Advertisment

കണ്ണൂര്‍ സിബിഐയ്ക്ക് ഏറ്റവും ജോലിഭാരമുള്ള ജില്ല. കണ്ടെത്തേണ്ടത് കൊന്നവനെയും കൊല്ലിച്ചവരെയും. ഷുഹൈബ് വധത്തില്‍ നേരറിയാന്‍ സി ബി ഐ വരുന്നതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?

New Update

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം എന്ന മുറവിളി ഉയരുന്നത്‌ എന്തുകൊണ്ട്‌? കണ്ണൂരില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ ലോക്കസ്‌ പോലീസ്‌ അന്വേഷിച്ചപ്പോള്‍ പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയത്‌. ശിക്ഷ ലഭിക്കാതെ പ്രതികള്‍ ഊരിപ്പോയി.

Advertisment

യഥാര്‍ത്ഥ പ്രതികളെ പിടിച്ച കേസുകളില്‍ കൊന്നവര്‍ മാത്രം പിടിയിലായി. കൊല്ലിച്ചവര്‍ അപ്പോഴും രക്ഷപ്പെട്ടു. എന്നാല്‍ സിബിഐ വന്നതോടെ ചില കേസുകളിലെങ്കിലും നേരറിയാനായി. കൊല്ലിച്ചവരിലേക്കും നീതിയുടെ കരങ്ങള്‍ നീണ്ടു. അതുകൊണ്ടാണ്‌ സിബിഐക്കുവേണ്ടിയുള്ള മുറവിളി ഉയരുന്നത്‌.

publive-image

സിബിഐ അന്വേഷണസംഘത്തിന്‌ ഏറ്റവും ജോലിഭാരമുള്ള ജില്ലയാണിന്ന്‌ കണ്ണൂര്‍. അവിടെ സിബിഐ അന്വേഷണം നടക്കുന്ന പ്രധാനപ്പെട്ട കേസുകള്‍ ഇപ്രകാരം.

1) കതിരൂര്‍ മനോജ്‌ വധക്കേസ്‌: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കതിരൂര്‍ കെ. മനോജ്‌ 2014 സെപ്‌റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്‌. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ മനോജിനെ വാഹനത്തില്‍ നിന്നു വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊല്ലുകയായിരുന്നു. ക്രൈംബ്രാഞ്ചാണ്‌ കേസ്‌ ആദ്യം അന്വേഷിച്ചത്‌. പിന്നീട്‌ സിബിഐക്കു കൈമാറി.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ 25-ാം പ്രതിയാണ്‌. സിബിഐ അദ്ദേഹത്തെ മണിക്കൂറുകള്‍ ചോദ്യം ചെയ്‌തിരുന്നു. ഒരു മാസത്തോളം ജയിലിലുമായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്‌. പി.ജയരാജനെ 15 വര്‍ഷംമുമ്പ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ്‌ മനോജ്‌ വധമെന്നു കുറ്റപത്രത്തില്‍ പറയുന്നു. 13 പ്രതികളുള്ള ഈ കേസിലെ മിക്കവരും സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്‌. ജാമ്യമില്ലാ വകുപ്പുള്ള യുഎപിഎ പ്രകാരമാണ്‌ കേസെടുത്തത്‌.

2) അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ്‌ എംഎല്‍എ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാര്‍ത്തി വയലിന്റെ നടുവില്‍ വച്ച്‌ താലിബാന്‍ മോഡല്‍ വിചാരണ നടത്തിയാണ്‌ മുസ്‌ളിം ലീഗ്‌ പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചത്‌. 2012 ഫെബ്രു 20നാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഈ കേസ്‌ ആദ്യം സിബിഐ ഏറ്റെടുത്തില്ല. ഒടുവില്‍ ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ അപേക്ഷയിന്മേലാണ്‌ സിബിഐ ഏറ്റെടുത്തത്‌. ഈ കേസില്‍ ജയരാജന്‍ 32 ഉം ടിവി രാജേഷ്‌ 33 ഉം പ്രതിയാണ്‌. സിബിഐ അന്വേഷണത്തിനെതിരേ പ്രതികള്‍ ഹൈക്കോടതിയല്‍ നല്‌കിയ അപേക്ഷ തള്ളുകയും തുടര്‍ന്ന്‌ അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്‌. മറ്റു പ്രതികളും സിപിഎം ബന്ധമുള്ളവരാണ്‌.

3) ഫസല്‍ വധക്കേസ്‌: സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ്‌ 2006 ഒക്ടോ. 22നു കൊല്ലപ്പെടുന്നത്‌. ആദ്യം ലോക്കല്‍ പോലീസ്‌ അന്വേഷിച്ച കേസ്‌ പിന്നീട്‌ സിബിഐ ഏറ്റെടുത്തു. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നീ സിപിഎം നേതാക്കളാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.

കേസ്‌ നിലനില്‍ക്കെത്തന്നെ രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷന്മാരായി സ്ഥാനമേല്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എറണാകുളം ജില്ലവിട്ടുവരാന്‍ സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്‌തില്ല. തുടര്‍ന്ന്‌ ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ്‌ ഈ കേസിലെ ഒന്നാം പ്രതി.

4) പയ്യോളി മനോജ വധക്കേസ്‌: 2012 ഫെബ്രു 12നാണ്‌ ബിഎംഎസ്‌ നേതാവ്‌ പയ്യോളി മനോജ്‌ കൊല്ലപ്പെടുന്നത്‌. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ പാളിച്ച കണ്ട്‌ ഹൈക്കോടതിയാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

ലോക്കല്‍ പോലീസ്‌ അന്വേഷിച്ചപ്പോള്‍ പ്രതികളായവര്‍ തങ്ങളെ ഈ കേസില്‍ കുടുക്കുകയാണു ചെയ്‌തതെന്നു പറഞ്ഞ്‌ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ കേസില്‍ 7 സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 9 പേരെ സിബിഐ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ കേസുകള്‍ ഇത്രയുമെങ്കിലും എത്തിയതിന്‌ കൊടുക്കാം സിബിഐയ്‌ക്ക്‌ ഒരു സല്യൂട്ട്‌ !

ഷുബൈഹിനെ കൊന്നവരും കൊല്ലിച്ചവരും നീതിപീഠത്തിനു മുന്നില്‍ എത്താന്‍ സിബിഐ വരട്ടെ.

നേരറിയാം; നേരത്തേയറിയാം !!

Advertisment