Advertisment

ആത്മാവിഷ്‌കാരസ്വാതന്ത്ര്യം- ഭരണകൂടത്തിന്റെ സൗജന്യമോ? ജന്മസിദ്ധമായ മനുഷ്യാവകാശമോ?

New Update

"സ്വാതന്ത്ര്യമില്ലെങ്കില്‍ മാനുഷികമൂല്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല."

- ലെമാര്‍ടൈന്‍.

Advertisment

കലാകാരന്റെ ആത്മാവിഷ്‌കാരസ്വാതന്ത്ര്യം കാലാകാലങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരികവിഷയമാണ്‌-പലതരത്തിലും പലതലത്തിലും. സാംസ്‌കാരികപ്രഹേളിക എന്നുതന്നെ പറയാം. മാനുഷികമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വരും തലമുറക്ക്‌ കൈമാറ്റം ചെയ്യപ്പെടുകയും വേണം. ഇതിന്‌ ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു മുന്നുപാധിയായിത്തീരുന്നു.

യാഥാസ്ഥിതികവര്‍ഗ്ഗം ഈ സാംസ്‌കാരികവികാസത്തെ സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുള്ളു. ഏറ്റവുമൊടുവില്‍ ഇത്തരമൊരു വാദപ്രതിവാദത്തിനു തിരികൊളുത്തിയത്‌ സഞ്‌ജയ്‌ ലീലാ ബെന്‍സാലിയുടെ 'പത്‌മാവതി'യെന്ന സിനിമയാണ്‌. ഒരു സൂഫികവിയുടെ സാഹിത്യസൃഷ്ടിയെ അടിസ്ഥാനമാക്കിയാണ്‌ സഞ്‌ജയ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഒരു കഥയുടെ ചലച്ചിത്രഭാഷ്യം രചിക്കുമ്പോള്‍ സംവിധായകന്‍ സ്വന്തം ഭാവനക്കനുസൃതമായി ചില ഭേദഗതികള്‍ വരുത്തിയെന്നുവരാം. അതൊക്കെ എന്തെന്ന്‌ ഇപ്പോഴറിയില്ല.

സിനിമ പുറത്തിറങ്ങിയിട്ടില്ല. സിനിമ സെന്‍സെറിംഗിനു സമര്‍പ്പിച്ചിട്ടേയുള്ളു. കഥാനായിക പത്‌മാവതിയെന്ന മേവാര്‍ രാജകുടുംബാംഗമായ ഒരു രജപുത്രസുന്ദരിയാണ്‌. പ്രതിനായകന്‍ രാജ്യം കൈവശപ്പെടുത്താന്‍ വന്ന അലാവുദീന്‍ ഖില്‍ജിയെന്ന ശത്രുരാജാവും. രാജ്യത്തിന്റെ യശോധാവള്യത്തിലെന്നപോലെ രാജകുമാരിയുടെ സൗന്ദര്യാതിരേകത്തിലും ഖില്‍ജിക്ക്‌ നോട്ടമുണ്ടായിരുന്നു.

publive-image

ഈ ബന്ധം ആവിഷ്‌കരിക്കുന്നതിന്‌ സംവിധായകന്‍ ഒരു സ്വപ്‌നരംഗം ഒരു ഗാനത്തിന്റെ പശ്‌ചാത്തലത്തിലൊരുക്കിയിട്ടുണ്ട്‌. ഈ രംഗം രജപുത്രവികാരത്തെ വ്രണപ്പെടുത്തുമെന്നാണ്‌ ശ്രീരജപുത്രകര്‍ണി സേന വാദിക്കുന്നത്‌. സിനിമ അപ്പാടെ നിരോധിക്കണമെന്നാണ്‌ ഈ കര്‍ണി സേനയുടെ ആവശ്യം. ഈ സേനയുടെ വക്താവ്‌ ദ്വിജേന്ദ്രസിംഗ്‌ കല്യാവത്‌ പറയുന്നതിങ്ങനെ:

'ഈ ചിത്രം രജപുത്രാഭിമാനത്തെ വേദനിപ്പിക്കുംവിധം ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു. ഈ ചിത്രം നിരോധിക്കണം.'

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളുടെ എതിര്‍വാദം ഇങ്ങനെ:

'ചരിത്രത്തിന്റെ കാര്‍ബണ്‍കോപ്പിയെടുക്കലല്ല കലാകാരന്റെ സൃഷ്ടികര്‍മ്മം. അതില്‍ ഭാവനക്കൊരു പങ്കുണ്ട്‌. ഭാവനക്ക്‌ കൂച്ചുവിലങ്ങിടുന്ന പണിയാണ്‌ കര്‍ണി സേന ഏറ്റെടുത്തിരിക്കുന്നത്‌. ചരിത്രപശ്‌ചാത്തലമുള്ള സാഹിത്യകൃതിയില്‍ കഥാബീജത്തിന്റെ വികാസപരിണാമങ്ങള്‍ എഴുത്തുകാരന്റെ മനോധര്‍മ്മമനുസരിച്ചാണ്‌. ഒരൈതിഹ്യത്തിന്റെ പുനരാവിഷ്‌കാരം രൂപപ്പെടുന്നത്‌ ഗ്രന്ഥകാരന്റെ ഭാവനയിലാണ്‌. ഭാരതീയസാഹിത്യചരിത്രത്തില്‍ത്തന്നെ ഇതിനുദാഹരണങ്ങള്‍ സുലഭം.'

കാളിദാസനും കഥ തിരുത്തിയിട്ടുണ്ട്‌

ലോകപ്രശസ്‌തമായ ശാകുന്തളം നാടകത്തിന്റെ കഥാബീജം കാളിദാസന്‍ സ്വീകരിച്ചത്‌ വ്യാസഭാരതത്തില്‍ നിന്നാണ്‌. നാടകീയതക്കുവേണ്ടിയാവാം, കാളിദാസന്‍ അതില്‍ മര്‍മ്മപ്രധാനമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌.

വിക്രമാദിത്യസദസ്സിലെ ഒന്‍പത്‌ കവിരത്‌നങ്ങളിലൊരാളായിരുന്നു കാളിദാസന്‍. രാജാവും ഒരു കവിയും പണ്ഡിതനുമൊക്കെ ആയിരുന്നു. പക്ഷെ, കാളിദാസനെ അന്ന്‌ ആരും വിമര്‍ശിച്ചില്ല-തന്നെയല്ല, സുലഭമായി പ്രശംസിക്കുകയും ചെയ്‌തു. എന്നാല്‍ കാളിദാസന്റെ തന്നെ മേഘസന്ദേശത്തിന്റെ കഥ മറ്റൊരു തരത്തിലാണ്‌. ചക്രവര്‍ത്തിയുടെ മകളും കാളിദാസനും പ്രേമബന്ധത്തിലായി.

കവിയെന്ന നിലക്ക്‌ കാളിദാസനെ സ്‌നേഹാദരങ്ങളോടെ കണ്ടിരുന്ന ചക്രവര്‍ത്തിക്ക്‌ ആ ബന്ധമുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാളിദാസനെ ചക്രവര്‍ത്തി നാടുകടത്തി. രാജ്യഭ്രഷ്ടനായ കവി വിരഹവേദനയില്‍ ചാലിച്ചെഴുതിയ ഒരു ഉല്‍കൃഷ്ടപ്രേമകാവ്യമാണ്‌ മേഘസന്ദേശം. അപ്പോഴും ചക്രവര്‍ത്തിയും രാജധാനിയിലെ കവിസദസ്സും മേഘസന്ദേശത്തിന്റെ കലാമൂല്യത്തെ പ്രശംസിക്കുകയാണുണ്ടായത്‌. സന്ദേശകാവ്യമെന്ന ഒരു പുതിയസാഹിത്യപ്രസ്ഥാനത്തിനുതന്നെ തുടക്കംകുറിച്ച അപൂര്‍വ്വസുന്ദരമായ കാവ്യശില്‌പമാണെന്ന്‌ അവരെല്ലാം ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു.

ഇവിടെ ഇന്നിപ്പോള്‍ സ്ഥിതിയെന്താണ്‌? സംവിധായകനും രാജകുമാരിയായി അഭിനയിച്ച ദീപികയെന്ന നടിയും വധഭീഷണി നേരിടുന്നു. പത്തുലക്ഷം രൂപാ വീതം അവര്‍ക്ക്‌ വില നിശ്‌ചയിച്ച്‌ കൊലക്ക്‌ കൊട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നു. ശൂര്‍പ്പണഖയെ ചെയ്‌തതുപോലെ ദീപികയുടെ മൂക്കും മുലയും മുറിച്ചു കളയുമെന്ന്‌ മറ്റൊരു കൂട്ടര്‍ ഭീഷണി മുഴക്കിയിരിക്കുന്നു. ഭരണകൂടത്തിന്റെ ആശിര്‍വ്വാദത്തോടെയാണ്‌ ഇത്തരം ഭീഷണികളുയരുന്നത്‌.

തിരുവായ്‌ക്കെതിര്‍വാ ഇല്ലാതിരുന്ന കാലത്താണ്‌ കാളിദാസന്‍ ജീവിച്ചിരുന്നത്‌. (ക്രിസ്‌ത്വബ്‌ദത്തിന്‌ തൊട്ടു മുന്‍പോ പിമ്പോ ആണ്‌ കാളിദാസന്റെ ജീവിതകാലമെന്ന്‌ ഗവേഷകമതം)വേണമെങ്കില്‍ എന്തെങ്കിലും കുറ്റമാരോപിച്ച്‌ കവിയെ വധശിക്ഷക്ക്‌ വിധേയമാക്കാന്‍ അന്ന്‌ ചക്രവര്‍ത്തിക്ക്‌ കഴിയും. വ്യക്തിപരമായി രൂക്ഷമായ അഭിപ്രായവ്യത്യാസവും വെറുപ്പും അനുഭവപ്പെട്ടപ്പോള്‍ പോലും ഒരു വര്‍ഷത്തേക്ക്‌ നാടുകടത്തുകയെന്ന ശിക്ഷയില്‍ വൈരാഗ്യമൊക്കെ ഒതുക്കി.

അതേസമയം കാളിദാസന്റെ കലാപ്രതിഭയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തു. 'വ്യക്തിപരമായി തനിക്ക്‌ മാനസികാഘാതം സൃഷ്ടിച്ച ഒരു സംഭവമാണ്‌ ഈ കാവ്യസൃഷ്ടിക്ക്‌ കാരണമായിത്തീര്‍ന്നത്‌. എങ്കിലും ഈ രാജസദസ്സിലെ ഒരു കവിയാണ്‌ ഈ വിശിഷ്ടകാവ്യത്തിന്റെ രചയിതാവെന്നതില്‍ ഞാനഭിമാനിക്കുന്നു' . ഇതായിരുന്നു ചക്രവര്‍ത്തിയുടെ നിലപാട്‌. പിന്നീട്‌ രാജാവിന്റെ കവിസദസ്സ്‌ കവിയെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തു.

എന്നാലിന്ത്യയില്‍ ഇന്നത്തെ സ്ഥിതിയെന്താണ്‌? ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍തന്നെ ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ജനാധിപത്യഭരണകൂടമാണല്ലോ ഇന്നുള്ളത്‌. സിനിമയുടെ കലാമൂല്യവും ധാര്‍മ്മികനിലവാരവുമൊക്കെ പരിശോധിക്കാന്‍ ഇവിടെ ഒരു സെന്‍സര്‍ ബോര്‍ഡുണ്ട്‌. ഈ സെന്‍സര്‍ ബോര്‍ഡിനെ നിശ്ശബ്‌ദസാക്ഷിയാക്കിക്കൊണ്ട്‌ ഒരു വിദഗ്‌ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു.

ഈ സമിതിയില്‍ ചരിത്രാദ്ധ്യാപകരായ പ്രൊ. കെ.കെ. സിങ്‌ (ജയ്‌പൂര്‍ സര്‍വ്വകലാശാല) ചന്ദ്രമണി സിങ്‌ (ചരിത്രാധ്യാപകന്‍), ഉദയപൂരിലെ മേവാര്‍ രാജകുടുംബാംഗവും ഹോട്ടല്‍ വ്യവസായിയുമായ ശ്രീജി അരവിന്ദ്‌ സിങ്‌ എന്നിവരാണ്‌ അംഗങ്ങള്‍. ഇന്ത്യാചരിത്രം സംബന്ധിച്ചോ കലാനിരൂപണസംബന്ധിയായോ എന്തെങ്കിലും അറിവുള്ളയാളല്ല ഈ ഹോട്ടല്‍ വ്യവസായി.

കുടുംബപൈതൃകത്തിന്റെ പേരില്‍ മാത്രമാണ്‌ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്‌. കലാമൂല്യനിര്‍ണ്ണയത്തിനുള്ള യോഗ്യത കൊട്ടാരപൈതൃകം മാത്രം. അറ്റന്‍ബറോയുടെ സുപ്രസിദ്ധചിത്രമായ ഗാന്ധിയെ വിലയിരുത്തുന്നതിന്‌ ഗാന്ധിനാമധാരിയായ ഏതെങ്കിലുമൊരു പാമരനെ നിയോഗിക്കുന്നതുപോലെയുള്ള ഒരസംബന്ധമല്ലേ ഇത്‌?

കാമശാസ്‌ത്രമെഴുതിയ വാത്സ്യായനനെ മഹര്‍ഷിയായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു നാട്ടിലാണ്‌ ഇതെല്ലാം സംഭവിക്കുന്നതെന്നോര്‍ക്കണം. രതിസുഖസാരമായ കാമകലാവൈവിധ്യങ്ങള്‍ ചിട്ടയായി വിവരിച്ചുതരുന്ന ഒരു ശാസ്‌ത്ര ഗ്രന്ഥമാണത്‌. കാമശാസ്‌ത്രത്തെ പൂര്‍ണ്ണമായും പിന്തുടരുന്ന ഒരു ദേവകാവ്യമാണ്‌ ഗീതാഗോവിന്ദം.

ഈ കപടസദാചാരത്തിന്റെ കാവല്‍ക്കാര്‍ക്ക്‌ ജയദേവന്റെ പ്രസിദ്ധമായ ശൃംഗാരകാവ്യമായ ഗീതാഗോവിന്ദത്തെക്കുറിച്ച്‌ എന്താണ്‌ പറയാനുണ്ടാവുക. രാധയുടേയും കൃഷ്‌ണന്റെയും പ്രേമവും വിരഹവുമാണ്‌ വര്‍ണ്ണിക്കപ്പെടുന്നത്‌. സംഭോഗശൃംഗാരത്തിന്റെയും വിപ്രലംഭശൃംഗാരത്തിന്റെയും ഒരുത്തമ മാതൃകയായി കാവ്യശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഗീതാഗോവിന്ദമാണ്‌. നമ്മുടെ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് നട അടക്കുമ്പോള്‍ ഇടക്കയുടെ പശ്‌ചാത്തലവാദ്യത്തോടെ പാടുന്നത്‌ ഈ ഗീതാഗോവിന്ദത്തിലെ വരികളാണ്‌.

കര്‍ണിസേനയുടെ വാദമംഗീകരിച്ചാല്‍ നാളെ ഇതും നിരോധിക്കേണ്ടിവരും. സന്ധ്യക്ക്‌ നിലവിളക്കിനു മുന്നിലിരുന്ന്‌ 'പാലാഴി മങ്കതന്‍ കൊങ്ക പുണരുന്ന കോലത്തെ' ഭജിച്ചിരുന്ന കേരളീയ കുടുംബത്തെ ഈ സദാചാരപോലീസിന്‌ ശിക്ഷിക്കേണ്ടി വരും. ഈ ശൃംഗാരകാവ്യത്തിന്റെ സംഗീതാവിഷ്‌കാരമാണ്‌ പൂജാസമയത്ത്‌ ശ്രീകോവിലിന്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ ഗായകര്‍ അവതരിപ്പിക്കുന്നത്‌.

ഈ സംഗീതാവിഷ്‌കാരമാണ്‌ പില്‍ക്കാലത്ത്‌ സോപാനസംഗീതമെന്നൊരു സംഗീതശാഖയായി വികസിക്കാനിടയായത്‌-അതാണ്‌ നമ്മുടെ കലാതത്വവിചാരം സിദ്ധാന്തിക്കുന്നത്‌. ശൃംഗാരത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ നമ്മുടെ കലാലോകത്ത്‌ അവശേഷിക്കുന്ന ശൂഷ്‌കമായ ശൂന്യതയെക്കുറിച്ച്‌ കര്‍ണ്ണി സേന ചിന്തിച്ചിട്ടുണ്ടോ?

ഗലീലിയോ-ആത്മാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഒരു ആദ്യകാല രക്തസാക്ഷി

ഒരു കലാകാരന്റെയോ ശാസ്‌ത്രജ്‌ഞന്റെയോ പ്രതിഭാവിലാസം അല്ലെങ്കില്‍ ധൈഷണികസംഭാവനകള്‍ വിലയിരുത്താനുള്ള അധികാരമോ വൈദഗ്‌ധ്യമോ ഇവിടെ ഭരണകൂടം സ്വയമേറ്റെടുക്കുകയാണ്‌. ഗലീലിയോയുടെ കഥതന്നെ പ്രസിദ്ധമായ ഒരുദാഹരണം.

പൗരോഹിത്യം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. എന്താണദ്ദേഹം ചെയ്‌ത കുറ്റം? കണ്‍മുന്നില്‍ നീണ്ടുപരന്നുകിടക്കുന്ന അനന്തവിശാലമായ ഭൂമി ഉരുണ്ടതാണെന്ന്‌ അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നു-പോരാ, ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയാണെന്നും അദ്ദേഹം വാദിക്കുന്നു. നമ്മുടെ നഗ്‌നനേത്രങ്ങള്‍ക്കുതന്നെ കാണാന്‍ കഴിയുന്ന സൂര്യന്റെ യാത്ര ഈ മനുഷ്യനംഗീകരിക്കുന്നില്ല.

പൗരോഹിത്യത്തിന്‌ രാഷ്ട്രീയാധികാരം കൂടിയുണ്ടായിരുന്ന കാലമായിരുന്നു അത്‌. അപ്പോഴത്‌ ഭരണകൂടഭീകരതയായി വളരുന്നു. ശാസ്‌ത്രലോകം മുഴുവന്‍ ആദരിക്കുന്ന ഗലീലിയോ ആ ഭീകരതയുടെ പിഡനങ്ങള്‍ക്ക്‌ വിധേയനാവുന്നു. ഇന്ന്‌ അതേ മതമൗലികവാദത്തിന്റെ പ്രേതമാണ്‌ സഞ്‌ജയ്‌ ബന്‍സാലിയേയും ദീപികാപദുക്കോണിനേയും പത്‌മാവതിയേയും സനല്‍കുമാര്‍ ശശിധരനേയും എസ്‌. ദുര്‍ഗ്ഗയേയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌.

പേരും രൂപഭാവാദികളും മാറിയിട്ടുണ്ടാവാം-പ്രേതബാധ ഒരുപോലെ തന്നെ. ഇതിനെതിരെ മാനവികതയുടെ മംഗലമഹാശക്തി ഉണര്‍ന്നുയര്‍ന്ന്‌ വരണം. എം.ടിയുടെ നിര്‍മാല്യം ഇന്നാണ്‌ പ്രദര്‍ശനത്തിനെത്തുന്നതെങ്കില്‍ എന്തായിരിക്കും ഭൂകമ്പം? നസ്രാണിയായ പി.ജെ. ആന്റണി വെളിച്ചപ്പാടിന്റെ വേഷം കെട്ടി ദേവീക്ഷേത്രനടയില്‍ നിന്നുകൊണ്ട്‌ ശ്രീലകത്തേക്ക്‌ ദേവിയുടെ നേര്‍ക്ക്‌ തുപ്പുന്നു. എത്ര തീയറ്ററുകള്‍ ഇതിന്റെ പേരില്‍ അഗ്‌നിക്കിരയാക്കപ്പെടും? എം.ടിയും ആന്റണിയും എന്തെന്ത്‌ അതിക്രമങ്ങള്‍ക്ക്‌ വിധേയരാവും? ഭാവനചെയ്യാന്‍ പോലുമാവുന്നില്ല.

പിഞ്ചോമന പിറക്കുമ്പോള്‍

വാവിട്ടു കരയുന്നതും

ആത്മാവിഷ്‌കാരമാണല്ലോ

മാനുഷ്യകമഹാസ്വരം

ആത്മാവിഷ്‌കാരസ്വാതന്ത്ര്യ

രക്ഷക്കായി യുഗങ്ങളായ്‌

മാനുഷ്യകമഹായജ്‌ഞ-

മതുതാന്‍ ലോകസംസ്‌കൃതി

പിഞ്ചോമനയുടെ ആദ്യരോദനം ഒരു മനുഷ്യജീവിയുടെ ആദ്യത്തെ ആത്മാവിഷ്‌കാരമാണ്‌. ഈ ആത്മാവിഷ്‌കാരസ്വാതന്ത്ര്യം ജീവിതകാലം മുഴുവന്‍ അനുവദിച്ചുകൂടേ? സംസാരശേഷി കൈവരാത്തതുകൊണ്ട്‌ കരഞ്ഞുകൊണ്ട്‌ ആശയാവിഷ്‌കാരം നടത്തുന്നു. സംസാരിക്കാനും എഴുതാനും ചിത്രനിര്‍മ്മാണത്തിനുമൊക്കെ കഴിവാര്‍ജ്ജിക്കുമ്പോള്‍ നാമെന്തിന്‌ തടയിടണം? പില്‍ക്കാലത്ത്‌ കുട്ടിയെ ശാസിക്കുകയും മറ്റും ചെയ്യുന്നതുപോലെ ചില നിയന്ത്രണങ്ങളാവാം. വായ്‌മൂടിക്കെട്ടുന്ന നിരോധനം ശരിയല്ല.

Advertisment