Advertisment

വിഖ്യാതമായ കേരളമാതൃക - പ്രതിബന്ധങ്ങളും സാദ്ധ്യതകളും

author-image
എസ് പി നമ്പൂതിരി
Updated On
New Update

'പുരോഗമനോന്മുഖമായ വികസനപാതയിലെ പ്രകൃതിയുടെ യാത്രയില്‍ ഇടവേളകളില്ല- നിഷ്‌ക്രിയത്വത്തിന്‌ അവള്‍ മാപ്പുകൊടുക്കുകയുമില്ല.'

- ഗീഥേ

Advertisment

ഷഷ്‌ട്യബ്‌ദപൂര്‍ത്തി പിന്നിട്ടു കഴിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനമാണ്‌ കേരളം. ജനസാന്ദ്രതയില്‍ മുന്നിലാണ്‌ ഈ കൊച്ചു സംസ്ഥാനം-ഭൂവിസ്‌തൃതിയില്‍ പിന്നിലും. നീണ്ട കടല്‍ത്തീരമുണ്ട്‌. ഫലഭൂയിഷ്‌ഠമായ ഇടനാടും സമ്പന്നമായ മലനാടും കൊണ്ടനുഗ്രഹീതമാണീ ഭൂപ്രദേശം.

മൂന്നായി മുറിഞ്ഞുകിടന്ന ഈ മലയാളനാടിനെ കൂട്ടിയിണക്കി ഒരു ഐക്യകേരളമാക്കാനുള്ള പരിശ്രമങ്ങള്‍ സ്വാതന്ത്ര്യസമരകാലത്തുതന്നെ ആരംഭിച്ചതാണ്‌. ഇതിനുനേതൃത്വം കൊടുത്ത പ്രമുഖരിലൊരാള്‍ ഇ.എം.എസ്സാണ്‌. പ്രസംഗങ്ങളിലൂടെ പ്രചാരണങ്ങളിലൂടെ ഗ്രന്ഥരചനയിലൂടെ ഈ ആശയങ്ങള്‍ ുനഹൃദയങ്ങളിലെത്തിക്കാന്‍ അദ്ദേഹം ഭഗീരഥശ്രമങ്ങള്‍തന്നെ നടത്തിയിട്ടുണ്ട്‌.

publive-image

1944ല്‍ പ്രസിദ്ധീകൃതമായ ഒന്നേകാല്‍ക്കോടി മലയാളികള്‍ എന്ന ലഘുഗ്രന്ഥം ഈ ദിശയിലുള്ള അദ്ദേഹത്തിന്റെ ആദ്യസംരംഭമാണ്‌. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജാക്കന്മാരുടെ കീഴിലും മലബാര്‍ മദിരാശിയുടെ ഭാഗമെന്ന നിലയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴിലുമായിരുന്നു. മലയാളികളെ ആകെ ഒരു ഭരണസംവിധാനത്തിന്‍കീഴില്‍ അണിചേര്‍ക്കുന്നതിനോട്‌ ബ്രിട്ടീഷ്‌ അധികാരിവര്‍ഗ്ഗത്തിന്‌ താല്‌പര്യമുണ്ടായിരുന്നില്ല.

എന്നാല്‍ മലയാളിയുടെ സ്വത്വബോധത്തെ ഉയര്‍ത്താനും ഉണര്‍ത്താനുമാണ്‌ അദ്ദേഹം ശ്രമിച്ചത്‌. മലയാളരാജ്യമെന്ന ഇ.എം.സ്സിന്റെ വാദത്തെ നേരിടാന്‍ വൈസ്രോയിയുടെ പിന്തുണയോടെ കൊച്ചി മഹാരാജാവ്‌ ഒരു ഐക്യകേരളപദ്ധതി ആവിഷ്‌കരിച്ചു. രാജാക്കന്മാരേയും ബ്രിട്ടീഷ്‌ ഭരണത്തേയും നിലനിര്‍ത്തുന്ന ഉപരിതലത്തില്‍ മാത്രമുള്ള ഒരു ഐക്യകേരളസംവിധാനം.

ഇ.എം.എസ്സ്‌ അതിന്‌ മര്‍മ്മവേധിയായ ഒരു മറുപടിയെഴുതി-  കൊച്ചിരാജാവിന്റെ ഐക്യകേരളം- ബ്രിട്ടീഷ്‌ കമ്മട്ടത്തിലടിച്ച ഒരു കള്ളനാണയം  -എന്നായിരുന്നു ആ ലഘു ഗ്രന്ഥത്തിന്റെ പേര്‍. ഈ പുസ്‌തകം രാജകോപത്തിനും സാമ്രാജ്യത്വശക്തികളുടെ ക്രോധത്തിനും ഇരയായതിലത്‌ഭുതമില്ല. ഈ വിഷയത്തില്‍ ഇ.എം.എസ്സിന്റെ പ്രതിഭാവിലാസങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത്തരം സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ ഉച്ചസ്ഥായിയിലാണ്‌ അവയെല്ലാമുള്‍ക്കൊള്ളുന്ന കേരളം-മലയാളികളുടെ മാതൃഭൂമി എന്ന സുപ്രസിദ്ധമായ ചരിത്രപഠനം പുറത്തുവരുന്നത്‌.

ആധുനികകേരളത്തിന്റെ സൃഷ്ടിക്കാധാരമായ സ്‌കെച്ചും പ്‌ളാനും ആയിരുന്നു ആ മഹല്‍ഗ്രന്ഥം. വിധിവിഹിതമെന്നു പറയട്ടെ, (അല്ലെങ്കില്‍ യുക്തിവാദികള്‍ക്ക്‌ യാദൃച്ഛികതയെന്നുവേണമെങ്കിലും പറയാം) ഈ പ്‌ളാനനുസരിച്ചുള്ള കേരളനിര്‍മ്മാണത്തിന്റെ ചുമതല ആദ്യകേരളമന്ത്രിസഭയുടെ തലവനെന്നനിലക്ക്‌ ഇ.എം.എസ്സില്‍ നിക്ഷിപ്‌തമായി.

പില്‍ക്കാലത്ത്‌ നവകേരളശില്‌പികളിലൊരാളായി ഇ.എം.എസ്‌ അറിയപ്പെടാനുമിടയായി. പൗരോഹിത്യത്തിന്റെയും ജാതിമതസംഘടനകളുടേയും ഭൂപ്രഭുക്കളുടേയും കേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്‌ ആ ഗവര്‍മെണ്ട്‌ ഓരോ ചുവടും മുന്നോട്ടുവച്ചത്‌.

എന്തായാലും എവിടെയായാലും മാനവരാശി പുരോഗതി നേടിയിട്ടുണ്ടെങ്കില്‍ അവിടെയെല്ലാം പ്രതിലോമശക്തികള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്‌. ഇത്‌ ലോകചരിത്രമാണ്‌. സമ്മതിദാനാവകാശം നേടി അധികാരത്തിലേറിയ ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ കാലാവധി പൂര്‍ത്തിയാക്കാനനുവദിച്ചില്ല-കേന്ദ്രസര്‍ക്കാര്‍ പാതിവഴിക്ക്‌ പിരിച്ചുവിട്ടു. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്‌.

പക്ഷെ, പില്‍ക്കാലത്ത്‌ പ്രഖ്യാതമായിത്തീര്‍ന്ന കേരളമാതൃകക്ക്‌ അടിത്തറപാകിയത്‌ അല്‌പായുസ്സായിത്തീര്‍ന്ന ആ മന്ത്രിസഭ ആയിരുന്നുവെന്നതും ചരിത്രം. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു ഭയാനകരോഗകാരണമായ നിപ്പാ ദുരന്തം കേരളത്തില്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞു. വൈദ്യശാസ്‌ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യപ്രസ്ഥാനങ്ങളുടെയെല്ലാം സാര്‍വ്വത്രികമായ അംഗീകാരം ഈ പ്രതിരോധചികിത്സാസംവിധാനം നേടിയെടുത്തു.

വികസനോന്മുഖസാമ്പത്തികശാസ്‌ത്രത്തിന്റെ വക്താവായ വിഖ്യാതഗ്രന്ഥകാരന്‍ പ്രൊ. വിനോദ്‌ തോമസ്‌ കേരളത്തെ പ്രശംസിച്ചതിങ്ങനെ:

വിദ്യാഭ്യാസമേഖലയിലും പൊതുജനാരോഗ്യരംഗത്തും ദീര്‍ഘകാലമായി കേരളം നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ സല്‍ഫലങ്ങളാണ്‌ നിപ്പാ ദുരന്തത്തെ ഫലപ്രദമായും കൃത്യസമയത്തും നേരിടാന്‍ ഈ സംസ്ഥാനത്തെ പ്രാപ്‌തമാക്കിയത്‌.

സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലും മാനിലയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജുമെന്റിലും പ്രൊഫസറാണ്‌ വിനോദ്‌ തോമസ്‌. കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും-ഒരു സുസ്ഥിരവികസത്തിനും നവസാമ്പത്തികനയത്തിനുവേണ്ടിയുള്ള തന്ത്രങ്ങളും. എന്ന പ്രസിദ്ധ പഠനഗ്രന്ഥത്തിന്റെ രചയിതാവുമാണദ്ദേഹം. ലോകബാങ്കിന്റെയും ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ബാങ്കിന്റെയും സാമ്പത്തികോപദേഷ്‌ടാവുമാണീ ധനതത്വവിശാരദന്‍. വീണ്ടും അദ്ദേഹത്തിന്റെ വാക്കുകള്‍:

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവര്‍മെണ്ടുകളുടെ നിക്ഷേപങ്ങളിലധികവും പ്രത്യുല്‌പാദനപരമല്ലെന്ന ഒരാക്ഷേപവും വലതുപക്ഷ കേന്ദ്രങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. പക്ഷെ, ഈ ദുരന്തം സംഭവിച്ചപ്പോള്‍ കേരളം പ്രകടിപ്പിച്ച ജാഗ്രത പ്രശംസിക്കപ്പെടേണ്ടതാണ്‌.

ആരോഗ്യവിജ്‌ഞാനത്തിന്റെ ബാലപാഠങ്ങള്‍, ആശയവിനിമയവൈദഗ്‌ധ്യം, പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രകടിപ്പിച്ച ബോധവല്‍ക്കരണവൈശിഷ്ട്യം, മറ്റെവിടെയുമുള്ള വിദഗ്‌ധന്മാരുമായുള്ള ആശയവിനിമയത്തിലൂടെ വിജ്‌ഞാനാര്‍ജ്ജനം നടത്തി കര്‍മ്മനിരതരാവാനുമുള്ള കേരളത്തിന്റെ കഴിവും കരളുറപ്പും പ്രകീര്‍ത്തിക്കപ്പെടേണ്ടതുതന്നെ.

ഒരു വികസിതസമൂഹമെന്ന നിലക്ക്‌ കേരളം നേടിയെടുത്ത പക്വതയുടേയും വിവേകത്തിന്റെയും തെളിവാണിതെല്ലാം എന്നതില്‍ സംശയമില്ല. സാമൂഹ്യ-സേവനമേഖലകളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവര്‍മെണ്ടുകള്‍ നടത്തിയ നിക്ഷേപങ്ങളാണ്‌ ഇതിനുകാരണമായിത്തീര്‍ന്നതെന്ന്‌ വ്യക്തം. കേരളം നേടിയ സാമ്പത്തികവളര്‍ച്ചക്കും പുറമേയാണിത്‌ സംഭവിച്ചത്‌-പ്രതിലോമശക്തികളുടെ പ്രഹരശേഷിയില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‌ നൈരന്തര്യമുണ്ടായില്ല.

ഇടവേളകളില്‍ മാത്രമേ അവര്‍ക്ക്‌ ഭരണം ലഭിച്ചുള്ളു. എന്നാലും കേള്‍വികേട്ട ഒരു കേരളമാതൃക സൃഷ്ടിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. വികസനത്തിന്റെ ധനതത്വവിചാരത്തില്‍ വിലപ്പെട്ട ഗ്രന്ഥങ്ങളെഴുതിയ ഒരു വിഖ്യാതപ്രതിഭാശാലിയുടെ നിരീക്ഷണമാണിത്‌.

ഇടവേളകളിലെ ഇടതുപക്ഷഭരണനഷ്ടം കൊണ്ട്‌ ഉദ്ദേശിച്ച സാമ്പത്തികവളര്‍ച്ച കൈവരിക്കാനായില്ലെന്നും അദ്ദേഹം കണ്ടെത്തുന്നു. സാമൂഹ്യവികസനത്തിലെ നേട്ടങ്ങള്‍ സാമ്പത്തികരംഗത്തെ കോട്ടങ്ങള്‍ക്ക്‌ സാധൂകരണമാവുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

നിപ്പാ ദുരന്തമാവട്ടെ, പ്രളയക്കെടുതിപോലുള്ള പ്രകൃതിക്ഷോഭങ്ങളാവട്ടെ അവയെ ഒക്കെ കേരളം നേരിട്ട രീതി ശ്‌ളാഘനീയമാണ്‌. ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്താണ്‌ ഇത്തരമൊരു ദുരന്തം ഉണ്ടായതെന്ന്‌ സങ്കല്‌പിക്കുക. കേരളം നേരിട്ടതിനേക്കാള്‍ പതിന്മടങ്ങ്‌ ഭയാനകമായ ഒരു സ്ഥിതിവിശേഷമാവും സംഭവിക്കുകയെന്ന്‌ പല നിരീക്ഷകരും അഭിപ്രായപ്പെടുകയുണ്ടായി.

വിദ്യാഭ്യാസം, പൊതുജനാരോഗ്യം മുതലായ മേഖലകളില്‍ കേരളത്തിലെ കഴിഞ്ഞകാല ഇടതുപക്ഷഗവര്‍മെണ്ടുകള്‍ നടത്തിയ നിക്ഷേപങ്ങളാണീ ദുരന്തങ്ങളെ നേരിടാനുള്ള കരളുറപ്പും കൈക്കരുത്തും കേരളത്തിന്‌ നല്‍കിയത്‌. ഈ സിദ്ധിവിശേഷമാണിപ്പോള്‍ സാര്‍വ്വദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌. ന

മ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി  കെ.കെ.ശൈലജടീച്ചറും അമേരിക്കയിലെത്തി ദേശാന്തരപ്രസിദ്ധിയാര്‍ജ്ജിച്ച വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്‌ മുഴുവന്‍ മലയാളികളേയും ആദരിച്ചതുപോലെയാണ്‌ അനുഭവപ്പെട്ടത്‌. ഇടതുപക്ഷഭരണം ഇടവേളകളില്ലാതെ കേരളത്തിന്‌ ലഭിച്ചിരുന്നു എങ്കില്‍ മലയാളനാട്‌ കൂടുതല്‍ മംഗളശോഭ ആര്‍ജ്ജിക്കുമായിരുന്നുവെന്ന്‌ വിലയിരുത്തേണ്ടിവരും.

ലേഖനാരംഭത്തിലെ ഉദ്ധരണിയില്‍ ഗീഥേ ചൂണ്ടിക്കാണിച്ചതുപോലെ മാനവരാശിയുടെ പുരോഗമനോന്മുഖയാത്രയില്‍ പ്രകൃതി ഇടവേളകള്‍ അനുവദിച്ചിട്ടില്ല. ഇടവേളകളുണ്ടായാല്‍ അതിന്റെ ശിക്ഷ അനുഭവിക്കുകയും വേണം. കേരളം ഇതനുഭവിച്ചിട്ടുണ്ട്‌-നാളെ ഇതാവര്‍ത്തിക്കാതെ നോക്കേണ്ടത്‌ കേരളജനതയുടെ കര്‍ത്തവ്യമാണ്‌- വലിയൊരു വെല്ലുവിളിയാണിത്‌.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നീ കരണത്രയത്തെ വേദവാക്യമായി സ്വീകരിച്ചിരിക്കുന്ന സാമ്രാജ്യശക്തികളോട്‌ വിനീതവിധേയത്വം പുലര്‍ത്തുന്നവരാണ്‌ ഇന്ത്യന്‍ ഭരണകൂടം. ഫെഡറലിസത്തിന്റെ ചൈതന്യത്തെ മാനിക്കാത്ത ഒരു വലതുപക്ഷകേന്ദ്രഭരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന്‌ പ്രവര്‍ത്തിേക്കണ്ടിവരുന്ന ഒരു സംസ്ഥാനഗവര്‍മെണ്ടിന്റെ പരാധീനതകള്‍ ഊഹിക്കാവുന്നതേയുള്ളു.

ഇടതുപക്ഷ ഗവര്‍മെണ്ടുകളുടെ ഇടവേളകളില്ലാത്ത നൈരന്തര്യം മാത്രമാണ്‌ ഇതിനൊരു പോംവഴി-ഭാഗികമെങ്കിലും. ജനപക്ഷത്തു നില്‍ക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ. വലതുപക്ഷം കോര്‍പ്പറേറ്റ്‌ താല്‌പര്യങ്ങളുടെ ചങ്ങാതിമാരായിരിക്കും.

വികേന്ദ്രീകൃതമാവേണ്ടോ-

രധികാരം സമസ്‌തവും

കേന്ദ്രാധികാരം കയ്യാളു-

ന്നവസ്ഥക്കന്ത്യമാവണം.

സാമ്രാജ്യസൃഷ്ടിയായ്‌ പണ്ടു-

കോളനീ പരിപാലനം

കേന്ദ്രസംസ്ഥാനബന്ധങ്ങള്‍

ക്കന്നത്തെഗ്ഗതി തന്നെയോ

സ്വയം ഭരിക്കാനാവുന്ന

ശക്തികള്‍ തന്നെയാവണം

ഉടയോനടിയാന്‍ വേണ്ട

സമന്മാര്‍തന്‍ സമന്വയം.

Advertisment