Advertisment

ദുബായ് പോലീസിന്റെ സഹായഹസ്തം

New Update

പോലീസ് എന്ന് കേൾക്കുമ്പോളും, അവരുടെ വാഹനങ്ങൾ കാണുമ്പോളും ഒരു സാധാരണക്കാരന് എന്താണ് തോന്നുക? ഇഷ്ടപെടാത്ത എന്തോ അപശകുനം മുന്നിൽ വന്നുനിൽക്കുന്നതുപോലെ അല്ലേ? ഒപ്പം താൻ എന്ത് തെറ്റാണ് ചെയ്തത് എന്നൊരു ചോദ്യം മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും.

Advertisment

എന്നാൽ മനുഷ്യത്വം, നന്മ എന്നിവയ്ക്ക് പര്യായമാകാനും പോലീസ് എന്ന പദത്തിന് കഴിയും എന്നൊരു അനുഭവമാണിത്. പോലീസ് ആപത്തിൽ താങ്ങായും, തുണയായും സഹായഹസ്തവുമായി എങ്ങനെ മുന്നിലവതരിക്കാം എന്ന് 2006 -ലെ ഒരു പ്രഭാതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞു.

എൻറെ കസിൻ സെക്കൻഡ് ഹാൻഡ് വണ്ടിയെടുത്തിട്ട് രണ്ട് ആഴ്ച മാത്രമേ ആയിട്ടുള്ളൂ. എന്നും അതിരാവിലെ എണീറ്റ് ആറുമണിക്ക് ഞങ്ങൾ റാഷിദിയായിൽനിന്നും ദുബായ് മറീനയിലെ പ്രോജക്ട് ഓഫീസിലേക്ക് യാത്രയാകും.

publive-image

തണുപ്പ് വിട്ടകലാൻ മടിച്ചുനിന്ന ആ പ്രഭാതത്തിൽ ഞങ്ങൾ അന്നും പതിവുപോലെ യാത്ര ആരംഭിച്ചു. റാഷിദിയായുടെ പ്രാന്തപ്രദേശങ്ങൾ എല്ലാം തകൃതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഫെസ്റ്റിവൽ സിറ്റി, ദുബായ് എയർപോർട്ട് ടെർമിനൽ മൂന്ന്-പണികൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ. പുതുതായി പണികഴിഞ്ഞ എയർപോർട്ട് ടണലും കടന്ന് ടെർമിനൽ മൂന്നിന്റെ അടുത്തുള്ള വലിയ സിഗ്നലിൽ എത്തിയപ്പോൾ കാർ പെട്ടെന്ന് നിശ്ചലമായി!!

ബ്രേക്ക് ടൗൺ !

ചുവന്ന ട്രാഫിക് സിഗ്നൽ മാറി പച്ചനിറമായപ്പോൾ വണ്ടി ഓഫായി. വീണ്ടും സ്റ്റാർട്ടാകുന്നില്ല. പുറകിൽ കിടന്നിരുന്ന വാഹനങ്ങൾ ഹോണടിയോടെ ഹോണടി. ചിലർ ചീത്തവിളിക്കുന്നു. നല്ല തിരക്കുള്ള സമയത്ത് ട്രാഫിക്കിൽ ഞങ്ങൾ എന്തെടുക്കുകയാണെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. പക്ഷേ ഉടനെതന്നെ അത് ബ്രേക്ക് ഡൗൺ ആണെന്ന് മനസ്സിലാക്കിയവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. പച്ച സിഗ്‌നൽ മാറി വീണ്ടും ചുവന്ന സിഗ്‌നൽ വന്നു.

വേറെ വഴിയില്ലാതെ ഞങ്ങൾ പുറത്തേക്കിറങ്ങി. സൂര്യകിരണങ്ങൾ മെല്ലെ മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്ക് വരാൻ പരാക്രമം കാണിക്കുന്നു. ഞങ്ങൾ സർവ്വശക്തിയുമെടുത്ത് വണ്ടി തള്ളി. നടുറോഡിൽ നിന്നും ഓരത്തേക്ക് കാർ നീക്കി ബോണറ്റ് തുറന്നവച്ചപ്പോളേക്കും വിയർത്തുകുളിച്ചിരുന്നു.

വണ്ടിയൊന്ന് ഒതുക്കി ഒന്ന് ശ്വാസം വിട്ടപ്പോളാണ് അതുവഴി റോന്തുചുറ്റിവന്ന ദുബായ് പോലീസിന്റെ ലാൻഡ് ക്രൂസർ വാഹനം ഞങ്ങളുടെ മുന്നിൽ വന്ന് ബ്രേക്കിട്ടത്. സൈഡ് ഗ്ളാസ് തുറന്ന് അവർ ഞങ്ങളോട് കാര്യം തിരക്കി. പെട്ടെന്ന് പോലീസുകാരെകണ്ട ഞങ്ങൾ അമ്പരന്നു. എന്തുചെയ്യണം എന്നറിയാതെ അന്തിച്ചുനിന്ന ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകണം ഒരു പോലീസുകാരൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പൊക്കിവച്ച ബോണറ്റിലേക്ക് നോക്കി അയാൾ പരിശോധന തുടങ്ങി.

"വണ്ടിയുടെ ബാറ്ററി വർക്ക് ചെയ്യുന്നില്ല...!" ഒരു ഓട്ടോമൊബൈൽ ടെക്‌നീഷ്യനെപ്പോലെ പോലീസുകാരൻ പറഞ്ഞു. അതുകേട്ട് ഞങ്ങൾ പരസ്‌പരം മുഖത്തോട് മുഖം നോക്കി. പോലീസിന്റെ വണ്ടിയിൽ നിന്നും ഞങ്ങളുടെ വണ്ടിയിലേക്ക് ചാർജെടുത്ത് വണ്ടി സ്റ്റാർട്ടാക്കാൻ കേബിൾ ഉണ്ടോ എന്ന് ഞങ്ങളൊട് ചോദിച്ചു. ഇല്ല എന്നുത്തരം പറഞ്ഞപ്പോൾ പഴയവണ്ടിയിൽ ഇതൊക്കെ അത്യാവശ്യം വയ്ക്കണ്ടതല്ലേ എന്നയാൾ നീരസപ്പെട്ടു.

"റിക്കവറി വിളിക്ക്. വേറെ രക്ഷയില്ല. ഇത് തിരക്കുള്ള എയർപോർട്ട് റോഡാണ്. ഇവിടെ അധികനേരം വണ്ടി ഇങ്ങനെ ബ്രേക്ക് ഡൗൺ ആക്കിയിടാൻ പറ്റില്ല. എത്രയും വേഗം എടുത്തുകൊണ്ടുപോകണം"

ഞങ്ങൾ റിക്കവറി വിളിക്കാൻ പരിചയമുള്ള ഒരു വർക്ഷോപ്പ്കാരൻ മുഖേന ശ്രമിക്കുകയായാണ്. റിക്കവറിക്കാർ വരും എന്നുറപ്പായപ്പോൾ പോലീസുകാരൻ പറഞ്ഞു.

"ഇവിടെ റാഷിദിയായിൽ തന്നെ ധാരാളം ഗാരേജുകൾ ഉണ്ട്. വേഗം അവിടെവിടെങ്കിലും ചെന്ന് ബാറ്ററി മാറ്റിക്കൊള്ളൂ.

അതും പറഞ്ഞ് ഞങ്ങൾ നോക്കിനിൽക്കെ ലാൻഡ് ക്രൂസർ ചീറിപാഞ്ഞുപോയി. പോകുന്ന വഴിക്ക് 'വേഗം, വേഗം' എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചാണ് അവർ പോയത്.

ഞങ്ങൾ ദീർഘനിശ്വാസം വിട്ടു. വണ്ടി ബ്രേക്ക് ഡൗൺ ആയതിനേക്കാൾ സംഭ്രമം പോലീസുകാരുടെ സാന്നിധ്യം ആയിരുന്നു. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന മസാഫിയുടെ ചെറു ബോട്ടിൽ ഇതിനകം കാലിയായി. തൊണ്ട വീണ്ടും വരണ്ടുതുടങ്ങി. നടുറോഡിൽ എവിടെ ദാഹജലം? ഏതുവഴിയാണ് വരുന്നതെന്ന് ഊഹമില്ലാത്തതിനാൽ നാലുപാടും റിക്കവറി വാഹനം വരുന്നുണ്ടോ എന്നുനോക്കി ഞങ്ങൾ അങ്ങനെ നിൽപ്പ് തുടർന്നു.

അഞ്ച്, പത്ത്, പതിനഞ്ച്... സമയം അടർന്നുവീണുകൊണ്ടേയിരുന്നു. മുന്നിൽ ചീറിപ്പാഞ്ഞകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ സീൽക്കാരം സമയം കഴിയുംതോറും നെഞ്ചിടിപ്പ് കൂട്ടികൊണ്ടിരിക്കുകയാണ്.

റിക്കവറി എവിടെ??! പുറപ്പെട്ടു എന്ന് പറഞ്ഞിട്ട് ഏറെനേരമായി. കാത്തിരിപ്പ് എത്രമാത്രം ക്ഷമ നശിപ്പിക്കും എന്ന് അപ്പോൾ മനസ്സിലായി. പോലീസ് ഇനി അടുത്ത വരവ് വരുംമുമ്പേ സ്ഥലം വിടണം. അല്ലെങ്കിൽ ഒരുപക്ഷേ നല്ല ഫൈൻ കിട്ടിയേക്കാം.

പ്രതീക്ഷയുടെ നാലുകണ്ണുകൾ പരിസരം ഉഴിഞ്ഞുകൊണ്ടിരുന്നപ്പോൾ അതാ വരുന്നു... അതേ ലാൻഡ് ക്രൂസർ!! ദുബായ് പോലീസ്..! ഒരു റൗണ്ട് പൂർത്തിയാക്കി അവർ വരുന്ന വരവാണ്.

ഈശ്വരാ... പോലീസുകാരുടെ ചീത്തവിളിയും ഫൈനും ഉറപ്പ്. അരമണിക്കൂറായിട്ടും റിക്കവറി വന്നില്ലല്ലോ. എന്തുചെയ്യുമെന്ന് ഞാനും കസിനും കണ്ണോട് കണ്ണുകൾ നോക്കി ചോദിച്ചു. അപ്പോളേക്കും ആ ലാൻഡ് ക്രൂസർ മുന്നിൽ വന്ന് ഇരച്ചുനിന്നു.

"ഹബീബി... വാട്ട് ഹാപ്പെൻഡ്..?" അതേ പോലീസുകാരൻ ഡോർതുറന്ന് ധൃതിയിൽ ഞങ്ങളുടെ അടുത്തേക്ക്. "ഇവിടെ ഇങ്ങനെ കിടന്നാൽ ട്രാഫിക് പ്രശ്നമാകില്ലേ? എന്താണ് താമസം?" അയാൾ വീണ്ടും വീണ്ടും തിരിക്കി.

റിക്കവറി വിളിച്ചിട്ട് വരാത്തത് ഞാൻ പറഞ്ഞു. ഒരുനിമിഷം ആലോചിച്ച ശേഷം ആ പോലീസുകാരൻ ലാൻഡ് ക്രൂസറിനുള്ളിൽ ഇരുന്ന പോലീസുകാരനെക്കൂടി വിളിച്ചു. അയാളും പുറത്തേക്ക് ഇറങ്ങിവന്നു. എന്താണവരുടെ ഉദ്ദേശം എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തിച്ച് നിൽക്കുകയാണ്.

"വാ വാ.. വണ്ടി ദാ, ആ പണി നടക്കുന്ന സ്ഥലത്തേക്ക് ഉന്തിക്കൊണ്ട് പോകാം.. അതാകുമ്പോൾ റിക്കവറി വരും വരെ നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകില്ല"

ഇതും പറഞ്ഞ് അവർ കസിനോട് വണ്ടിക്കകത്തേക്ക് കയറാൻ പറഞ്ഞു. രണ്ടു പോലീസുകാരും ഞാനും വണ്ടി പുറകിൽനിന്നും ആഞ്ഞുതള്ളാൻ തുടങ്ങി. ടെർമിനൽ ,മൂന്നിന്റെ പണി നടക്കുന്ന സെക്യൂരിറ്റി ഗേറ്റിനടുത്തേക്ക് ഞങ്ങൾ ഒരുവിധത്തിൽ വണ്ടി എത്തിച്ചു.

"അഹ്‌മദ്‌ .." പോലീസുകാരൻ ചെറിയ ക്യാബിനിൽ ഇരുന്ന് ഞങ്ങളെ വീക്ഷിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി ഓടി വന്നു. പ്ലാസ്റ്റിക് ബാരിക്കേഡുകൾ ഉന്തിത്തള്ളി ഞങ്ങളുടെ വണ്ടിക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കാൻ സെക്യൂരിറ്റിയും കൂടെ കൂടി.

വിയർത്ത് കുളിച്ച് നിന്ന എൻറെ തോളിലേക്ക് ഒന്ന് തട്ടി പോലീസ് ചോദിച്ചു.

"സുഹൃത്തേ.. എന്തേ ക്ഷീണിച്ചോ?" മറുപടിയായി ഞാൻ ഒരു ചെറുചിരി മാത്രം നൽകുമ്പോൾ അയാൾ അടുത്ത ചോദ്യം.

"നിങ്ങൾ എവിടെയാണ് ജോലിചെയ്യുന്നത്?" ഞാൻ ഉത്തരം പറഞ്ഞു.

"ഓഹോ.. അപ്പോൾ ഇന്ന് ഈ വണ്ടി ശരിയാക്കിയ ശേഷം നിങ്ങൾക്ക് ജോലിക്ക് പോകണം അല്ലേ?"

"അതെ" ഞാൻ തലയാട്ടി "ഏഴുമണിക്കാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഇപ്പോൾ ഒത്തിരി താമസിച്ചു"

അതുകേട്ടപ്പോൾ അയാൾ കൂടെയുള്ള പോലീസുകാരനോട് അറബിയിൽ എന്തോ പറഞ്ഞു. എന്നിട്ടവർ തമ്മിൽ ചിരിച്ചുകൊണ്ട് എന്നോട് തുടർന്നു.

"നിങ്ങൾ ഇപ്പോൾ തന്നെ വിയർത്ത് കുളിച്ച് ആകെ ക്ഷീണിച്ചില്ലേ? ഇനി ഓഫീസിൽ ചെന്ന് എങ്ങനെ ജോലി ചെയ്യും? ഇന്ന് അവധി എടുത്തുകൂടെ?"

അവധിയോ? ഞാൻ പോലീസുകാരനെ തുറിച്ച് നോക്കിയത് അയാൾ അറിഞ്ഞു. ഇപ്പോൾ തന്നെ ഓഫീസിൽ നിന്ന് നിരവധി ഫോൺ വിളികൾ വന്നുകഴിഞ്ഞു. അപ്പോളാണ് അവധി?!

"ഇല്ല പോകണം.. ഒത്തിരി പണിയുണ്ട്..."

"എന്ത് പണി? ഇത്ര ക്ഷീണിച്ച്, വണ്ടിയും നന്നാക്കി എങ്ങനെ നിങ്ങൾ ജോലിചെയ്യും? നിങ്ങൾ പോയി വിശ്രമിക്കൂ.."

പോലീസുകാരൻ ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു.

"നീയൊരു കാര്യം ചെയ്യ്.. മാനേജരെ വിളിച്ചിട്ട് എനിക്ക് ഫോൺ താ.. ഞാൻ കാര്യം പറയാം. ഞാൻ പറയുമ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലാകും" ഇതും പറഞ്ഞ് എൻറെ ഫോൺ വാങ്ങാനായി പോലീസുകാരൻ കൈ നീട്ടി.

ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഉടനെ പ്രതിവചിച്ചു.

"അയ്യോ വേണ്ട... ഞങ്ങൾക്ക് ക്ഷീണമൊന്നുമില്ല. വണ്ടി ശരിയാക്കിയ ശേഷം ഇത്തിരി വിശ്രമിച്ചിട്ട് ഞങ്ങൾ ജോലിക്ക് പൊയ്‌ക്കൊള്ളാം ..നന്ദി.." ഞാൻ അത് പറഞ്ഞുകൊണ്ടിരുന്നപ്പോളേക്കും റിക്കവറി വാഹനം ഞങ്ങളുടെ അടുത്ത് വന്നുനിന്നു.

ആ പോലീസുകാർ ഞങ്ങളുടെ കാർ റിക്കവറിയിൽ കയറ്റിക്കഴിയും വരെ അവിടെ തന്നെ നിന്നു.

അവസാനം ഞങ്ങൾ റിക്കവറി വാഹനത്തിൽ കയറുമ്പോൾ പോലീസുകാരൻ കൈ ഉയർത്തികാണിച്ച് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഗിവ് മീ യുവർ അറബാബ് നമ്പർ.. ഐ വിൽ കാൾ ഹിം.. യു ബോത്ത് ടേക്ക് റസ്റ്റ്.. ഒകെ..??"

ഞാൻ വലതുകൈ വണ്ടിക്കുള്ളിൽ നിന്നും പുറത്തേക്കിട്ട് "വേണ്ട.. നന്ദി.." എന്ന് വിളിച്ച് പറഞ്ഞു.

റിക്കവറി വണ്ടി ഗാരേജിലേക്ക് പായുമ്പോൾ സെക്യൂരിറ്റിയോട് ബാരിക്കേഡ് നേരെ വക്കാൻ നിർദേശം നൽകി നല്ലവരായ ആ പോലീസുകാർ വണ്ടിയെടുത്ത് മുന്നോട്ടു പോകുന്നത് ഞാൻ മങ്ങിയ കാഴ്ചയിൽ കണ്ടു.

ഗാരേജിലെത്തി ബാറ്ററിയും മാറി ഇത്തിരിനേരം വിശ്രമിച്ച് വെള്ളവും കുടിച്ച് ഞങ്ങൾ ദുബായ് മറീനയിലുള്ള ഓഫീസിലേക്ക് യാത്രയായി.

ഇത് ദുബായ് പോലീസ്.

പോലീസ് എന്നാൽ ആൾക്കാരെ കുറ്റവാളികളെപ്പോലെ സമീപിക്കുകയല്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ച അനുഭവം. സ്വദേശികളായ അവർ വിദേശികളായ ഞങ്ങളോടൊപ്പം വിയർത്ത് കുളിച്ച് വണ്ടി ഉന്തിത്തരുമ്പോൾ അവർ ഒരു പോലീസ് കാരല്ല പിന്നെയോ നല്ലൊരു സമരിയാക്കാരനെപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ആപത്തിൽ സഹായിക്കുന്നതാണ് മനുഷ്യത്വം അഥവാ തങ്ങളുടെ ജോലി എന്ന് മനസ്സിലാക്കിയവർ.

എന്നെപ്പോലെ ആയിരക്കണക്കിന് പ്രവാസികൾക്ക് അന്നവസ്ത്രാദികൾ മാത്രമല്ല സുരക്ഷയും തരുന്ന നഗരമാണ് ദുബായ്. ഏതുരാത്രിയിലും ആൺ-പെൺ വ്യത്യാസം ഇല്ലാതെ നിങ്ങൾക്കിവിടെ സഞ്ചരിക്കാം. നിങ്ങളുടെ സുരക്ഷക്കായി കണ്ണും കാതും കൂർപ്പിച്ച് അവർ ജാഗരൂകരായിരിക്കുന്നു. എന്നെപ്പോലെ ലക്ഷക്കണക്കിനാൾക്കാർ പഠിച്ച് സർട്ടിഫിക്കറ്റുകളും ഫയലിൽ തിരുകി നിത്യവൃത്തിക്കുള്ള ഒരു ജോലിക്കായി നാട്ടിൽ പല വാതിൽ മുട്ടി ഒരു വഴിയും ഇല്ലാതെ അലയുമ്പോൾ, ഒരു പോറ്റമ്മയെപോലെ കൈപിടിച്ചു വേണ്ടതൊക്കെ തന്ന ഒരു ചെറു രാജ്യം.

ഞാൻ വെറുതെ ഒന്ന് സ്വപനം കാണുകയാണ്. ഇതേപോലെ സഹായഹസ്തവുമായി പൊതുജന സേവകർകൂടിയായി നമ്മുടെ നാട്ടിലെ പോലീസും മാറുന്ന കാലം. സ്വപ്‌നങ്ങൾ ആണല്ലോ എക്കാലവും യാഥാർഥ്യമാകുന്നത്. യാഥാർഥ്യങ്ങളാണല്ലോ ഇത്തരം കുറിപ്പുകൾ കുറിക്കുവാൻ മനസ്സ് ചുരത്തി തൂലികയിൽ അക്ഷരങ്ങളായി പിറന്നുവീണ് മുന്നിൽ കരചരണങ്ങൾ ഇളക്കി പുഞ്ചിരിതൂകുന്നത്.

ഇവിടെ പെറ്റമ്മയെപ്പോലെ പോറ്റമ്മയും തലോടുകയാണ്. സ്നേഹത്തലോടൽ.

Advertisment