Advertisment

ആര്യാവര്‍ത്തം ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കും - ദ്രാവിഡജനവിഭാഗങ്ങള്‍ എന്നെന്നും ഭരിക്കപ്പെടുന്നവരും

New Update

ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌ ദേശീയവരുമാനത്തിന്റെയും ധനവിനിയോഗത്തിന്റെയും മാര്‍ഗ്ഗങ്ങളുടെ ആസൂത്രണം വഴിയാണ്‌. ഇതിനായി ഓരോ സര്‍ക്കാരും സാമ്പത്തികവിദഗ്‌ധരുടേയും ധനതത്ത്വവിശാരദന്മാരുടേയും സമിതികളെ നിയോഗിക്കും.

Advertisment

മോദിഭരണകൂടം നിയമിച്ച പതിനഞ്ചാംധനക്കമ്മീഷന്റെ തീരുമാനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ വലിയൊരു തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്‌. രാജ്യത്തിന്റെ വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്കയെന്നതാണ്‌ ധനക്കമ്മീഷനില്‍ നിക്ഷിപ്‌തമായിരിക്കുന്ന ഉത്തരവാദിത്വം.

രണ്ടായിരത്തി ഇരുപതു മുതല്‍ ഇരുപത്തഞ്ചുവരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ നടപ്പാക്കാനുള്ള സാമ്പത്തികനിര്‍ദ്ദേശങ്ങളാണ്‌ പതിനഞ്ചാം ധനക്കമ്മീഷന്‍ സമര്‍പ്പിക്കേണ്ടത്‌. ഇതിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുകൂടി സ്വീകാര്യമായിരിക്കണമെന്നതാണ്‌ ഒരു ഫെഡറല്‍മര്യാദയും മാന്യതയും. സ്വതന്ത്രഭാരതം പിന്തുടര്‍ന്നുവന്നിരുന്ന ഈ രാഷ്ട്രീയമര്യാദയാണിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്‌.

publive-image

നികുതി പിരിച്ചുകൊടുക്കുന്ന ഒരു ചുങ്കപ്പുരയുടെ നിലവാരത്തിലേക്ക്‌ സംസ്ഥാനഭരണസംവിധാനത്തെ തരം താഴ്‌ത്തുന്നത്‌ ശരിയാണോ? ധനക്കമ്മീഷന്റെ കാഴ്‌ചപ്പാട്‌ അതാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു-ഭയപ്പെടേണ്ടിയിരിക്കുന്നു. ഖജനാവിലെത്തുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്നത്‌ സര്‍വ്വാധികാരകേന്ദ്രമായ പൊന്നുതമ്പുരാന്‍ തീരുമാനിക്കുമെന്ന നാടുവാഴിത്ത കാഴ്‌ചപ്പാടിന്റെ തിരിച്ചു വരവാണീ നടപടിയെന്ന്‌ വ്യക്തം.

സ്വതന്ത്രയിന്ത്യയെ സ്വയംപര്യാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ഇക്കാര്യത്തില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്‌ത ഒരു സ്ഥാപനമാണ്‌ പ്‌ളാനിംഗ്‌ കമ്മീഷന്‍. ഡോ. മഹലനോബിസായിരുന്നു അതിന്റെ ആദ്യ ചെയര്‍മാന്‍.

ഒരു സോഷ്യലിസ്റ്റ്‌ ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ഈ ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവും പണ്ഡിറ്റ്‌ നെഹ്രുവായിരുന്നു. അതുകൊണ്ടാണ്‌ ഗാന്ധിജിയെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ചതുപോലെ നെഹ്രുവിനെ രാഷ്ട്രശില്‌പിയെന്ന്‌ വിളിക്കാനിടയായത്‌.

നവഭാരതത്തിന്റെ അഭിമാനപ്രതീകമായ പ്‌ളാനിംഗ്‌ കമ്മീഷന്‍ പിരിച്ചുവിടുകയെന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഥമകൃത്യങ്ങളില്‍ പ്രധാനം. നീതി ആയോഗ്‌ എന്ന ഹിന്ദിപ്പേരില്‍ ആജ്‌ഞാനുവര്‍ത്തികളുടെ ഒരു ബദല്‍ ആസൂത്രണസംവിധാനവും സൃഷ്ടിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രിക്ക്‌ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസിന്‌ നിയന്ത്രിക്കാവുന്നതും നിശ്‌ചയിക്കാവുന്നതുമായൊരു സംവിധാനമാണ്‌ നീതി ആയോഗ്‌.

തീര്‍ന്നില്ല. സമസ്‌ത മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. അവിടെയെല്ലാം സ്വകാര്യമേഖലയെ സ്വാഗതം ചെയ്യുന്നു. പൊതുമേഖലയുടെ എല്ലാ വാതിലുകളും വാതായനങ്ങളും സ്വകാര്യമേഖലക്കുമുന്നില്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുകയാണ്‌.

വിദ്യാഭ്യാസം, വ്യവസായം, ആതുരസേവനം, ബാങ്കിംങ്‌-ഇന്‍ഷുറന്‍സ്‌ മേഖലകള്‍, ഗതാഗതം, വാര്‍ത്താവിനിമയം, ഖനി സമ്പത്തുകള്‍, മുതല്‍ സാംസ്‌കാരികമണ്ഡലങ്ങള്‍ വരെ എല്ലാ മര്‍മ്മപ്രധാനരംഗങ്ങളിലും സ്വകാര്യമേഖല സ്ഥാനം പിടിച്ചുകഴിഞ്ഞു. പൊതുമേഖലയുടെ കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്‌മയും ഇന്നു വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു.

സ്വകാര്യമേഖലയാണ്‌ രക്ഷാമാര്‍ഗ്ഗമെന്ന നിലയില്‍ സംവാദങ്ങള്‍ പുരോഗമിക്കുന്നു. അതിന്റെ പിന്നിലും ചില നിക്ഷിപ്‌ത താല്‌പര്യങ്ങളുണ്ട്‌. അവസാനാശ്രയം സ്വകാര്യമേഖലയാണെന്ന ഒരു ബോധം സൃഷ്ടിച്ചെടുക്കുകയാണ്‌ ലക്ഷ്യം.

പിന്നെ, സര്‍ക്കാരിന്റെ പണിയെന്താണ്‌? നികുതി പിരിക്കുക, നികുതിപിരിക്കാന്‍ വേണ്ടി തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥസംവിധാനത്തിന്റെ സംരക്ഷണച്ചിലവുകള്‍ കഴിഞ്ഞ്‌ മിച്ചം വരുന്നത്‌ സ്വകാര്യമേഖലക്ക്‌ അടിസ്ഥാനസൗകര്യമൊരുക്കാനും രാഷ്ട്രീയനേതൃത്വത്തിന്റെ സംരക്ഷണത്തിനും വിനിയോഗിക്കുക-ഇതാണ്‌ ആസൂത്രണത്തിന്റെ പുതിയകാഴ്‌ചപ്പാടെന്ന ഉല്‍കണ്‌ഠ ഉയര്‍ന്നുവരുന്നു.

ഈ തലതിരിഞ്ഞ ആസൂത്രണവൈകൃതത്തിനും പുറമേയാണ്‌ രാജ്യത്തിന്റെ ദക്ഷിണമേഖലകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അസഹ്യമായ അനീതികള്‍. ഇന്നത്തെ സ്ഥിതിയില്‍ കേരളം കേന്ദ്രത്തിനു പിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന നികുതിയില്‍ ഓരോ രൂപക്കും ഇരുത്തിയേഴു പൈസ മാത്രമാണ്‌ നികുതിവിഹിതമെന്ന നിലയില്‍ കേരളത്തിന്‌ തിരികെ ലഭിക്കുന്നത്‌.

തമിഴ്‌നാടിന്റെ സമാനമായ വിഹിതം നാല്‌പതു പൈസയാണ്‌. കര്‍ണ്ണാടകത്തിന്റെ പങ്ക്‌ നാല്‌പത്തിയേഴു പൈസയാണ്‌. അതേസമയം ഉത്തര്‍പ്രദേശിന്‌ ഒരു രൂപ പിരിച്ചുകൊടുക്കുമ്പോള്‍ തിരിച്ചുകിട്ടുന്നത്‌ ഒരു രൂപാ എഴുപത്തൊമ്പതു പൈസയാണ്‌. ഇതിനും പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ ആപല്‍ക്കരമായ ചില നിര്‍ദ്ദേശങ്ങളാണ്‌ നീതി ആയോഗിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ വാറ്റിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടുകയാണെങ്കില്‍ വിഹിതവിതരണവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമായിത്തിരുമെന്ന്‌ കേരളാമുഖ്യമന്ത്രി ശ്രീ. പിണറായി വിജയനടക്കമുള്ളവര്‍ ഉല്‍കണ്‌ഠ പ്രകടിപ്പിച്ചിട്ടുമുണ്ട്‌.

സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും അണിയറയില്‍ ശ്രമം നടന്നുവരുന്നു. പൊതുവിപണിയില്‍ നിന്ന്‌ കടമെടുക്കുന്നതിന്‌ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഒരു നിയമഭേദഗതി ധനക്കമ്മീഷന്‍ സര്‍ക്കാരിനുമുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്‌.

സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സാധ്യത ജി.എസ്‌.ടി.യിലൂടെ ഇല്ലാതാക്കിയതിനു പുറമേയാണ്‌ ഈ പുതിയനീക്കമെന്നത്‌ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടി വരും. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായാല്‍ ഇരുപതിനായിരംകോടി രൂപ കേരളത്തിന്‌ നഷ്ടപ്പെടുമെന്നാണ്‌ നമ്മുടെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ പറയുന്നത്‌.

കൊളോണിയല്‍ ഭരണത്തില്‍ ആശ്രിതരാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിശ്‌ചയിക്കേണ്ടതും അനുവദിച്ചു തരേണ്ടതും ചക്രവര്‍ത്തിയാണ്‌. ഈ ജനാധിപത്യയുഗത്തിലും കൊളോണിയല്‍ അവശിഷ്ടങ്ങളുടെ ദുരിതങ്ങള്‍ നമുക്ക്‌ അനുഭവിേക്കണ്ടിവരും.

കേരളത്തിലെ റെയില്‍വേയുടെ സ്ഥിതി തന്നെ നോക്കാം. പണ്ടേ അനുവദിച്ചതും എന്നും വാര്‍ത്തകളില്‍ സ്ഥലം പിടിച്ചുനില്‍ക്കുന്നതുമായ കോച്ച്‌ ഫാക്ടറി ഇപ്പോഴും നിലം തൊടാതെ നില്‍ക്കുന്നു. റെയില്‍വേ സോണിന്റെ കാര്യം ആണെങ്കില്‍ കഷ്ടാല്‍ കഷ്ടതരമാണ്‌.

ഓരോ വര്‍ഷവും കേരളാസോണില്‍ വരേണ്ട ഭാഗങ്ങള്‍ മുറിച്ചുമാറ്റി പുതിയസോണുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം അവഗണനകള്‍ ഈ മേഖലകളില്‍ മാത്രമല്ല, സാര്‍വ്വത്രികമായുണ്ട്‌. ആന്ധ്രയും തെലുങ്കാനയും വാഗ്‌ദാനലംഘനമാരോപിച്ചുകൊണ്ട്‌ കേന്ദ്രവുമായി സമരത്തിലാണ്‌. അവരിലൊരു കക്ഷിയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചിറങ്ങിയാണ്‌ സമരം ചെയ്യുന്നത്‌.

തമിഴ്‌നാട്ടിലെ ഭരണകക്ഷി പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചുകൊണ്ടാണ്‌ സമരംചെയ്യുന്നത്‌. പെരിയാറിന്റെ കാലംമുതല്‍ ദ്രാവിഡാഭിമാനത്തിന്റെ വികാരം തമിഴകത്ത്‌ ശക്തമാണ്‌. ഭാഷകളുടേയും സംസ്‌കാരത്തിന്റെയും കാര്യത്തിലാണെങ്കില്‍ ദ്രാവിഡജനത അവഗണിക്കപ്പെടുകയാണെന്ന വികാരം എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ട്‌.

നദീജലതര്‍ക്കം, പ്രാദേശികഭാഷകളുടെ പദവി, സാംസ്‌കാരികമായ അവഗണന മുതലായ വിഷയങ്ങളില്‍ കര്‍ണ്ണാടകവും അസംതൃപ്‌തരാണ്‌. കേന്ദ്രവിരുദ്ധവികാരം അവിടെയും ആളിപ്പടരുകയാണ്‌.

ഇന്ത്യാചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുപറയാറുള്ള ഒരു സൂത്രവാക്യമുണ്ട്‌:

'ആര്യാവര്‍ത്തം ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കും.'

ആര്യാവര്‍ത്തം എന്നാല്‍ വിന്ധ്യഹിമാലയങ്ങള്‍ക്കിടയിലുള്ള പുണ്യഭൂമി എന്നാണ്‌ അമരസിംഹന്‍ അര്‍ത്ഥം പറഞ്ഞിരിക്കുന്നത്‌. ദക്ഷിണേന്ത്യ പാപഭൂമി എന്നാവും വിവക്ഷ. ദ്രാവിഡരായ ദക്ഷിണേന്ത്യക്കാര്‍ രണ്ടാംകിടപൗരന്മാരാണെന്നര്‍ത്ഥം.

ആര്യദ്രാവിഡസംഘട്ടനങ്ങളുടേയും സമന്വയങ്ങളുടേയും സുദീര്‍ഘചരിത്രം പിന്നിട്ടാണ്‌ നാമിന്നിവിടെ എത്തിനില്‍ക്കുന്നത്‌. ഇന്നും ആര്യനധിനിവേശം ഉണ്ടെന്ന്‌ ദക്ഷിണേന്ത്യക്കാര്‍ക്ക്‌ തോന്നാനിടയാവുന്നത്‌ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭൂഷണമല്ല.

Advertisment