Advertisment

ജനാധിപത്യം - മോദിപക്ഷവും നെഹ്രുപക്ഷവും

New Update

".........സ്വതന്ത്രഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാവേണ്ടത്‌ സര്‍ദാര്‍ വല്ലഭായ്‌പട്ടേലായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ പാകിസ്ഥാനും ഇന്ത്യാവിഭജനവും കാശ്‌മീര്‍പ്രശ്‌നവും അവയോടനുബന്ധിച്ച്‌ നാമനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും ഒഴിവായിക്കിട്ടുമായിരുന്നു........"

Advertisment

" ....ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ ദേശീയപ്രസ്ഥാനത്തിന്റെയോ കോണ്‍ഗ്രസ്സിന്റെയോ പണ്ഡിറ്റ്‌ നെഹ്രുവിന്റെയോ സംഭാവനയല്ല. ബുദ്ധമതസംഘങ്ങളില്‍ ജനാധിപത്യവും വോട്ടെടുപ്പുമൊക്കെ പണ്ടേ നിലവിലുണ്ടായിരുന്നു......"

അപൂര്‍വ്വമായി മാത്രം പാര്‍ലമെന്റിനെ അഭിമുഖീകരിക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ മൗനം വിദ്വാനു ഭൂഷണമെന്നമട്ടില്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ ഒരു സുദീര്‍ഘപ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളാണ്‌ മുകളില്‍ക്കൊടുത്തിരിക്കുന്ന വാചകങ്ങള്‍.

publive-image

സ്വാതന്ത്ര്യപ്രാപ്‌തിയോടെ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അതുകൊണ്ട്‌ കോണ്‍ഗ്രസ്സ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജിതന്നെ പറഞ്ഞിട്ടുണ്ടെന്നും ആ നിലയില്‍ താനിപ്പോള്‍ ഗാന്ധിജി യുടെ പക്ഷത്താണെന്നും അതാണ്‌ കോണ്‍ഗ്രസ്സ്‌ മുക്തഭാരതമെന്ന ഞങ്ങളുടെ ലക്ഷ്യമെന്നും മോദി പ്രഖ്യാപിക്കുന്നു. നിത്യസത്യങ്ങളെ എങ്ങിനെ തമസ്‌കരിക്കാമെന്നും ദുര്‍വ്യാഖ്യാനം ചെയ്യാമെന്നും വളച്ചൊടിക്കാമെന്നും ഉള്ളതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ മേല്‌പറഞ്ഞ മോദിവാചകങ്ങള്‍.

ഒന്ന്‌ - ഹിന്ദുമഹാസഭയും ആര്‍.എസ്‌.എസിന്റെ രൂപീകരണവും വികാസപരിണാമങ്ങളും ഇന്ത്യന്‍ മുഹമ്മദീയരില്‍ ഭയാശങ്കകളുളവാക്കി. സ്വതന്ത്രയിന്ത്യയില്‍ മുഹമ്മദീയര്‍ സുരക്ഷിതരായിരിക്കില്ലെന്ന ഉല്‍കണ്‌ഠയാണ്‌ മുസ്‌ളീം ലീഗിനെ വളര്‍ത്തിയത്‌. ബ്രിട്ടീഷുകാര്‍ ഈ അവസ്ഥ ശരിക്കും മുതലെടുത്തു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന സാമ്രാജ്യത്വതന്ത്രം അവര്‍ ഫലപ്രദമായി പ്രയോഗിച്ചു. ജിന്ന പോലും ആദ്യഘട്ടത്തില്‍ പാകിസ്ഥാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. മുസ്‌ളീംഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഇന്ത്യന്‍ യൂണിയനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനങ്ങളായി കിട്ടിയാല്‍ ജിന്ന തൃപ്‌തനായിരുന്നു.

ആര്‍.എസ്‌.എസ്‌ ശക്തിപ്രാപിക്കുകയും ബ്രിട്ടന്റെ പിന്തുണലഭിക്കുകയും ചെയ്‌ത പ്രത്യേക സാഹചര്യത്തിലാണ്‌ പാകിസ്ഥാന്‍ വാദം ഉയര്‍ന്നുവരുന്നതും ശക്തിപ്പെടുന്നതും. ഭൂരിപക്ഷമതം ആയുധപരിശീലനത്തോടെ സുസംഘടിതമാവുമ്പോള്‍ ഉല്‍കണ്‌ഠാകുലമായ ന്യൂനപക്ഷമതവും കിട്ടാവുന്ന വഴികള്‍ തേടും. ചുരുക്കത്തില്‍ ഹിന്ദുമഹാസഭയുടേയും ആര്‍.എസ്‌.എസിന്റെയും മതമൗലികവാദനിലപാടുകളാണ്‌ മുസ്‌ളീം ലീഗിന്റെ വളര്‍ച്ചക്കും പാകിസ്ഥാന്‍രൂപീകരണത്തിനും വഴിവച്ചത്‌. ഇതല്ലേ സത്യം?

രണ്ട്‌ - സ്വാതന്ത്ര്യസമരത്തലും സ്വതന്ത്രയിന്ത്യയുടെ വികാസപരിണാമങ്ങളിലും നെഹ്രുവിന്റെ പങ്ക്‌ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌-അനുകൂലമായും പ്രതികൂലമായും. അതിലൊന്നും വരാത്ത ഒരു വിമര്‍ശനമാണ്‌ മോദിയിപ്പോളുയര്‍ത്തുന്നത്‌. അതിനുകാരണം മറ്റൊന്നാണ്‌. ഗാന്ധിജി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ നെഹ്രു ആര്‍.എസ്‌.എസിനെ നിരോധിച്ചു. നിരോധനം നീക്കിക്കിട്ടുന്നതിനുവേണ്ടി ആര്‍.എസ്‌.എസ്‌ പട്ടേല്‍ മുഖാന്തിരം നെഹ്രുവിനെ സമീപിച്ചു. ആദ്യമൊന്നും നെഹ്രു വഴങ്ങിയില്ല.

അവസാനം മേലില്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുകയില്ലെന്ന്‌ എഴുതിക്കൊടുത്താല്‍ നിരോധനം നീക്കാമെന്ന്‌ നെഹ്രു സമ്മതിച്ചു. അങ്ങിനെയാണ്‌ പേരില്‍ത്തന്നെ രാഷ്ട്രിയമുള്ള രാഷ്ട്രിയ സ്വയം സേവകസംഘം ഒരു സാംസ്‌കാരികസംഘടനയായി മാറിയത്‌. അതുകൊണ്ടാണ്‌ പിന്നീട്‌ ജനസംഘമെന്ന ഒരു രാഷ്ട്രിയമുഖം ആര്‍.എസ്‌.എസിന്‌ രൂപീകരിക്കേണ്ടി വന്നത്‌. ആ പാര്‍ട്ടി ബി.ജെ.പി ആയി പരിണമിച്ചതും മറ്റും പ്രസിദ്ധമാണല്ലോ. ഇതാണ്‌ നെഹ്രുവിനോടുള്ള ആര്‍.എസ്‌.എസ്‌ വിരോധത്തിന്റെ പ്രധാന കാരണം.

പൊതുമേഖലലാ പ്രാധാന്യം കൊടുക്കുന്ന സമ്മിശ്രസമ്പദ്‌വ്യവസ്ഥ, ചേരിചരാനയം, സോഷ്യലിസ്റ്റ്‌ ആഭിമുഖ്യം, മുതലായവയോടുള്ള വലതുപക്ഷത്തിന്റെ എതിര്‍പ്പ്‌ ഇതിനുപുറമേയാണ്‌. അന്ന്‌ നെഹ്രുവിന്റെ നേതൃത്വത്തില്‍ വളര്‍ത്തിയെടുത്ത പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്‌തികള്‍ വിറ്റഴിച്ചുകൊണ്ടാണ്‌ ഇന്ന്‌ മോദിസര്‍ക്കാര്‍ ജീവിച്ചുപോരുന്നതെന്ന സത്യം നാം തിരിച്ചറിയണം.

മൂന്ന്‌-ജനാധിപത്യമെന്ന ആദര്‍ശം ഒരു വ്യക്തിയുടെ ബുദ്ധിയില്‍ പൊട്ടിമുളച്ചതല്ല. അതില്‍ ബുദ്ധദര്‍ശനങ്ങള്‍ക്ക്‌ സ്വാധീനമുണ്ടെന്നതും ശരിയാണ്‌. ശുക്രനീതി, യവനദര്‍ശനങ്ങള്‍, ബ്രിട്ടീഷ്‌ ലിബറലിസം, മുതലായവയുടെ എല്ലാം സംയുക്തവികാസമോ പരിണാമമോ ആണ്‌ ജനാധിപത്യമെന്ന ആശയം. ഈ ആദര്‍ശത്തിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച ഒരു നേതാവായിരുന്നു നെഹ്രു. മോദിയും കൂട്ടരും ഈ ജനാധിപത്യമാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്നതാണ്‌ പ്രശ്‌നം.

Advertisment