Advertisment

മതനിരപേക്ഷതയുടെ മാറ്റൊലികൾ

New Update

ഏതാണ്ട് മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ബീഹാറിലെത്തുന്നത്. തലസ്ഥാനനഗരത്തിനടുത്തുള്ള ഒരു ഗ്രാമം സന്ദർശിക്കുകയാണു ലക്ഷ്യം. പാറ്റ്ന നഗരവും ബീഹാറുമൊക്കെ വളരെ മാറിയിരിക്കുന്നു. വീതിയേറിയ വഴികളും, വലിയ കെട്ടിടങ്ങളും, വൃത്തിയായി വസ്ത്രം ധരിച്ച മനുഷ്യരുംമനുഷ്യരും. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ ബീഹാറും പുരോഗമനത്തിന്റെ പാതയിലാണ്.

Advertisment

ഗ്രാമത്തിലെ താമസസ്ഥലത്ത് എന്റെ ആദ്യ ദിവസം; യാത്ര ക്ഷീണം കാരണം നേരത്തെ കിടന്നുറങ്ങി. രാവിലെ അഞ്ചു മണി ആയിക്കാണും. കാതടയ്ക്കുന്ന ശബ്ദത്തോടെ അടുത്തുള്ള മോസ്കിൽ നിന്നും ബാങ്കു വിളിയുടെ ശബ്ദമുയർന്നു. മിനിറ്റുകൾ നീണ്ട ബാങ്കു വിളി കുറഞ്ഞത് മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാവരെയും ഉണർത്തിയിരിക്കണം.

publive-image

തുടർന്ന് അടുത്തുണ്ടായിരുന്ന അമ്പലങ്ങളിൽ നിന്നും കീർത്തനങ്ങളുയർന്നു. അതു പക്ഷെ ഉടനെയൊന്നും അവസാനിച്ചില്ല. അതിരാവിലെ ഈ ശബ്ദകോലാഹലങ്ങൾ കേട്ടുണർന്നവർ തങ്ങളുടെ സുഖ നിദ്രയ്ക്കു ഭംഗം വരുത്തുവാൻ കരണഭൂതരായവരെ ശപിച്ചിട്ടുണ്ടാവും.

ദിവസത്തിൽ പല പ്രാവശ്യം ആവർത്തിക്കപ്പെടുന്ന വ്യത്യസ്ത മതസ്ഥരുടെ ഈ സ്തോത്ര വിളംബരം നമ്മുടെ മത നിരപേക്ഷതയുടെ -മതസ്വാതന്ത്ര്യത്തിന്റെ മുഖ മുദ്രയായി മാറിയിരിക്കുന്നു.

കേരളത്തിൽ കോട്ടയം ഡിസ്ട്രിക്ടിലുള്ള എന്റെ കൊച്ചു ഗ്രാമത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.അറുപതു വർഷങ്ങൾക്കു മുൻപ് എന്റെ ബാല്യകാലത്ത് ഒരു പള്ളിമണിയിലൊതുങ്ങിയിരുന്ന ശബ്ദമലിനീകരണം ഇന്ന് വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിൽ നിന്നുമുയരുന്ന മണിമുഴക്കവും ഭക്തിഗീതങ്ങളും കീർത്തനങ്ങളും ബാങ്ക് വിളികളുമെല്ലാമായി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു.

ആഴ്ചയിലെ പ്രത്യേക ദിവസങ്ങളിൽ രാവിലെ തുടങ്ങുന്ന വചന ശുശ്രുഷകൾ ഏതാണ്ട് രാത്രി പത്തു മണി വരെ ഉച്ചഭാഷിണിയിലൂടെ മുഴു ശബ്ദത്തിൽ പ്രസരിക്കുമ്പോൾ ഏകാഗ്രതയോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളെയോ മറ്റു മതസ്ഥരെയോ ആരും പരിഗണിയ്ക്കാറില്ല. ഇതെല്ലം ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മതസ്വാതന്ത്ര്യത്തിൽ പെടുന്നതാകയാൽ ആരും ചോദ്യം ചെയ്യാനും ധൈര്യപ്പെടുന്നില്ല.

ഇന്ത്യയുടെ തെക്കേ അറ്റം മുതൽ അങ്ങ് കാശ്മീർ വരെ നില നിൽക്കുന്ന സ്ഥിതി വിശേഷമാണിത്.

വിശ്വാസം വ്യക്തിഗതവും മറ്റു മതസ്ഥരെ അംഗീകരിച്ചിരുന്നതുമായ ഒരു കാലം നമുക്കുണ്ടായിരുന്നു.

പകരം യുദ്ധ സമാനമായ അന്തരീക്ഷത്തിൽ കൈക്കരുത്തും ആയുധ ബലവും പ്രയോഗികമല്ലാത്തിടത്തു വാഗ്ധോരണിയും ശബ്ദ കോലാഹലങ്ങളും കൊണ്ട് സ്വന്തം വിശ്വാസത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കുവാൻ വെമ്പൽ കൊള്ളുകയാണ് വ്യത്യസ്ത മത വിഭാഗങ്ങൾ.

ഏതെങ്കിലുമൊരു മതത്തിൽ വിശ്വസിയ്ക്കാത്തവന്, വിശ്വസിച്ചില്ലെങ്കിലും അതിന്റെ ഭാഗമാണെന്ന് അഭിനയിക്കാത്തവന് ഇന്ന് സമൂഹത്തിൽ നിലനില്പില്ലാതായിരിയ്ക്കുന്നു.

ക്രിസ്ത്യാനിയും, ഹിന്ദുവും, മുസൽമാനുമൊക്കെ തങ്ങളുടെ അംഗസംഖ്യ വർദ്ധിപ്പിയ്ക്കുവാനും ഉള്ളവരെ പിടിച്ചു നിറുത്തുവാനുമായി പുതിയ പുതിയ മാർഗ്ഗങ്ങൾ തേടുന്നു. ബാല്യത്തെയും കൗമാരത്തെയും നൂതനമാര്ഗങ്ങളിലൂടെ മതങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ തളച്ചിടുവാൻ മേലാളന്മാർക്കു സാധിയ്ക്കുന്നു.

മരണശേഷം ലഭിയ്ക്കാനിരിക്കുന്ന സ്വർഗ്ഗസുഖം പറഞ്ഞു മോഹിപ്പിച്ചും, കല്പനകൾ ലംഘിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ പറഞ്ഞു ഭയപ്പെടുത്തിയും, ഭൂരിപക്ഷ മതത്തിന്റെ നിലനില്പിനു ഭീഷണിയാവുന്ന രീതിയിലുള്ള ന്യൂന പക്ഷ മതങ്ങളുടെ വളർച്ചയെ എടുത്തു കട്ടിയുമൊക്കെ വിശ്വാസികളെ മേലാളന്മാർ കളിപ്പാവകളാക്കി മാറ്റിയിരിയ്ക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരൽ തുമ്പുകളിൽ മിനിറ്റുകൾകൊണ്ട് കൊണ്ട് ഒരു ലഹള പുറപ്പെടുവിയ്ക്കുവാൻ മാത്രം നമ്മുടെ വിശ്വാസത്തിന്റെ ദിശ വളർന്നിരിയ്ക്കുന്നു.

പള്ളിമേടകളിലും,മദ്രസകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമെല്ലാം പീഠനങ്ങൾ ആവർത്തിയ്ക്കപ്പെടുമ്പോളും മതമേലാളന്മാർ ആഡംബര ജീവിതവും കോടികളുടെ വെട്ടിപ്പും നടത്തുമ്പോളും പാവം വിശ്വാസിയ്ക്ക് തന്റെ വ്യക്തിപരമായ ബലഹീനതകൾക്കു പരിഹാരമായി വിശ്വാസമെന്ന പിടിവള്ളി മാത്രം അവശേഷിയ്ക്കുന്നു.

അവിടെ അവർ ചൂഷണം ചെയ്യപ്പെടുന്നു.

പീഠനങ്ങളെ രാഷ്ട്രീയവത്കരിക്കാനും മതവത്കരിക്കാനുമുള്ള ഒരു പ്രവണത ഈ അടുത്ത കാലത്തു നമുക്ക് കാണുവാൻ സാധിയ്ക്കുന്നുണ്ട്.

അതു പക്ഷെ തീക്കളിയാണെന്നു മനസ്സിലാക്കുക.

സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം എഴുപതു വർഷം പിന്നിടുന്ന ഇന്ത്യയിൽ കുടുംബവാഴ്ചയിലൂടെയും, പ്രതിയോഗികളെ ഉൽമൂലനം ചെയ്തും കൈക്കൂലിയും സ്വജനപക്ഷപാതവും കൊണ്ട് കോടീശ്വരന്മാരായ നേതാക്കന്മാർ രാഷ്ട്ര പുരോഗതിയ്ക്കുതകുന്ന കാഴ്ചപ്പാടുകളെയോ തത്വസംഹിതകളെയോ പ്രതിനിധാനം ചെയ്യാതെ അധികാരസ്ഥാനങ്ങളിലെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന, ഒരുപക്ഷെ കെട്ടിപ്പടുത്ത പാർട്ടിയിൽ തങ്ങളെക്കാൾ കഴിവുള്ളവർ വന്നാൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ അവസരം കിട്ടുന്ന എവിടെയും പോയി മത്സരിയ്ക്കുന്നതാണ് നമ്മുടെ ജനാധിപത്യം.

സ്വത്വമില്ലാത്ത രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും പിറകെ അപ്പക്കഷണങ്ങൾക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന അണികളും വിശ്വാസം രക്ഷിയ്ക്കും എന്നു വിശ്വസിച്ച് അടിമപ്പെടുന്നവനും തമ്മിൽ എന്താണൊരന്തരം!

Advertisment