Advertisment

അരിവാങ്ങണോ നികുതി അടയ്ക്കണോ എന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കരുത് ! നികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും 7.5 ലക്ഷമാക്കണം. കൂടിയ നികുതി പരിധി 10 ല്‍ നിന്നും 30 ആക്കണം. ജനങ്ങളെ നികുതി വെട്ടിക്കുന്നവരാക്കാതെ നികുതി അടയ്ക്കുന്നവരാക്കുന്ന പരിഷ്കാരങ്ങള്‍ ഇങ്ങനെ ... 

New Update

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം. കേന്ദ്രത്തില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന കാലം. ഒരു ദേശീയ മാധ്യമത്തിന് അന്ന് നരേന്ദ്രമോഡി നല്‍കിയ അഭിമുഖം രാജ്യത്തെ നികുതിദായകര്‍ക്ക് വിശാല കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിയാലുള്ള പ്രതീക്ഷയായിരുന്നു സൃഷ്ടിച്ചത്.

Advertisment

നികുതിഘടനയെ സംബന്ധിച്ച ചോദ്യത്തിന് മോഡിയുടെ മറുപടി ഇതായിരുന്നു, "നികുതി പരിധി പുതുക്കണം. വരുമാനത്തിന്റെ തോത് 2 ല്‍ നിന്നും ആറോ ഏഴോ ആയി ഉയര്‍ത്തട്ടെ. ആദ്യം ജനങ്ങള്‍ തന്നെ തങ്ങള്‍ക്ക് വരുമാനമുണ്ടെന്നു സംമാതിക്കട്ടെ ".

പക്ഷെ ഒന്നും സംഭവിച്ചില്ല. മോഡി സര്‍ക്കാരിന്റെ 3 ബജറ്റുകള്‍ കഴിഞ്ഞു. കുറഞ്ഞ നികുതി പരിധി 2 ലക്ഷത്തില്‍ നിന്നും 2.5 ആയി ഉയര്‍ത്തിയതല്ലാതെ ഒരു പൊളിച്ചെഴുത്ത് ഉണ്ടായില്ല.

publive-image

വന്‍തോതില്‍ കള്ളപ്പണം ഇല്ലാതാക്കിയെന്നവകാശപ്പെട്ട നോട്ടു നിരോധനത്തിനുശേഷം ഉണ്ടായ 2017 - 18 ബജറ്റില്‍ നികുതി പരിധി പരിഷ്കരിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നികുതി ഘടനയില്‍ നേരിയ മാറ്റം മാത്രമായി ആ പ്രതീക്ഷ ഒടുങ്ങി. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 5 % നികുതിയെന്നാക്കി മാറ്റി. 10 ലക്ഷം വരെ 20 ശതമാനവും 10 നു മുകളില്‍ 30 ശതമാനവുമാക്കി.

അങ്ങനെയെങ്കില്‍ മോഡി അധികാരത്തിലെത്തും മുമ്പ് പറഞ്ഞ 7 ലക്ഷത്തിന്റെ വരുമാന പരിധി എവിടെ ?

മാസം 1000 രൂപ കൊണ്ട് സുഭിഷമായി ഒരു കുടുംബത്തിന് ജീവിത ചിലവുകള്‍ നടത്താവുന്ന കാലഘട്ടത്തിലെ നികുതി ഘടനയാണ് 2.5, 5, 10 എന്നതൊക്കെ. 6.5 രൂപയ്ക്ക് ഒരു കിലോ അരി കിട്ടിക്കൊണ്ടിരുന്ന കാലത്തെ വരുമാനവും നികുതി ഘടനയും കാല്‍ നൂറ്റാണ്ടിനപ്പുറവും തുടരുകയെന്നതാണ് ഒരു വികസ്വര രാഷ്ട്രത്തിന്റെ ഏറ്റവും വലിയ നാണക്കേട്.

ഇപ്പോള്‍ അരിയ്ക്ക് 45 രൂപ കൊടുക്കണം. വിദ്യാഭ്യാസ ചിലവ് വരുമാനത്തിനപ്പുറം. ജീവിത പ്രാരാബ്ദങ്ങള്‍ ഏറി. ഇതിനിടയില്‍ 'അരി വാങ്ങണോ നികുതി കൊടുക്കണോ ?' എന്നതാണ് രാജ്യത്തെ സാധാരണക്കാരന്‍ ഉന്നയിക്കുന്ന ചോദ്യം.

publive-image

മോഡിയില്‍ നിന്നും അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും രാജ്യത്തെ നികുതിദായകര്‍ പ്രതീക്ഷിക്കുന്നതും അതാണ്‌. നികുതി പരിധി ഉയര്‍ത്തണം. നിലവിലെ ഉപഭോക്താക്തൃ വില സൂചിക പ്രകാരം കുറഞ്ഞ നികുതി പരിധി 7.5 ലക്ഷമായി നിശ്ചയിക്കണം. നിലവില്‍ 2.5 ലക്ഷമാണത്. രണ്ടാമത് പരിധി 15 ലക്ഷമായി നിശ്ചയിക്കട്ടെ. നിലവില്‍ 5 ലക്ഷമാണ്. മൂന്നാമത് പരിധി 10 ല്‍ നിന്ന് 30 ലക്ഷമായും ഉയര്‍ത്തട്ടെ. അതാണ്‌ കലാനുസൃതമായ നികുതി ഘടന.

7.5 ലക്ഷം വരെ വരുമാനക്കാരെ നികുതിയില്‍ നിന്നും ഒഴിവാക്കണം. പകരം 2.5 നു മുകളില്‍ 7.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ നിന്നും 500 - 1000 രൂപ സെസ് പിരിക്കട്ടെ. അത് നിലവില്‍ കിട്ടുന്ന നികുതിയേക്കാള്‍ അധികമായിരിക്കും.  അവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി കണക്ക് സമര്‍പ്പിക്കാന്‍ സാഹചര്യം ഒരുക്കുക.

7.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനക്കാരില്‍ നിന്നും 5% നികുതി പിരിക്കണം. 15 മുതല്‍ 30 ലക്ഷം വരെ 10 % നികുതി. 30 നു മുകളില്‍ 30%. എന്നിട്ടും നികുതി വെട്ടിക്കുന്നവര്‍ക്ക് 100% പിഴ ചുമത്തി നികുതി പിരിവ് കര്‍ശനമാക്കാം.

publive-image

മോഡി പണ്ട് പറഞ്ഞതുപോലെ ആദ്യം അവര്‍ വരുമാനമുള്ളവരാണെന്ന് തെളിയിക്കട്ടെ. മാന്യമായ വരുമാനത്തിലെത്തിയാല്‍ അവര്‍ നികുതി ഒടുക്കട്ടെ. അങ്ങനെ അവര്‍ നികുതി അടയ്ക്കുന്നവരായി മാറട്ടെ.

കുറഞ്ഞ വരുമാനക്കാരായിരിക്കെ നികുതി വെട്ടിക്കാന്‍ നിര്‍ബന്ധിതരായ ജനതയെ മാന്യമായ വരുമാനക്കാരായിരിക്കെ നികുതി അടയ്ക്കാന്‍ പ്രേരിപ്പിക്കുന്നവരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ധര്‍മ്മം. എന്നിട്ടും നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷയും പിഴയും ഉറപ്പാക്കണം.

 

pre budget
Advertisment