ഡോ: ജേക്കബ്ബ് വടക്കൻചേരിയുടെ അറസ്റ്റ് – കല്പറ്റ നാരായണൻ മാഷിൻ്റെ പ്രതികരണം

സമദ് കല്ലടിക്കോട്
Tuesday, September 11, 2018

ഹാത്മാഗാന്ധി പിൻതുsർന്ന ചികിത്സാരീതിയുടെ ഒരു പ്രചാരകനായ ഡോ ജേക്കബ്ബ് വടക്കൻചേരിയെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം സംഭ്രമജനകമാണ്. സർക്കാരിൻ്റെ അജ്ഞതയും വിവേകരാഹിത്യവും തെളിവാക്കുന്ന ഒരു സംഭവമാണ് ഇത്.

അലോപ്പതിയും ആയുർവ്വേദവും പ്രകൃതിചികിത്സയും പാരമ്പര്യ ചികിത്സയും അങ്ങനെ സാധ്യമായ എല്ലാ ചികിത്സാ ശാഖകളും ഒരു നാട്ടിൽ നില നില്ക്കേണ്ടതാണ്. അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും ആണ്.

വിഷങ്ങൾ ഉള്ള മരുന്നുകൾ വർജ്ജിച്ച് നല്ല ഭക്ഷണം കൊണ്ടും വ്യായാമം കൊണ്ടും രോഗം മാറ്റണം എന്ന് പറയുന്ന യഥാർത്ഥമായ അരോഗ്യത്തിൻ്റെ ഒരു വാക്താവിനെ ഈ വിധത്തിൽ ശിക്ഷിക്കുക വഴി ആരോഗ്യത്തെ സംബന്ധിച്ച സർക്കാരിൻ്റെ വികലമായ കാഴ്ചപ്പാടാണ് നാം കാണുന്നത്. അലോപ്പതിക്ക് ഒപ്പം നിന്നുകൊണ്ട് മന്ത്രി പറയുമ്പോൾ പ്രവർത്തിയ്ക്കുമ്പോൾ വാസ്തവത്തിൽ സ്വകാര്യ ആശുപത്രിയുടെ, മരുന്ന് ലോബിയുടെ കൊള്ളയ്ക്ക് കൂട്ട് നില്ക്കുകയാണ്.

അതിനെതിരെ സദാ പൊരുതിയിരുന്ന ഒരാളാണ് ഡോ ജേക്കബ്ബ് വാക്കൻചേരി. നല്ല ഭക്ഷണം കൊണ്ടും നല്ല വ്യായാമം കൊണ്ടും നല്ല വായു കൊണ്ടും സൂര്യപ്രകാശം കൊണ്ടും രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഇപ്പോഴത്തെ എലിപ്പനി തന്നെ നിയന്ത്രിക്കാൻ സാധിച്ചത് കാലാവസ്ഥ മാറി തെളിഞ്ഞ പകലുകൾ കേരളത്തിൽ വരുകയുംചെയ്തതു കൊണ്ടാണ്.

ഇത്തരം കാര്യങ്ങളെല്ലാം വിസ്മരിച്ച് കേവലം അലോപ്പതി മെഡിസിൻ്റെ ഭൃതിയാകുക എന്ന സമ്പ്രദായമാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. എല്ലാ ചികിത്സാ സമ്പ്രദായങ്ങൾക്കും പ്രാധാന്യമുണ്ട്. അതിൻ്റെ വഴികളൊക്കെ അതതിൻ്റെ വഴിക്ക് പോകണം.

അലോപ്പതിയോട് യാതൊരു വിരോധവുമില്ല. ചില പ്രത്യേക ഘട്ടങ്ങളിൽ അതനിവാര്യമായി തീർന്നേയ്ക്കാം. പക്ഷേ അനിവാര്യമല്ലാത്ത ഘട്ടങ്ങളിൽ വിഷം വമിക്കുന്ന പാർശ്വഫലങ്ങളുള്ള ഈ മരുന്നുകൾ കൊടുക്കണമോ. സ്വകാര്യ ആശുപത്രികൾക്കും മരുന്ന് ലോബിയ്ക്കും സഹായകരമായ നിലപാട് സ്വീകരിക്കണമോ എന്ന് സർക്കാർ ആലോചിക്കണം.

മാത്രമല്ല അങ്ങേയറ്റം തെറ്റായ കാര്യങ്ങൾ നടക്കുമ്പോൾ, ഒരു ബിഷപ്പ് വലിയ കുറ്റം ചെയ്തതായി നാം അറിഞ്ഞിട്ട് 75 ദിവസങ്ങൾ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഒരു സർക്കാരാണ് നല്ല ആരോഗ്യം ആശംസിക്കുന്ന, ഗാന്ധിയൻ മാർഗ്ഗങ്ങളിൽ ചരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നതാണ്, അമ്പരപ്പിക്കുന്നതാണ് .

×