള്ളവരുടെ വേദനകളെ അറിയാതെ ഇതൊന്നും തങ്ങൾക്ക് വരില്ല എന്നൊരു തീരുമാനത്തിൽ വിലസുന്ന കുറേയാളുകളാണ് നമ്മുക്ക് ചുറ്റും .

publive-image

ഹനാൻ വിഷയം നടക്കുമ്പോൾ ഞങ്ങളുടെ ഇൻബോക്സിൽ നിരവധി മെസ്സേജുകൾ വന്നു. ഇതിന്റെ പിന്നിൽ ദിലീപ് ആണെന്നും, മാതൃഭൂമിയെ തോൽപ്പിക്കുവാൻ ഏതോ സംവിധായകനുമായി ചേർന്ന് ഉണ്ടാക്കിയ നാടകമാണെന്നും , എല്ലാം തട്ടിപ്പാണെന്നും ഒക്കെ പറഞ്ഞുകൊണ്ടായിരുന്നു മെസ്സേജുകൾ .

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ചില സോഷ്യല്‍ മീഡിയ തമ്പുരാക്കന്മാര്‍ക്ക് പറ്റിയ മണ്ടത്തരം പറ്റാതിരിക്കുവാൻ ഈ വിഷയത്തിൽ ഞങ്ങൾ അന്ന് തൊട്ടില്ല. എവിടെയോ ഒരു ഉൾവിളി ഞങ്ങളിലും ഫീൽ ചെയ്തു .

29 - മത്തെ വയസ്സിൽ കേരളത്തിന്റെ മന്ത്രിയായ പ്രതിപക്ഷനേതാവ് , ഒരു തിരഞ്ഞെടുപ്പിലും പാർട്ടിയെ തോൽപ്പിക്കാതെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച പ്രതിപക്ഷ നേതാവ്, പക്ഷെ ഈയിടെയായി ജനങ്ങളിൽ നിന്നും അദ്ദേഹത്തെ അകറ്റാന്‍ ചില തീവ്രശ്രമങ്ങള്‍ നടന്നിരുന്നു .

എന്നാലും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ സഹായിക്കുന്നവർ നന്നായി ജോലി ചെയ്യുന്നുണ്ടായിരുന്നു . അതിന്റെ റിസൾട്ടാണ് അദ്ദേഹത്തിന് 'ഹനാൻ' വിഷയത്തിൽ ലഭിച്ചത് .

publive-image

സമൂഹവും ചാനലുകളും സോഷ്യൽ മീഡിയയും ഹനാന് മുന്നിൽ വെല്ലുവിളി ഉയർത്തിയപ്പോൾ പ്രതിപക്ഷനേതാവിന്റെ ശക്തമായ പിന്തുണ ഹനാന്റെ ജീവിതത്തെ മാറ്റിമറിച്ചു . അല്ലെങ്കിൽ തട്ടിപ്പുകാരികളായ നിരവധി സരിതമാർക്കിടയിൽ ഹനാന്റെ പേരും മുദ്രകുത്തപ്പെട്ടേനെ .

ഹനാനെ സഹായിച്ചതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ ചെന്നിത്തലയെ ട്രോളിയത് ദയയില്ലാതെയാണ്.

അതോടെ തലേദിവസം ഹനാനെ പിന്തുണച്ചവര്‍ പോസ്റ്റും പിന്‍വലിച്ചു ആറെ പോയി. പക്ഷെ എഴുതിയത് പിന്‍വലിക്കാന്‍ കരുണാകരന്റെ ആ പഴയ ശിഷ്യന്‍ തയ്യാറായില്ല, അതാണ്‌ സാക്ഷാല്‍ ലീഡറുടെ ചങ്കൂറ്റം. കളം പിറ്റെന്നാള്‍ തിരിഞ്ഞുമറിഞ്ഞു.

publive-image

നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബം സാഹചര്യങ്ങളിൽ അകപ്പെട്ട് തകർന്നടിഞ്ഞപ്പോൾ , കേരളത്തിന്റെ മുഖ്യശത്രുവായ മദ്യം ആ കുടുംബത്തെ വിഴുങ്ങിയപ്പോൾ ചങ്കൂറ്റത്തോടെ ജോലി ചെയ്യുവാൻ ഇറങ്ങിയ ഒരു പാവം പെൺകുട്ടിയെ നമ്മുടെ സമൂഹം ക്രൂശിച്ചു .

കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്നിപ്പോൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നമായ ജാതീയതയും വർഗീയതയും ഒക്കെ ഇതിന്നിടയിലേക്ക് വലിച്ചിഴച്ചപ്പോൾ അതിൽ അകപ്പെടാതെ അവിടെ നിന്നും ആ കുട്ടിയെ രക്ഷപ്പെടുത്തിയ പ്രതിപക്ഷനേതാവും , നമ്മുടെ സ്വന്തം മുഖ്യമന്ത്രിയും അവരിന്നുവരെ എന്തെങ്കിലുമൊക്കെ പാപങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുണ്ടെകിൽ ദൈവം ക്ഷമിച്ചുകൊടുക്കുവാൻ നാം പ്രാർത്ഥിക്കണം .

അമേരിക്കയിൽ ചികിത്സക്ക് പോകുന്ന മുഖ്യമന്ത്രിക്ക് എല്ലാം ശരിയാകട്ടെ എന്നും നമ്മുക്ക് ആശിക്കാം.

publive-image

ഇടുക്കി ഡാം നിറയുന്നു , മുല്ലപ്പെരിയാർ പൊട്ടുവാൻ സാധ്യതയേറുന്നു , പാലായിൽ വെള്ളം കയറുന്നു , തൊടുപുഴയിൽ റോഡിൽ ജനം വഞ്ചിയിറക്കുന്നു , ആരും കേൾക്കാത്ത നിപ്പ വൈറസുകൾ കോഴിക്കോടിനെ കുലുക്കുന്നു , അതിരപ്പിള്ളി കരകവിയുന്നു , ഭാരതപ്പുഴ അടുക്കളയിലേക്ക് കയറുന്നു , ആഫ്രിക്കൻ ഒച്ചുകൾ കേരളം കീഴടക്കുന്നു , വരൾച്ച രൂക്ഷമായപ്പോൾ ഇരതേടി ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നു ... ഇങ്ങനെയിങ്ങനെ നിരവധിയനവധി വാർത്തകളാണ് നാം കുറേനാളുകളായി കേൾക്കുന്നത് .

എല്ലാറ്റിനും അതിന്റെതായ കാരണങ്ങൾ ഉണ്ട്, പ്രകൃതി ക്ഷോഭങ്ങൾ മനുഷ്യന് ദൈവത്തിന്റെ അപകട സൂചനകളാണ്. പാവങ്ങളെ ഉപദ്രവിക്കാതിരിക്കുക, പ്രതികരിക്കുവാൻ കഴിവില്ലാത്തവരെ വിഷമിപ്പിക്കാതിരിക്കുക, നന്മയെ തിരിച്ചറിയുക ...

സോഷ്യൽ മീഡിയ ട്രോളുകാരും ചാനലുകാരും പത്രക്കാരും ഓൺലൈൻ വാർത്തക്കാരും ഇനിയും മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തും എന്ന വിശ്വാസത്തിൽ ,

ഇവന്മാർക്കൊക്കെ നല്ല ബുദ്ധി തോന്നിപ്പിക്കേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, കുമ്പസാരക്കൂടുകളെ മാറ്റിനിർത്തിക്കൊണ്ട്,

നിങ്ങളുടെയൊക്കെ സ്നേഹിതന്മാരായ ദാസേട്ടനും വിജയേട്ടനും

Advertisment