Advertisment

മഹാപ്രളയത്തെ അതിജയിച്ച് കേരളം. പ്രളയം നൽകുന്ന പാഠങ്ങൾ ..

author-image
admin
New Update

- പി .എം സാദിഖ് അലി

Advertisment

publive-image

മഹാപ്രളയത്തെ അതിജയിച്ചു നിൽക്കുകയാണ് കേരളം. നവകേരള നിർമിതിയിലൂടെയായിരിക്കും നാം ദുരിതപർവം താണ്ടുകയെന്ന പുതു പ്രതീക്ഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെക്കുന്നത്. എല്ലാം പൂർവസ്ഥിതിയിലാക്കുകയല്ല, ഓരോ പ്രദേശത്തിനും പരിസരത്തിനുമനുസരിച്ച് നവീന ശൈലിയിൽ പുതിയൊരു കേരളം കെട്ടിപ്പൊക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

പ്രളയം കവർന്നതും അല്ലാത്തതുമായ ഇടങ്ങളിലൊക്കെ ഈ വികസനത്തിന്റെ തലോടൽ ഉണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. പ്രളയം ഒരു നിമിത്തമായെന്ന് മാത്രം. ഈ നവ നിർമിതി ഒരു നല്ല ആശയമാണെന്നതിൽ തർക്കമില്ല. സർവാത്മനാ സർവരും ഇതിനെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയുമാണ് വേണ്ടത്. പക്ഷെ, അപ്പോഴും സ്വാഭാവികമായ ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.

കരളുറപ്പ് കൊണ്ട് നാം ഇനിയും പടുത്തുയർത്തുന്ന ഈ പുതുപുത്തൻ കേരളത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു ഉറപ്പ് തരാൻ കഴിയുമോ? 33 ഡാമുകൾ ഇനിയും ഒരേ സമയം തുറക്കപ്പെടാൻ യാതൊരു തരത്തിലും സാധ്യതയില്ലെന്നു തീർത്തു പറയാനും അവ ഒരിക്കലും പൊട്ടി തകരില്ലെന്ന് പ്രവചിക്കാനും പോന്ന ഒരു മനുഷ്യ ജന്മം ഇതിനകം ഈ ഭൂമിയിൽ പിറന്നിട്ടുണ്ടോ?

ഡോ. ലതക്ക് പ്രണാമം!

അവർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് പത്ത് മാസം തികയുന്നതേയുള്ളൂ. അതിരപ്പള്ളി പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു ഡോ.ലത. ആ പോരാട്ടത്തിൽ 90 ശതമാനവും വിജയിച്ചിട്ടാണ് അവർ മടങ്ങിയത്. അതിരപ്പള്ളിയിൽ ഒരു അണക്കെട്ട് നിർമിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് സി.പി.എം ഒഴികെയുള്ള സർവരും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതാവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഡോ. ലതയുടെ കൂടി വിജയമാണിത്.

കേരളത്തിൽ ഇനിയും ഒരു വൻകിട അണക്കെട്ട് പാടില്ലെന്നാണ് ഈ പ്രളയം നൽകുന്ന ഒന്നാം പാഠം. നിലവിലുള്ളവയുടെ സംഭരണ തോത് പരമാവധി കുറക്കണമെന്നത് രണ്ടാം പാഠവും. അപ്പോൾ സ്വാഭാവികമായും ഉയരുന്ന സുപ്രധാന ചോദ്യം നമ്മുടെ വൈദ്യുതോല്പാദനത്തെ കുറിച്ചു തന്നെയാണ്. പാരമ്പര്യ ഊർജോൽപ്പാദന രീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പശ്ചിമഘട്ടം (Western Ghats) പോലുള്ള അതീവ പരിസ്ഥിതിലോല പ്രദേശത്ത് ഇപ്പോൾ തന്നെ 44 വൻകിട അണക്കെട്ടുകളുണ്ട്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് 15 മീറ്ററിലധികം ഉയരമുള്ള അണക്കെട്ടുകൾ വൻകിട അണക്കെട്ടുകളാണ്. എന്നാൽ കേരളത്തിൽ 23 മീറ്റർ വരെ ഈ ഗണത്തിൽ പെടുന്നില്ല.

അങ്ങിനെ ചെക്ക്ഡാം, ഡൈവെർഷൻ ഡാം, മണ്ണുകൊണ്ടുള്ള ബണ്ടുകൾ തുടങ്ങി മൊത്തം ഇത് സംസ്ഥാനത്ത് നൂറോളം വരും. അവയിൽ ഇനിയും കമ്മീഷൻ ചെയ്തിട്ടില്ലാത്തവയും ഉൾപ്പെടുന്നു. കേരളത്തിൽ ജലം സ്വാഭാവിക നിലയിലാണെന്നും കര ഒരു യാദൃശ്ചികതയാണെന്നുമുള്ള യഥാർത്ഥ വസ്തുത പരിസ്ഥിതി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമഘട്ടത്തിനു താഴെ പിന്നീട് രൂപപ്പെട്ട ഒട്ടേറെ ദ്വീപ് സമൂഹങ്ങൾ ഉൾക്കൊള്ളുന്ന കേരളമെന്ന ഈ കൊച്ചു കര പ്രദേശമാകെ അത് കൊണ്ട് തന്നെ അതീവ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കണമെന്നും അവർ വാദിക്കുന്നു. ഇത് മുഖവിലക്കെടുക്കാതെ വികസനത്തിന്റെ പേരിലുള്ള എല്ലാ അനിയന്ത്രിത പ്രവൃത്തികളും കേരളത്തെ ഇനിയും മുക്കിക്കൊല്ലാൻ മാത്രമേ വഴിവെക്കുകയുള്ളൂവെന്നത് ഇപ്പോഴെങ്കിലും ഒരു തിരിച്ചറിവാകണം..

ഇത്രയധികം അണക്കെട്ടുകൾക്കു താഴെ ഏത് സമയവും മുങ്ങിപ്പോകും വിധം ഒരു നൂൽപ്പാലത്തിലാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് ഡോ. ലത എപ്പോഴും നമ്മെ ഓർമിപ്പിച്ചിരുന്നു. നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ പുനരുജ്ജീവന ഊർജ (Renewable Energy) സ്രോതസ്സുകളെ ആശ്രയിക്കുകയാണ് ഇനി വേണ്ടത്.

പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേതെന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. ഈ അഭിമാന നേട്ടം എന്ത് കൊണ്ട് മുഴുവൻ പ്രദേശത്തേക്കും വ്യാപിപ്പിച്ചു കൂടാ?

വൈദ്യുതോൽപ്പാദനത്തിന്റെ ഇത്തരം നവീന രീതികളുടെ ( Solar,Wind,Waves etc), പൂർണമായും വികേന്ദ്രീകൃതമായ യൂണിറ്റുകളുണ്ടാക്കി ഓരോ ഗ്രാമത്തേയും സ്വയം പര്യാപ്തമാക്കുമ്പോഴല്ലെ നവകേരള നിർമിതി യഥാർത്ഥത്തിൽ അർത്ഥപൂർണമാകുക? നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ സംഭരണശേഷി കുറച്ച് വ്യവസായിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യാം.

ഡാം നിർമാണത്തിന്റെ പേരിൽ വെറുതെ കുറെ പേർക്ക് പതിറ്റാണ്ടുകൾ ജീപ്പ് ഓടിച്ച് കളിക്കാനും അതിനും മീതെ കുറെയാളുകൾക്ക് തടിച്ചു കൊഴുക്കാനും പറ്റില്ലെന്ന് മാത്രം!

പ്രളയം നൽകുന്ന പാഠങ്ങൾ ഇനിയുമുണ്ട്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമൊഴികെ അത് പ്രകൃതി ദുരന്തമായിരുന്നില്ല. നിർമിത ദുരന്തമായിരുന്നു. 2018 അങ്ങിനെയാകും അറിയപ്പെടുക. ഈ തിരിച്ചറിവാണ് പ്രധാനം. അണക്കെട്ടുകൾ നക്കി തുടച്ചെടുത്ത പ്രദേശങ്ങളിലെ വയലുകളും തണ്ണീർ തടങ്ങളും കുന്നും മലകളും കയ്യേറ്റക്കാർക്ക് തീറെഴുതി നൽകാനുള്ള മരുപ്രദേശങ്ങളോ പാഴ്നിലങ്ങളോ അല്ലെന്ന് പ്രളയം തെളിയിച്ചിരിക്കുന്നു.

മാധവ ഗാഡ്ഗിൽ പറയുന്നത് കേൾക്കുക, "ഇന്നത്തെ അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണവും എന്ന സമീപനത്തിനു പകരം സുസ്ഥിര വികസനവും ശ്രദ്ധാപൂർവമുള്ള പരിസ്ഥിതി സംരക്ഷണവും എന്ന നിലയിലേക്ക് നമുക്ക് വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യാം " കേരളത്തിന്റെ പ്രകൃതി സംരക്ഷണം ഒരാൾ ഒറ്റക്കോ ചെറിയ ചെറിയ പരിസ്ഥിതി ഗ്രൂപ്പുകളോ വിചാരിച്ചാൽ മാത്രം സാധ്യമാകുന്ന ഒന്നല്ല.

ജനജീവിതം അപ്പാടെ മുന്നോട്ട് കൊണ്ട് പോകുന്ന, നമ്മുടെ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന അധികാര വർഗവും ഉപരിവർഗവും നന്നായി മനസ്സിരുത്തുകയും ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ കൈ കൊള്ളുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാൻ കഴിയൂ. അല്ലാതെ പ്രകൃതി സംരക്ഷണം പറയുന്നവരെ ആക്ഷേപിക്കുകയും അവരുടെ നിത്യജീവിതത്തിലെ ചെറിയ സമരസപ്പെടുലകളെ ചോദ്യം ചെയ്യുകയും ചെയ്ത് തങ്ങൾ ചെയ്യുന്നതും ശരിയെന്ന് സ്ഥാപിക്കുന്ന മാഫിയാ സംഘങ്ങളുടെ വഴിക്കാണ് ഇനിയും നാം പോകുന്നതെങ്കിൽ ഈ ദുർഗതി നമുക്ക് തുടരുക തന്നെ ചെയ്യും.

ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ഈ പ്രളയത്തിൽ അവർക്കാണ് അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് എല്ലാം നഷ്ടപ്പെട്ടത്. പ്രതികരണശേഷി ഉണരേണ്ടത് ഇപ്പോഴാണ്. മാറ്റത്തിന്റെ കാഹളം മുഴങ്ങട്ടെ!

രാഷ്ട്രീയ, ഭരണ രംഗങ്ങളിൽ തിരുത്തലിന്റെ കൊടുങ്കാറ്റ് വീശട്ടെ! നവ്യവും അനുകരണീയവുമായ മാതൃകകൾ പിറവിയെടുക്കട്ടെ! ഡെമോക്ളിസിന്റെ വാൾപോലെ ഇനിയും മഹാപ്രളയങ്ങൾ തലയ്ക്ക് മീതെ സദാ തൂങ്ങി നിൽപ്പുണ്ടെന്ന് എപ്പോഴും നമുക്ക് ഓർമ വേണം.

Advertisment