Advertisment

കോമണ്‍വെല്‍ത്തിന്റെ ലണ്ടന്‍ സമ്മേളനം: ഈ ബഹുരാഷ്ട്രക്കൂട്ടായ്‌മക്ക്‌ ലോകജനസംഖ്യയുടെ മൂന്നിലൊന്നിന്റെ പ്രാതിനിധ്യം അവകാശപ്പെടാം. പക്ഷെ, വെറുതെ സൗഹൃദം പുതുക്കുന്ന ഒരു നിശാക്‌ളബിന്റെ നിലവാരത്തിലേക്ക്‌ തരംതാഴുന്ന ഒരു പ്രകടനമല്ലേ ലണ്ടന്‍ സമ്മേളനം കാഴ്‌ചവച്ചത്‌?

New Update

'നിങ്ങളുടെ തടിയനായ മഹാരാജാവും മെലിഞ്ഞുണങ്ങിയ ഭിക്ഷക്കാരനും ഒരേ ഊണ്‍മേശയില്‍ രണ്ടുതരം വിഭവങ്ങളുള്ള രണ്ടുഭക്ഷണപാത്രങ്ങളൊരുക്കുന്നു. ഇതിനൊരവസാനം....?' 

- വില്യം ഷേക്‌സ്‌പിയര്‍

Advertisment

കോളണികള്‍ ഒന്നൊന്നായി കൈവിട്ടുപോയപ്പോള്‍ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം അസ്‌തമിച്ചു. അതിന്റെ അധികാരപരിധി ഇംഗ്‌ളണ്ടിന്റെ നാലതിരുകള്‍ക്കുള്ളിലായിച്ചുരുങ്ങുകയോ ഒതുങ്ങുകയോ ചെയ്‌തു.

സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലം ചരിത്രത്താളുകളില്‍ മാത്രം കാണുന്ന ഒരു അത്‌ഭുതപ്രതിഭാസമായിത്തീര്‍ന്നു. ഗതകാലപ്രതാപങ്ങളയവിറക്കുന്നതിനും അവക്ക്‌ കാലോചിതമായ രൂപഭാവാദികള്‍ നല്‍കുന്നതിനും ഇംഗ്‌ളണ്ട്‌ മോഹിച്ചു. ഈ മോഹത്തിന്റെ സാക്ഷാല്‍ക്കാരമാണ്‌ ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്ത്‌.

publive-image

ബ്രിട്ടീഷ്‌ രാജ്‌ഞിയോ രാജാവോ ആണ്‌ ഈ അന്‍പത്തിമൂന്നംഗങ്ങളുള്ള രാഷ്ട്രക്കൂട്ടായ്‌മയുടെ അദ്ധ്യക്ഷപദവി സ്ഥിരമായി കയ്യാളുന്നത്‌. ജനാധിപത്യവിരുദ്ധമായ ഒരു സാമ്രാജ്യത്വസ്വഭാവം അതില്‍ത്തന്നെയുണ്ട്‌. ഇംഗ്‌ളണ്ടില്‍ രാഷ്ട്രീയാധികാരത്തിന്റെയും ആത്മീയാധികാരത്തിന്റെയും തലപ്പത്ത്‌ രാജകുടുംബം സ്ഥിരസാന്നിദ്ധ്യമാണ്‌.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉത്തമമാതൃകയെന്ന്‌ വിശേഷിപ്പിക്കപ്പെടാറുള്ള ബ്രിട്ടനില്‍ രാഷ്ട്രപതിസ്ഥാനം തിരഞ്ഞെടുപ്പിന്‌ വിധേയമല്ല-കുടുംബവാഴ്‌ചയാണ്‌.

കത്തോലിക്കാസഭയില്‍പ്പോലും ഒരു തെരഞ്ഞെടുപ്പിലൂടെയാണ്‌ മാര്‍പ്പാപ്പ പരമാദ്ധ്യക്ഷനായിത്തീരുന്നത്‌-വത്തിക്കാനെന്ന രാഷ്ട്രത്തിന്റെ തലവനുമാണദ്ദേഹം. എന്നാല്‍ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്‌ളണ്ടിന്റെ സ്ഥിരാദ്ധ്യക്ഷപദവി ബ്രിട്ടീഷ്‌ രാജാവോ രാജ്‌ഞിയോ ആയിരിക്കും. രാഷ്ട്രപതിയുടെ കാര്യത്തിലെന്നപോലെ ഇവിടെയും തെരഞ്ഞെടുപ്പ്‌ ഒന്നുമില്ല.

കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ സംഘടനയായ ചോഗ*മിന്റെ കാര്യത്തിലും ഈ ബ്രിട്ടീഷ്‌ പാരമ്പര്യം തുടരുന്നു. കോമണ്‍വെല്‍ത്തിന്റെ അദ്ധ്യക്ഷസ്ഥാനം ബ്രിട്ടീഷ്‌ രാജകുടുംബത്തിനുമാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഇത്തവണത്തെ കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തിനുവേണ്ടി എലിസബത്ത്‌ രാജ്‌ഞി സ്വന്തം രാജകൊട്ടാരങ്ങളായ ബെക്കിംഹാം പാലസ്സും വിന്‍സര്‍ കാസിലും വിട്ടുകൊടുത്തു. രാജ്‌ഞിയെത്തുടര്‍ന്ന്‌ കോമണ്‍വെല്‍ത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്‌ ചാള്‍സ്‌ രാജകുമാരനാണെന്ന പ്രഖ്യാപനവുമുണ്ടായി.

അവിടെയും തെരഞ്ഞെടുപ്പ്‌ ഒന്നുമില്ല. ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ മകനാണെന്നതൊഴികെ ഈ ബഹുരാഷ്ട്രക്കൂട്ടായ്‌മയുടെ അദ്ധ്യക്ഷസ്ഥാനമലങ്കരിക്കാനുള്ള ഒരു യോഗ്യതയും അദ്ദേഹം പ്രകടിപ്പിച്ചതായി അറിവില്ല. രാഷ്ട്രതന്ത്രജ്‌ഞതയുടെ ബാലപാഠം പോലും വശമായിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ചില പ്രസ്‌താവനകള്‍ വ്യക്തമാക്കുന്നത്‌. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒരു പത്രപ്രവര്‍ത്തകയെക്കുറിച്ച്‌ ചാള്‍സ്‌ രാജകുമാരന്റെ അഭിപ്രായം:

'ഇവിടെ വരുമ്പോള്‍ നിങ്ങളൊരു വെള്ളക്കാരിയല്ലായിരുന്നു. എന്നാലിപ്പോള്‍ തിരിച്ചുപോവുമ്പോള്‍ നിങ്ങളൊരു വെള്ളക്കാരിയുടെ മാന്യത ആര്‍ജ്ജിച്ചിരിക്കുന്നു.'

വര്‍ണ്ണവിവേചനത്തിന്റെ വിഷം ഈ രാജരക്തത്തില്‍ എത്ര രൂക്ഷവും തീക്ഷ്‌ണവുമാണെന്ന്‌ ഓര്‍ത്തുനോക്കുക.

രാജകീയപ്രൌഢിയുടെ ആര്‍ഭാടങ്ങളിലും ബഹുമുഖ ജീവിതസൗകര്യങ്ങളുടെ സമ്പന്നതയിലും ഇതുപോലുള്ള രണ്ട്‌ രാജകൊട്ടാരസമുച്ചയങ്ങള്‍, കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെന്നല്ല, ലോകത്തില്‍ത്തന്നെ വേറെയുണ്ടാവുമെന്നു തോന്നുന്നില്ല.

അനിതരസാധാരണമായ ആ സൗകര്യവിശേഷങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട്‌ കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാര്‍ രണ്ടുദിവസം അവിടെ സമ്മേളിച്ചു. എന്താണവര്‍ ചര്‍ച്ചചെയ്‌തത്‌? എന്താണവര്‍ക്ക്‌ പൊതുവായുള്ളത്‌?

വ്യക്തതയില്ല. ബ്രെക്‌സിറ്റില്‍ നിന്ന്‌ പിരിഞ്ഞ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ മുന്‍ കോളണികളുടെ സഹായം ഇപ്പോള്‍ ആവശ്യമുണ്ട്‌-പ്രത്യേകിച്ചും വ്യാപാരബന്ധങ്ങളില്‍. ബ്രിട്ടനെന്നും പിടിച്ചുനിന്നിട്ടുള്ളത്‌ വ്യാപാരവിജയങ്ങളിലാണല്ലോ.

പിന്നെ പഴയ അധീശത്വം പുതിയരൂപത്തില്‍ ചെറിയതോതിലെങ്കിലും നിലനിര്‍ത്തിയാല്‍ അതൊരു ബോണസ്സായിത്തീരുകയും ചെയ്യും. ഈ കോമണ്‍വെല്‍ത്ത്‌ വ്യായാമത്തിലൂടെ ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചാണ്‌ അംഗരാജ്യങ്ങളെല്ലാം ചിന്തിക്കുന്നത്‌.

പഴയ സാഹോദര്യത്തിന്റെ പരിപാലനം, ഇരുപക്ഷത്തിനും പ്രയോജനകരമാവുന്ന ഉഭയകക്ഷിവ്യാപാരം, അര്‍ത്ഥപൂര്‍ണ്ണമായ സാംസ്‌കാരികവിനിമയങ്ങള്‍, മുതലായ അര്‍ത്ഥമില്ലാത്ത നയതന്ത്രജാടകളിലൊതുങ്ങി മിക്കവരുടേയും പ്രസംഗങ്ങള്‍. ഇന്ത്യയില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പങ്കെടുത്തിരുന്നു. വര്‍ത്തമാനകാലസാഹചര്യങ്ങളില്‍ കോമണ്‍വെല്‍ത്ത്‌ ശ്രദ്ധിക്കേണ്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചതായി അറിവില്ല.

നമ്മുടെ കോഹിനൂര്‍ രത്‌നവും മയൂരസിംഹാസനവും ആ കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ദേശീയതയെക്കുറിച്ച്‌ എപ്പോഴും വാചാലനാവുന്ന പ്രധാനമന്ത്രി അതുരണ്ടും തിരിച്ചുതരുന്ന കാര്യം സൂചിപ്പിച്ചുപോലുമില്ല.

ആദ്യമായി അദ്ദേഹം കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നതാണ്‌ ശ്രദ്ധേയവാര്‍ത്തയായിത്തീര്‍ന്നത്‌. രണ്ടുകൊല്ലം മുമ്പു നടന്ന കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തില്‍ മോദി പങ്കെടുത്തുപോലുമില്ല. കോമണ്‍വെല്‍ത്തിലെ ഒരു സുപ്രധാനരാജ്യമാണിന്ത്യ.

സാമ്രാജ്യത്വത്തില്‍നിന്ന്‌ മോചനം നേടുന്നതിനുമുമ്പുതന്നെ രാജവാഴ്‌ചയുടെ നുകം വലിച്ചെറിഞ്ഞ രാജ്യമാണിന്ത്യ. കോമണ്‍വെല്‍ത്തും രാജവാഴ്‌ചയുടെ പാരമ്പര്യം അവസാനിപ്പിക്കണമെന്നും അംഗരാജ്യങ്ങള്‍ക്കിടയില്‍ അദ്ധ്യക്ഷപദവി പങ്കുവയക്കണമെന്നും മോദിക്കു പറയായമായിരുന്നു-പറയേണ്ടതായിരുന്നു. ഇംഗ്‌ളണ്ടില്‍ത്തന്നെ രാജവാഴ്‌ചക്കെതിരായി ചെറുപ്പക്കാരുടെ വികാരം ഉയര്‍ന്നുവരുന്നുണ്ട്‌.

അതേസമയം ഇത്തരം വേദികളില്‍ പണ്ഡിറ്റ്‌ നെഹ്രുവും വി.കെ. കൃഷ്‌ണമേനോനുമൊക്കെ പങ്കെടുക്കാറുണ്ട്‌. അവരുടെ വാക്കുകള്‍ക്കുവേണ്ടി ലോകം കാതോര്‍ത്തു നിന്നിരുന്നു. അധികാര പരിവേഷങ്ങളൊന്നുമില്ലാതെ ഒരു സ്വാതന്ത്ര്യസമരസേനാനിയെന്ന നിലയിലാണ്‌ ഗാന്ധിജി വട്ടമേശസമ്മേളനത്തിന്‌ ലണ്ടനിലെത്തിയത്‌.

ചരിത്രഭാഗമായിത്തീര്‍ന്ന ഒരു മഹാസംഭവമായി അത്‌ അന്നുമിന്നും അറിയപ്പെടുന്നു. അര്‍ദ്ധനഗ്‌നനായ ഫക്കീറെന്ന്‌ അദ്ദേഹം ആക്ഷേപിക്കപ്പെടുകയുണ്ടായി. ഗാന്ധിജിയെ അങ്ങനെ വിശേഷിപ്പിച്ചത്‌ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പ്രതാപശാലിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലായിരുന്നു. ആ ഇന്ത്യന്‍പാരമ്പര്യത്തോടൊ പ്രശസ്‌തിയോടൊ മോദിക്ക്‌ നീതിപുലര്‍ത്താനായില്ല.

ബ്രിട്ടീഷ്‌ രാജകൊട്ടാരത്തിന്റെയും രാജകീയമായ ആതിഥ്യമര്യാദകളുടേയും ആര്‍ഭാടസുഖങ്ങളില്‍ മുഴുകി പരസ്‌പരം പ്രശംസിച്ചും ഉപചാരങ്ങള്‍ കൈമാറിയും രാഷ്ട്രത്തലവന്മാര്‍ പിരിഞ്ഞു. എന്നാലവിടെ നടന്നതെന്തെന്ന്‌ ലോകമറിയേണ്ടേ? അതുകൊണ്ട്‌ ഒരു പത്രസമ്മേളനമുണ്ടായി-ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയടക്കം ഏതാനും രാഷ്ട്രത്തലവന്മാര്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചു.

സാര്‍വ്വദേശീയരംഗത്ത്‌ ക്രിയാത്മകസംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഒരു രാജ്യാന്തരകൂട്ടായ്‌മയായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മറ്റുമുള്ള എങ്ങുംതൊടാതെയുള്ള നയതന്ത്ര വാചാടോപങ്ങള്‍ നിറഞ്ഞ ഒരു പ്രസ്‌താവന മാധ്യങ്ങള്‍ക്കു വിതരണം ചെയ്‌തു. നൈജീരിയയില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകന്‍ എഴുന്നേറ്റു നിന്നു ചോദിച്ചു:

' കോമണ്‍വെല്‍ത്തിന്‌ നവജീവനും നവോന്മേഷവും നല്‍കാന്‍ വേണ്ടി കൊണ്ടാടിയ ഈ കൂട്ടായ്‌മ സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലനുവദിച്ചിരുന്ന സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യം കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ക്കിടയില്‍ അനുവദിക്കുമോ?'

കോമണ്‍വെല്‍ത്ത്‌ സെക്രട്ടറി ജനറല്‍ പട്രീഷ്യ സ്‌കോട്ട്‌ലന്റിനോടാണീ ചോദ്യം ചോദിച്ചത്‌. ബ്രിട്ടീഷ്‌പ്രധാനമന്ത്രി തെരേസാമെയ്‌ ഉള്‍പ്പെടെ അവിടെ സന്നഹിതരായിരുന്ന നാലു രാഷ്ട്രത്തലവന്മാര്‍ക്ക്‌ ഈ ചോദ്യം കൈമാറുകമാത്രമാണ്‌ സെക്രട്ടറി ജനറല്‍ ചെയ്‌തത്‌. യൂറോപ്യന്‍ യൂണിയനില്‍ പെട്ട ഇരുപത്തിയെട്ടു രാജ്യങ്ങളില്‍ വിസയില്ലാതെ യാത്രചെയ്യാന്‍ പൗരന്മാര്‍ക്ക്‌ അവകാശമുണ്ടായിരുന്നു.

ഈ സ്വാതന്ത്ര്യം കോമണ്‍വെല്‍ത്ത്‌ നിവാസികള്‍ക്ക്‌ കിട്ടുമോ എന്നതാണ്‌ ചോദ്യം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുവന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസാ മെയ്‌ക്ക്‌ ഇതിനുത്തരമുണ്ടായില്ല. വിദ്യാഭ്യാസവും തൊഴിലും തേടി ലക്ഷക്കണക്കിനാളുകളാണ്‌ ഇന്ത്യയേപ്പോലുള്ള മുന്‍ കോളനികളില്‍നിന്ന്‌ ഇംഗ്‌ളണ്ടിലേക്ക്‌ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്‌.

അവരനുഭവിച്ചുകൊണ്ടിരിക്കുന്ന ക്ലേശങ്ങള്‍ വിവരണാതീതമാണ്‌. ആശ്വാസപ്രദമായ എന്തെങ്കിലുമൊരു നിര്‍ദ്ദേശം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല. യൂറോപ്യന്‍ യൂണിയന്‍ മാതൃക കോമണ്‍വെല്‍ത്ത്‌ അംഗീകരിച്ചാല്‍ ഈ അന്‍പത്തിമൂന്നു രാജ്യങ്ങള്‍ക്കെല്ലാം സ്വതന്ത്രസമ്പര്‍ക്കങ്ങളുടെ സ്വച്ഛവായു ശ്വസിക്കാനാവും. ഈ പത്രസമ്മേളനത്തില്‍ വിതരണം ചെയ്യപ്പെട്ട സുദീര്‍ഘപ്രസ്‌താവനകളിലും സമ്മേളനപ്രസംഗങ്ങളിലും വ്യാപാരം, വികസനം, യുവജനക്ഷേമം, വനിതാസംവരണം, സമാൂഹ്യപുരോഗതി എന്നിവയെക്കുറിച്ചെല്ലാം വാചാലമായ വിവരണങ്ങളുണ്ട്‌. എന്നാലവക്കെല്ലാം മുന്‍ ഉപാധിയാവേണ്ട സഞ്ചാരസ്വാതന്ത്ര്യത്തേക്കുറിച്ച്‌ ഈ സമ്മേളനം മൗനം പാലിച്ചു. ഈ പ്രശ്‌നമാണ്‌ ആ നൈജീരിയന്‍ പത്രപ്രവര്‍ത്തകനുന്നയിച്ചത്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിപോലും അതിനു മറുപടി പറഞ്ഞില്ല.

ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണമിങ്ങനെ:

'ഈ കോമണ്‍വെല്‍ത്തില്‍ കോമണായി ഒന്നുമില്ല. കോമണ്‍വെല്‍ത്തിന്‌ വെല്‍ത്തുമില്ല.'

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വന്തം അസ്‌തിത്വത്തിന്‌ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌ എന്ന്‌ തെളിയിക്കാന്‍ കഴിയാതെ പോയ ഒരു സംഘടനയുടെ വെറും ദൈ്വവാര്‍ഷികാചാരം മാത്രമായിത്തീര്‍ന്നു ഈ ലണ്ടന്‍ സമ്മേളനം. ചടങ്ങുകളെല്ലാം മുറപോലെ നടത്തിയെടുത്തു എന്നു പറയാം. പക്ഷെ, ഈ രാജ്യങ്ങളുടേയോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള പ്രശ്‌നങ്ങള്‍ക്കൊന്നിനും ഒരു പരിഹാരവും കണ്ടെത്താനായില്ല.

ഉദാഹരണം: ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള കുടിയേറ്റപ്രശ്‌നം അനധികൃതകുടിയേറ്റമെന്നാണ്‌ ബ്രിട്ടണ്‍ പറയുന്നത്‌. ഇംഗ്‌ളണ്ടിന്റെ ക്ഷണമനുസരിച്ച്‌ പോയ തൊഴിലാളികളുടെ അനന്തരതലമുറ ഇപ്പോള്‍ അനധികൃതകുടിയേറ്റക്കാരാണത്രേ. ഇക്കാര്യത്തില്‍ മോദിക്കും തെരേസാമെയ്‌ക്കും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല.

വി.കെ. കൃഷ്‌ണമേനോനേപ്പോലെയുള്ള ഒരാളായിരുന്നു ഇന്ത്യയുടെ പ്രതിനിധിയെങ്കില്‍ അവിടെ ഇന്ത്യയുടെ ശബ്‌ദം ഇങ്ങനെ ഇടിമുഴങ്ങിക്കേള്‍ക്കുമായിരുന്നു:

'കോമണ്‍വെല്‍ത്തിന്റെ അദ്ധ്യക്ഷസ്ഥാനം കാലഹരണപ്പെട്ട രാജാധികാരസ്ഥാനത്തിനു തന്നെയാവണമെന്ന്‌ എന്താണിത്ര നിര്‍ബന്ധം? ജനാധിപത്യമര്യാദയനുസരിച്ച്‌ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തുകൂടെ? ഇംഗ്‌ളണ്ടില്‍ത്തന്നെ രാജാധികാരം ഇന്നൊരു അലങ്കാരവസ്‌തുവാണ്‌.

രാഷ്ട്രനായകനെ തെരഞ്ഞെടുക്കുകയാണുവേണ്ടതെന്ന ചിന്താഗതി ഇവിടെ ശക്തിപ്പെട്ടുവരുന്നു. കോമണ്‍വെല്‍ത്തില്‍ എല്ലാ അംഗങ്ങളും തുല്യരാണ്‌. അതാണ്‌ പ്രമാണം. എന്നാലനുഭവത്തില്‍ ചിലര്‍ കൂടുതല്‍ തുല്യരാണ്‌. കിരീടാവകാശിയായ ചാള്‍സ്‌ രാജകുമാരനെ കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത്‌ പ്രതിഷ്‌ഠിക്കുന്നതിലൂടെ വെളിവാകുന്നതെന്താണ്‌? സാമ്രാജ്യത്വമേല്‍ക്കോയ്‌മ കോമണ്‍വെല്‍ത്തിലും കരിനിഴല്‍ വീശിയിരിക്കുന്നു.'

ഷെക്‌സ്‌പിയറുടെ നാട്ടില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ സമ്മേളനം ഷെക്‌സ്‌പിയര്‍ വചസ്സുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കോമണ്‍വെല്‍ത്ത്‌ സമ്മേളനവേദിയായ ഈ കൊട്ടാരസമുച്ചയം ഇരുപതുപൗണ്ട്‌ (2000 ഇന്ത്യന്‍ രൂപ) മുടക്കി ടിക്കറ്റെടുത്ത്‌ കയറിക്കണ്ടപ്പോള്‍ ഞാനെന്റെ ആതിഥേയ ഡോ. സി. ആര്‍. ആന്‍ജെലികിനോട്‌ ചോദിച്ചു:

'ഒരു ചക്രവര്‍ത്തികുടുംബത്തിന്‌ താമസിക്കാന്‍ ഇത്രയൊക്കെ ആഡംബരസന്നാഹങ്ങള്‍ വേണോ?ഇതേ ചക്രവര്‍ത്തിയുടെ കീഴില്‍ ജനകോടികള്‍ അന്തിയുറങ്ങാനൊരു മേല്‍ക്കൂരയില്ലാതെ അശരണരായി കഴിയുന്നു-ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ക്ലേശിക്കുന്നു-പട്ടിണിയും പരിവട്ടവുമായി പാടുപെടുന്നു.'

ഡോ. സി. ആര്‍. ആന്‍ജെലിക്‌:

'തീര്‍ന്നില്ല. ഇതുപോലെ നിരവധി കൊട്ടാരക്കെട്ടുകള്‍ ഈ രാജകുടുംബത്തിനുണ്ട്‌ പലതുമിന്ന്‌ കാഴ്‌ചബംഗ്‌ളാവുകളായി ടിക്കറ്റു വച്ച്‌ ആളെ കയറ്റിക്കൊണ്ടിരിക്കുകയാണ്‌. കോളനികളിലെ ദരിദ്രജനകോടികളുടെ ഇല്ലായ്‌മകളും വല്ലായ്‌മകളുമാണ്‌ ഇക്കാണുന്ന എല്ലാമെല്ലാമുള്ള സ്വര്‍ലോകം സൃഷ്ടിച്ചത്‌.'

ഈ ലേഖകന്‍:

'ഈ അനീതിക്കെതിരെയാണ്‌ ഷെക്‌സ്‌പിയര്‍ ക്ഷോഭിച്ചത്‌ (ലേഖനാരംഭത്തിലെ ഉദ്ധരണി).'

പോയകാലത്തെയാദര്‍ശം

രാജാ പ്രത്യക്ഷ ദൈവതം

പ്രജാധിപത്യം വന്നിട്ടും

രാജത്വം പുതിയ രീതിയില്‍

രാഷ്ട്രതന്ത്രത്തില്‍ വൈദഗ്‌ധ്യം

ജന്മംകൊണ്ടു ലഭിക്കുമോ?

സിദ്ധാന്തത്തില്‍ പ്രയോഗത്തില്‍

വൈദഗ്‌ധ്യം വേണ്ട മേഖല

രാഷ്ട്രതന്ത്രജ്‌ഞസങ്കല്‌പം

മനുഷ്യത്വമതൊന്നുതാന്‍

ഉരകല്ലായി മാറുന്നു

മാനവീകത മാത്രവും

മനുഷ്യരാശിയേയൊന്നായ്‌

കാണുന്ന സമഭാവന

രാജത്വരീതിയേയല്ലാ-

യതുതാന്‍ ജനകീയത

.............

Advertisment