Advertisment

പ്രളയം വിതച്ചത് പ്രണയം കൂടിയാണ് ..

author-image
admin
New Update

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടതിന്റെ പൊരുൾ ഇപ്പൊ മനസിലാകാന്നുണ്ട്. കുറച്ചു ദിവസങ്ങളായി ദൈവങ്ങൾ ഇങ്ങനെ ഓടി നടക്കുകയാണ് കരയിലും കായലിലും കടലിലും തീരത്തും മലയിലും മലയിടിച്ചിലിലും ആകാശത്തും വിമാനത്തിലും ബോട്ടിലും വള്ളത്തിലുമൊക്കെയായി...

Advertisment

അഭയാർത്ഥി ക്യാമ്പിൽ നിന്നും സ്വന്തം വീട് തുറക്കാൻ വന്ന ഒരു പെണ്ണ് ഇന്നലെ പുലരിയിൽ ഇങ്ങനെ വിളിച്ചു പറയുന്നത് കേട്ടു; " ക്യാമ്പിൽ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു...ഒരേ സ്നേഹം ഒരേ സങ്കടം ഒരേ അപ്പം ഒരേ കരുതൽ ഒരേ തണുപ്പ് ഒരേ കരച്ചിൽ ഒരേ ആശ്വാസം...കൂടെ ഉള്ള എല്ലാവരുടെയും ഉള്ളിൽ ദൈവം ഉണ്ടെന്നു കണ്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്...

publive-image

വെള്ളം വിഴുങ്ങി കളഞ്ഞ വീടിന്റെ ഉമ്മറത്ത് നിന്ന് സ്വന്തം സ്വന്തം അമ്മ നിലവിളിച്ചു കരയുന്നത് കണ്ട ഒരു മകൻ ഇങ്ങനെ കുറിച്ചു ; "നിലവിളിക്കുന്ന അമ്മയെ കണ്ടു എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. കാരണം അങ്ങനെ കരയാനെങ്കിലും എന്റെ അമ്മയെ പ്രളയം ബാക്കി വച്ചല്ലോ! "

പതിനഞ്ചു പേരെ വഹിച്ചു കൊണ്ട് രണ്ടു മീൻ പിടുത്തക്കാർ അവരുടെ വഞ്ചി കരയിലെക്ക് പായിച്ചപ്പോൾ കുത്തൊഴുക്ക് കണ്ടു ഭയന്ന് നിലവിളിച്ച സഹോദരിമാരോട് അവർ പറഞ്ഞു : " ഞങ്ങൾ ഇതിനകത്തുള്ളപ്പോൾ നിങ്ങളാരും ഒരു തരി പോലും ഭയപ്പെടേണ്ട. ഇതൊക്കെ ഞങ്ങൾ കുറെ കണ്ടതാണ്". 'മീൻ പിടുത്തക്കാരെ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്ന വാക്യമൊക്കെ വെറുതെ ഓർത്തു പോകുന്നു.

ക്യാമ്പ് സന്ദർശിക്കാൻ വന്ന കളക്ടറോട് "ചേട്ടാ കുറച്ചു ഉപ്പെടുത്തു തരോ? " എന്ന് ചോദിച്ച കൊച്ചു പയ്യനും അവന്റെ ഇലയിലേക്ക് ഉപ്പും നമ്മുടെ ഉള്ളിലേക്ക് സ്നേഹവും വിതറിയിട്ടു ചിരിച്ചു നടക്കുന്ന ഒരു കളക്ടറേയും കണ്ടപ്പോൾ കരഞ്ഞു കൊണ്ട് ചിരിച്ചു.

മുഖം നിറയെ കണ്ണീരും അകം നിറയെ പ്രാർത്ഥനയും വയറിനകത്തു ഒരു ജീവനെയും വഹിച്ചു കാത്തു നിന്ന ഒരു പെണ്ണിനെ ആകാശമാർഗം വന്നു ആശുപത്രിയിൽ എത്തിക്കുകയും സുഖ പ്രസവത്തിനു ഇടമൊരുക്കുകയും ചെയ്ത ഒരു പട്ടാളക്കാരൻ ! അതിർത്തിക്ക് മാത്രമല്ല ഉദരത്തിനും കൂടി കാവലേർപ്പെടുത്തുന്നവർ!...

ഓഖിയുടെ പ്രഹരമുദ്ര നടുവിൽ നിന്ന് മാറിയിട്ടില്ലെങ്കിലും ഹൃദയത്തിൽ പെർമനന്റ് സ്നേഹമുദ്ര പതിപ്പിച്ച കടലിന്റെ മക്കൾ വള്ളം വജ്രായുധമാക്കിയാണ് ജലത്തോടും പ്രളയത്തോടും പട വെട്ടിക്കയറിയത്.

അഭയാർത്ഥി ക്യാമ്പുകളിലെ അമ്മമാരുടെ അധരത്തിൽ നിന്നും പ്രാർത്ഥന പിന്മാറിയിട്ടില്ല. ക്രിസ്തുവിന്റെ മേരിയും അല്ലാഹുവിന്റെ ആമിനായും കണ്ണന്റെ ദേവികയും ഒരുമിച്ചിരുന്നു പ്രാർത്ഥിച്ചപ്പോൾ ദൈവത്തിന്റെ പോലും കണ്ണ് നിറഞ്ഞു കാണണം. ഒരു കാര്യം ഉറപ്പാണ്. പ്രാർത്ഥന കേട്ടത് കൊണ്ട് മാത്രമല്ല ദൈവം ഇന്ന് ഈ ശാന്തത നൽകിയത്. അത് തീർച്ചയായും ദൈവം ഒരു കാഴ്ച കണ്ടത് കൊണ്ടാണ്- 'മനുഷ്യൻ മനുഷ്യനെ സ്വയം മറന്നു സ്നേഹിക്കുന്നത് കണ്ടത് കൊണ്ട്'. ഈശ്വരന്റെ സ്വപ്നവും അത് തന്നെയാണ്- പ്രപഞ്ചം മുഴുവനും പടർന്നിടേണ്ട ഒരു പ്രണയകാലം!

ഇന്നും വെള്ളം ഇറങ്ങാത്ത ഇടങ്ങളുണ്ടെന്നറിയാം, ക്യാമ്പുകളിൽ ലക്ഷങ്ങൾ പാർക്കുന്നുണ്ടെന്നുമറിയാം അവരിൽ അനേകർക്ക്‌ വീടില്ലെന്നുമറിയാം ചിലർക്ക് വീട്ടുകാരും, എങ്കിലും പ്രളയജലത്തോടൊപ്പം പ്രിയം നിറഞ്ഞവരുടെ കണ്ണീർപ്രളയം തടയാൻ മനുഷ്യരിങ്ങനെ സർവ്വം മറന്നു പാടുപെടുന്നത് കാണുമ്പോൾ നെഞ്ചിനകത്ത് സംതൃപ്തിയുടെ ഒരു കാറ്റടിക്കുന്നുണ്ട്...ഇത്രയധികം സ്നേഹമോ...ഇത്രയധികം നന്മയോ നമ്മുടെയൊക്കെ ഉള്ളിൽ!

സത്യമാണ്, ജലം കൊണ്ട് വന്നത് ചേറാണ് ചെളിയാണ് ദുരന്തമാണ് പക്ഷെ ഈ ചേറിൽ കാലു കുത്തി നിൽക്കുന്ന നമ്മുടെയൊക്കെ നെഞ്ചുണ്ടല്ലോ അതിൽ വേര് പിടിക്കുന്നത് സ്നേഹമാണ്...മനുഷ്യത്വമാണ്.

ഒറ്റപെട്ടു പോയവരെ തിരയുന്ന നമ്മുടെ കണ്ണിലും നിലവിളികൾക്കു കാതോർക്കുന്ന നമ്മുടെ കാതിലും ആശ്വസിപ്പിക്കാൻ അക്ഷരങ്ങൾ ഒരുക്കുന്ന നമ്മുടെ നാവിലും

മഴക്കാറ് പിടിച്ച മാനത്തിന് മീതെ വരച്ച മഴവില്ലു പോലുള്ള നമ്മുടെയൊക്കെ ചെറു ചിരികൾക്കും പ്രണയത്തിന്റെ പ്രഭയാണ്..

പ്രകൃതി...

നീ വിതച്ചത് പ്രളയമാണെങ്കിലും

ഞങ്ങൾ കൊയ്യുന്നത് പ്രണയമാണ്...

പ്രാർത്ഥനയോടെ ദൈവത്തിന്റെ സ്വന്തം കേരളം

Advertisment