Advertisment

ദയവു ചെയ്ത് സിനിമ കണ്ടിറങ്ങുന്നവർ കഥാപാത്രങ്ങൾക്ക് പകരം 'ടിയാനെ' നെഞ്ചിലേറ്റല്ലേ ...!!

author-image
admin
New Update

അജു ഐസക് പടയാറ്റില്‍

Advertisment

സാധാരണക്കാരന് അപ്രാപ്യമായ "മായികലോകമായ" സിനിമയിലെ താരങ്ങളെ നേരിൽ കാണുമ്പോൾ ഒരു സന്തോഷവും കൗതുകവും തോന്നുന്നതും അത് പ്രകടിപ്പിക്കുന്നതും സ്വഭാവീകമാണ് . യാതൊരു മുൻപരിചയം അവരുമായില്ലെങ്കിലും ഒരു സെൽഫി എടുക്കുന്നതും , കുശലാന്വേഷണം നടത്തുന്നതൊന്നും ഒരു കുറ്റമായി കാണാനുമാകില്ല ...

പക്ഷെ , താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം അതിരാവിലെ തന്നെ തിയറ്ററിനു മുന്നിലുള്ള കട്ടൗട്ടിൽ പാലഭിഷേകം നടത്തി , "ആരതിയുഴിഞ്ഞ്" നടത്തുന്ന കലാപരിപാടി അടിയന്തിരമായി നിർത്തേണ്ടതാണ് ... സിനിമാ താരങ്ങളെ ദൈവങ്ങളെ പ്പോലെ കാണുന്നു എന്നാണ് തമിഴ്നാട്ടുകാരേ കുറിച്ച് നമ്മൾ പറയുന്നത് . പക്ഷെ, നമ്മളും ഒട്ടും മോശക്കാരല്ലെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ..

publive-image

ആദ്യ സിനിമയിൽ മുഖം കാണിക്കുമ്പോൾ പ്രേക്ഷകരുടെ പിന്തുണ വേണമെന്ന് അപേക്ഷിക്കുന്നവർ രണ്ടു സിനിമ "ക്ലച്ച് പിടിച്ചാൽ " പിന്നെ പയ്യെപ്പയ്യെ കാര്യങ്ങൾ അവരുടെ വരുതിക്ക് നിർത്താനുള്ള ശ്രമം തുടങ്ങും ... കൂട്ടുകെട്ടുകളും ആ "റേഞ്ചിൽ " ആയിരിക്കും ..

പിന്നെ, ഫാൻസ് അസോസിയേഷനായി, നഗരത്തിന്റെ കണ്ണായ സ്ഥലം കയ്യേറലായി , " "ക്വട്ടേഷൻ " സംഘങ്ങളുമായി "നല്ല" ബന്ധങ്ങളൊക്കെയായി , അങ്ങനെ "കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള"പ്രയാണം ആരംഭിക്കുകയായി ..

ഇതെല്ലാ പുത്തൻപണക്കാരുടെയും പതിവ് ശൈലിയാണെങ്കിലും ഇക്കൂട്ടർക്ക് മാത്രം " സിനിമാതാരം" എന്ന പരിഗണനയിൽ സമൂഹത്തിന്റെ അമിതപിന്തുണയും ലഭ്യമാകും .. എന്തെങ്കിലും ആക്ഷേപമുണ്ടായാൽ തന്നെ ഒരു "ആക്ഷനും കട്ടിനും " ഇടയിൽ ഭൂമിയിലുള്ള "രസങ്ങൾ " മുഴുവനും മുഖത്ത് വാരിവിതറുന്നവർ അതെ മാർഗത്തിൽതന്നെ കാര്യങ്ങൾ അവർക്കനുകൂലമാക്കും ശ്രമിക്കും . കൂട്ടത്തിൽ , മുൻകാലത്ത് ചെയ്ത ചില സാമ്പത്തിക സഹായങ്ങൾ, മുൻനിര മാധ്യമങ്ങളിലൂടെയും , സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കും ...☺

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തിലും , സൊമാലിയയിലെ പട്ടിണിയെക്കുറിച്ചും വാതോരാതെ കസറും.. പക്ഷെ , കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയത്തിലും ഒരക്ഷരം മിണ്ടില്ല .

പിന്നെ, അധികം വൈകാതെ നേരിട്ടോ, അല്ലാതെയോ രാഷ്ട്രീയ പ്രവേശമാണ് .. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ ജനിച്ചത് മുതൽ തൊണ്ട കീറി “ജയ്” വിളിച്ചവർ പുറത്ത് , ഒരു സുപ്രഭാതത്തിൽ നൂലിൽ തൂങ്ങി ഇറങ്ങിയ ഇക്കൂട്ടർ അകത്തും. അതോടെ എല്ലാം "ശുഭം "..

സിനിമാക്കാരെ പൂർണ്ണമായി അടച്ചാക്ഷേപിക്കാനാകില്ലെങ്കിലും മിക്കവരുടെയും "യാത്ര " ഇത് പോലെ "സരോജ് കുമാർ റൂട്ടിലൂടെ " തന്നെയാണ്.

അതുകൊണ്ട് , ദയവു ചെയ്ത് സിനിമ കണ്ടിറങ്ങുന്നവർ കഥാപാത്രങ്ങൾക്ക് പകരം "ടിയാനെ" നെഞ്ചിലേറ്റല്ലേ ...!!

Advertisment