follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

ജയലളിതയ്ക്ക് ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ ഭിന്നത രൂക്ഷമാകുമ്പോള്‍ ..

എസ് വി പ്രദീപ് » Posted : 12/12/2016

ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ കടുത്ത ഭിന്നത. ഇക്കാര്യത്തിൽ പെട്ടന്നൊരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു തുടങ്ങി.

തമിഴ്നാട് മന്ത്രിസഭ മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കരുതെന്ന് ബി ജെ പി തമിഴ്നാട് ഘടകം കേന്ദ്ര സർക്കാരിനോടും പാർട്ടി കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടു. വിഷയം പാർട്ടി കോർകമ്മറ്റി അനൗപചാരികമായി ചർച്ച ചെയ്തു.



ജയലളിതയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകരുതെന്ന ബി ജെ പി സംസ്ഥാന ഘടകത്തിൻറെ നിലപാടിനോട് യോജിക്കുകയാണ് എൽ കെ അദ്വാനി മുരളീമനോഹർ ജോഷി ക്യാമ്പ്. ഇവർ കടുത്ത ഭാഷയിൽ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ എ ഐ എ ഡി എം കെ യുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കേണ്ടതുണ്ടെന്നാണ് മോദി അമിത് ഷാ ക്യാമ്പിൻറെ നിലപാട്. വെങ്കയ്യ നായിഡുവും നിർമ്മല സീതാരാമനുമാണ് ഈ ക്യാമ്പിനായി പ്രവർത്തിക്കുന്നത്.

കറകളഞ്ഞ വ്യക്തിത്വങ്ങൾക്കാണ് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകുന്നത്. ജയലളിത അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച വ്യക്തിത്വമാണെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ബി ജെ പി തമിഴ്നാട് ഘടകം കേന്ദ്രത്തിന് നൽകിയ കത്തിൽ പറയുന്നത്.

1991 ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജയലളിതയുടെ സ്വത്തിൽ അഭൂതപൂർവമായ വർദ്ധന ഉണ്ടായെന്ന ബംഗ്ലൂരു കോടതി പരാമർശം കത്തിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വർഷം കോണ്ട് (1991-1996) രണ്ട് കോടിയുടെ സ്വത്ത് 66 കോടിയായി വർദ്ധിച്ചു.

66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനകേസിൽ 1996 ൽ ഡോ സുബ്രഹ്മണ്യം സ്വാമി ജയലളിതയ്ക്കെതിരെ നൽകിയ പരാതി അദ്വാനി - ജോഷി ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നു. 28 kg സ്വർണം, 750 ജോഡി ചെരുപ്പ്, 10050 സാരി, 91 വാച്ച് തുടങ്ങിയവ തെളിവുകളാക്കി 23 വർഷത്തെ വാദംപറച്ചിലിന് ശേഷം ബംഗ്ലൂരു കോടതി ജയലളിതയെ അഴിമതികേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തി നാല് വർഷം തടവിന് ശിക്ഷിച്ചിരുന്നു.

26 ദിവസം ജയലളിത ജയിലിൽ കഴിഞ്ഞിരുന്നു. 2015 മേയ് മാസത്തിൽ കർണാടക ഹൈകോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇത്തരം വസ്തുതകൾ വിശദമായി അദ്വാനി - ജോഷി ക്യാമ്പും പാർട്ടി സംസ്ഥാന ഘടകവും ഉയർത്തുന്നു.

എന്നാൽ ഭാരതരത്നം ലഭിക്കണം എന്നത് ജയലളിതയുടെ ആഗ്രഹമായിരുന്നു.1988 ൽ എം ജി ആറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയിരുന്നു. ശേഷം1989 ൽ നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എ ഐ എ ഡി എം കെ സഖ്യം 39 ൽ 38 സീറ്റുകളിലും സ്വന്തമാക്കിയിരുന്നു. ഇത് മാതൃകയാക്കി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2019 ലോകസ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്നാണ് മോദി - ഷാ ക്യാമ്പിൻറെ കണക്കുകൂട്ടൽ.

പക്ഷേ എം ജി ആറിന് ഭാരതരത്നം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന ഒട്ടേറെ വിവാദങ്ങൾ അദ്വാനി - ജോഷി ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി കൊൺഗ്രസും രാജീവ് ഗാന്ധിയും അവിഹിത ഇടപെടൽ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. അത്തരം സാഹചര്യം ആവർത്തിക്കുന്നത് പുതിയകാല രാഷ്ട്രീയത്തിൽ മാതൃകാപരമല്ലാത്ത കീഴ് വഴക്കങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക അദ്വാനി - ജോഷി ക്യാമ്പ് മൂന്നോട്ട് വയ്ക്കുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+