Advertisment

വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണമാണോ ഗോള്‍വര്‍ക്കറുടെ വിചാരധാരയാണോ നമുക്കു വഴികാട്ടിയാവേണ്ടത്‌? വര്‍ത്തമാനകാലഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന മതസ്‌പര്‍ദ്ധകളില്‍ നാമെന്തു നിലപാടു സ്വീകരിക്കണം?

New Update

publive-image

Advertisment

"ലോകത്തെ സഹിഷ്‌ണുതയുടേയും സാര്‍വ്വദേശീയാംഗീകാരത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ച ഒരു മതത്തിന്റെ പ്രതിനിധിയെന്ന നിലക്കാണ്‌ ഞാനിവിടെ വന്നിരിക്കുന്നത്‌. സാര്‍വ്വദേശീയമായ സഹിഷ്‌ണുതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നുമാത്രമല്ല, എല്ലാമതങ്ങളുടേയും സത്യാവസ്ഥ ഞങ്ങളംഗീകരിക്കുകയും ചെയ്യുന്നു.

മതപരമായ പീഡനങ്ങളുടെ പേരില്‍ അഭയാര്‍ത്ഥാകളായി നാടു വിടേണ്ടിവന്നവരെ സഹോദരനിര്‍വ്വിശേഷം സ്വീകരിച്ചൊരു നാടാണ്‌ ഇന്ത്യ. അവര്‍ ദക്ഷിണേന്ത്യയിലെത്തി സ്വന്തനാട്ടിലെന്നപോലെ അവിടെ ജീവിക്കാന്‍ തുടങ്ങിയ അതേകാലയളവിലാണ്‌ റോമന്‍ ചക്രവര്‍ത്തി അവരുടെ വിശുദ്ധദേവാലയം തകര്‍ത്തുതരിപ്പണമാക്കിയത്‌.

അവരെ സ്വീകരിച്ച ഒരു മതത്തിന്റെയും ജനതയുടേയും പ്രതിനിധിയാണെന്നതില്‍ ഞാനഭിമാനിക്കുന്നു. കുട്ടിക്കാലത്ത്‌ ഞാന്‍ ആവര്‍ത്തിച്ചുരുവിട്ടിരുന്ന ഒരു മന്ത്രമുണ്ട്‌-ജനലക്ഷങ്ങള്‍ ജപിച്ചിരുന്ന ഒരു മന്ത്രം. അതിലൊരുഭാഗം ഞാനുദ്ധരിക്കട്ടെ:

...... പല പ്രദേശങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്ന അരുവികള്‍ ഒരുമിച്ചുചേര്‍ന്ന്‌ നദിയായി ഒഴുകി സമുദ്രത്തില്‍ ലയിക്കുന്നതുപോലെ മാര്‍ഗ്ഗങ്ങള്‍ ഭിന്നമാണെങ്കിലും ഒരേയൊരു മഹാലക്ഷ്യത്തിലെത്തിച്ചേരുന്നു. അസഹിഷ്‌ണുത, സങ്കുചിതചിന്ത, മതഭ്രാന്ത്‌ ഇവയെല്ലാം ഈ നാടിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഈ നല്ലഭൂമിയെ രക്തപങ്കിലമാക്കുകയും നാഗരികതയെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. അല്ലായിരുന്നെങ്കില്‍ ഈ ലോകം ഇന്നത്തേക്കാള്‍ എത്രയോ പുരോഗതിപ്രാപിച്ച ഒരു നല്ല രാജ്യമാവുമായിരുന്നു. "

1893 സെപ്‌റ്റംബര്‍ പതിനൊന്നാംതീയതി ചിക്കാഗോവില്‍ വച്ചു നടന്ന ലോകമതസമ്മേളനത്തിലെ സ്വാമി വിവേകാനന്ദന്റെ സുപ്രസിദ്ധപ്രഭാഷണത്തില്‍ നിന്നുള്ളതാണ്‌ മേലുദ്ധരിച്ച വരികള്‍.

മനുഷ്യമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ ആ പ്രസംഗത്തിനുശേഷം നൂറ്റിയിരുപത്തഞ്ചുവര്‍ഷങ്ങള്‍ കാലപ്രവാഹത്തില്‍ കൊഴിഞ്ഞുവീണിരിക്കുന്നു. നാമിന്ന്‌ രണ്ടായിരത്തി പതിനെട്ടിലാണ്‌ ജീവിക്കുന്നത്‌. ഇന്ത്യയുടെ വര്‍ത്തമാനകാലസ്ഥിതിയെന്താണ്‌?

കഴിഞ്ഞവര്‍ഷമാദ്യം മധ്യപ്രദേശില്‍ വിദിഷയിലെ സെന്റ്‌മേരീസ്‌ കോളേജിലേക്ക്‌ അഖിലഭാരതീയവിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഭാരതമാതാവിനെ സ്‌തുതിക്കുന്ന ഒരു ആരതി അവിടെ നടത്തി. ആരതി അടിച്ചേല്‍പ്പിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. വിദ്യാര്‍ത്ഥികളില്‍ സ്വദേശാഭിമാനം വളര്‍ത്താനാണ്‌ ഈ പരിപാടിയെന്ന്‌ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

കോളേജിന്റെ ഡയറക്ടര്‍ ഫാദര്‍ ജോഷ്വാ ദേവസ്സിയുടെ പ്രതികരണമിങ്ങനെ:

"മതന്യൂനപക്ഷങ്ങളില്‍ ഹൈന്ദവമതമൗലികവാദം അടിച്ചേല്‍പ്പിക്കാനുള്ള നിന്ദ്യമായ ശ്രമമാണിവിടെ അരങ്ങേറിയത്‌. ദേശാഭിമാനത്തെക്കുറിച്ചുള്ള അധരവ്യായാമം വെറുമൊരു മൂടുപടം മാത്രം. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങളിന്മേലുള്ള ഒരു അധിനിവേശം മാത്രമാണിത്‌."

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു ക്രിസ്‌ത്യന്‍ ധര്‍മ്മസ്ഥാപനമാണ്‌ അലയന്‍സ്‌ ഡിഫെന്‍ഡിംങ്‌ ഫ്രീഡം. അവരുടെ പഠനമിങ്ങനെ. മധ്യപ്രദേശില്‍ ഒരു ശതമാനത്തില്‍ താഴെമാത്രമാണ്‌ ക്രൈസ്‌തവജനസംഖ്യ. ക്രൈസ്‌തവദേവാലയങ്ങള്‍ക്കും ആതുരസേവനകേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ അസംഖ്യം കടന്നാക്രമണങ്ങളാണ്‌ പോയവര്‍ഷം മധ്യപ്രദേശില്‍ നടന്നത്‌.

അമേരിക്കയിലെതന്നെ ഓപ്പണ്‍ ഡോര്‍സ്‌ എന്ന ഒരു സന്നദ്ധസംഘടനയുടെ കണക്കുകള്‍ രാജ്യസ്‌നേഹികളെ നടുക്കുന്നതാണ്‌. ലോകരാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന അമ്പതുലോകരാജ്യങ്ങളില്‍ ഇന്ത്യക്ക്‌ പതിനഞ്ചാംസ്ഥാനമായിരുന്നു. ഇപ്പോഴത്‌ പതിനൊന്നാംസ്ഥാനമായി സ്ഥാനക്കയറ്റം ലഭിക്കുകയോ അധ:പതിക്കുകയോ ചെയ്‌തു.

കഴിഞ്ഞവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ക്രിസ്‌ത്യാനികള്‍ക്കെതിരായ കടന്നാക്രമണങ്ങളുടെ സംഖ്യ നാനൂറ്റിപ്പത്തായിരുന്നു. മുന്‍വര്‍ഷമാകട്ടെയത്‌ (ഒരു വര്‍ഷമാകമാനം) നാനൂറ്റി നാല്‌പത്തൊന്നായിരുന്നുവെന്നത്‌ പ്രത്യേകമോര്‍ക്കേണ്ടതാണ്‌. പള്ളികളെ അഗ്‌നിക്കിരയാക്കുക, പുരോഹിതരെ മര്‍ദ്ദിക്കുക, സാധാരണക്രിസ്‌ത്യാനികളെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുക-ഇതൊക്കെയാണ്‌ ഹിന്ദുത്വതീവ്രവാദികളുടെ കാര്യപരിപാടി.

ക്രിസ്‌ത്യാനികളും മഹമ്മദീയരും നിശ്ശബ്‌ദരായ രണ്ടാംകിടപൗരന്മാരായി ജീവിക്കുന്ന ഒരു ഹിന്ദുരാഷ്ട്രമാണ്‌ അവരുടെ ലക്ഷ്യം. ആര്‍.എസ്‌.എസിന്റെ പരമോന്നതനേതാവായിരുന്ന എം.എസ്‌. ഗോള്‍വാള്‍ക്കറിന്റെ പ്രസിദ്ധമായ ഒരു നിരീക്ഷണമുണ്ട്‌. അതിലിങ്ങനെ കാണുന്നു:

"....ഇന്ത്യയിലെ ഹൈന്ദവേതരജനസംഖ്യ ഹൈന്ദവസംസ്‌കാരം സ്വീകരിക്കണം. ഹിന്ദുമതത്തേയും ഇന്ത്യന്‍ഭാഷകളേയും ആദരിക്കണം. ഈ നാടിനോട്‌ നന്ദിയുള്ളവരാവണം. ഈ നാടിന്റെ സംസ്‌കാരത്തോടുള്ള അസഹിഷ്‌ണുത അനുവദനീയമല്ല. ചുരുക്കത്തില്‍ വിദേശബന്ധങ്ങളെല്ലാം ഉപേക്ഷിക്കണം. അല്ലെങ്കില്‍ പൗരാവകാശം പോലുമില്ലാതെ ഭൂരിപക്ഷത്തിനു കീഴടങ്ങി അടങ്ങിയൊതുങ്ങിയിവിടെ ജീവിക്കാം."

ഇപ്പോഴിന്ത്യ ഭരിക്കുന്ന മോദിയും ഭാരതീയജനതാപ്പാര്‍ട്ടിയും ഈ ഗോള്‍വാള്‍ക്കര്‍ വചനങ്ങളടെ പ്രചാരകരും പ്രയോക്താക്കളുമാണ്‌ എന്നതാണ്‌ ഏറെ ദു:ഖകരം. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌.

സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ക്രൈസ്‌തവന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കും ക്രൈസ്‌തവ സമൂഹത്തിനുമെതിരെ ഉണ്ടായ കടന്നാക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതേക്കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍ അതിനായിത്തന്നെ ഒരു സുദീര്‍ഘലേഖനം വേണ്ടിവരും.

വേട്ടയാടപ്പെട്ട ജൂതസമൂഹത്തിന്‌ ആതിഥ്യമരുളിയത്‌ കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളാണെന്ന സത്യം ചിക്കാഗോ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ അഭിമാനപൂര്‍വ്വം അനുസ്‌മരിച്ചതോര്‍ക്കുക. ഇന്ന്‌ വിവേകാനന്ദന്റെ നാട്ടില്‍ സഹോദരരായ അന്യമതസ്ഥരെ പീഡിപ്പിക്കുന്നത്‌ എന്തൊരു സാംസ്‌കാരികാധപ്പതനമാണ്‌!

പോരാ, സാംസ്‌കാരികാധപ്പതനമെന്നു പറഞ്ഞാല്‍ അത്‌ അത്യന്തം ലളിതവല്‍ക്കരണമായിത്തീരും. വിവേകാനന്ദന്‍ പറഞ്ഞതുപോലെ മതഭ്രാന്തെന്നാണ്‌ പറയേണ്ടത്‌. എന്നാല്‍ കേരളം ഇതിനൊരപവാദമാണ്‌. ഇവിടെ ക്രിസ്‌ത്യാനികള്‍ക്കോ മുഹമ്മദീയര്‍ക്കോ സ്വന്തം വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ജീവിക്കാന്‍ ഒരു പ്രയാസവുമില്ല.

കാരണം, ഹിന്ദുത്വതീവ്രവാദത്തിനെതിരെ ശക്തമായ ഒരിടതുപക്ഷസാന്നിദ്ധ്യം ഒരു പ്രതിരോധനിര തീര്‍ത്തുനില്‍ക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌, വലതുപക്ഷ ഹിന്ദുത്വശക്തികള്‍ക്ക്‌ കേരളത്തില്‍ വേരോടിക്കാന്‍ കഴിയാതെവരുന്നതും. ദേശീയപ്രസ്ഥാനവും സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളും ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും മാനവികതയുടേയും മൂല്യങ്ങള്‍തന്നെയാണ്‌ ഇന്നും കേരളത്തിനു വഴികാട്ടിയായി നില്‍ക്കുന്നത്‌.

ലേഖനാരംഭത്തിലുദ്ധരിച്ചുചേര്‍ത്ത വിവേകാനന്ദന്റെ വാക്കുകളാണോ ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണോ ഇന്ത്യയെ നയിക്കേണ്ടത്‌?ഉള്ളുചുട്ടാലോചിച്ച്‌ ഇന്ത്യന്‍ ജനത ഒരു തീരുമാനമെടുക്കേണ്ട ഒരു സുപ്രധാനഘട്ടത്തിലാണ്‌ നാമിപ്പോഴെത്തി നില്‍ക്കുന്നത്‌. നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ശക്തി.

ഭാരതീയസംസ്‌കാരം എന്നും വൈവിദ്ധ്യപൂര്‍ണ്ണമായിരുന്നു. എല്ലാംതല്ലിയൊതുക്കി ഏകശിലാരൂപമാക്കുന്ന ഏകാധിപത്യശൈലി നമുക്കുചേര്‍ന്നതല്ല. എല്ലാ വൈവിദ്ധ്യങ്ങളേയുമുള്‍ക്കൊള്ളുന്ന മതേതരജനാധിപത്യശൈലിയാണ്‌ നമ്മുടെ സംസ്‌കാരം. സങ്കുചിത മതചിന്തകളുടേയും വിഭാഗീയപ്രവണതകളുടേയും വിളനിലമായ ഹൈന്ദവയാഥാസ്ഥിതികത്വത്തെ ഇന്ത്യക്കെങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും?

വസുധൈവകുടുംബകം അല്ലെങ്കില്‍ ലോകമേ തറവാട്‌ എന്ന ഹൈന്ദവദര്‍ശനമാണ്‌ നമുക്കെന്നും മാര്‍ഗ്ഗദര്‍ശിയായി നില്‍ക്കുന്നത്‌. വിശ്വമാനവികതയുടെ വിളംബരനാദമായ വിവേകാനന്ദന്‍ നമുക്ക്‌ എന്നെന്നും വഴികാട്ടിയാകുമാറാകട്ടെ. മഹാത്മജിയെവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ നമുക്ക്‌ വിസ്‌മരിക്കാന്‍ കഴിയുമാറാകട്ടെ.

ബഹുസ്വരതയും ഭിന്ന-

വൈവിദ്ധ്യശുഭഭംഗിയും

സപ്‌തവര്‍ണ്ണാഞ്ചിതം മാരി-

വില്ലിന്‍ ശബളചാരുത

നാനാത്വത്തില്‍ തുടിക്കുന്നോ-

രേകത്വം നെഞ്ചിടിപ്പുപോല്‍

അതാണു ഭാരതത്തിന്റെ

ചൈതന്യം നിത്യനൂതനം

Advertisment