Advertisment

മലയാളികള്‍ സംസ്ഥാനം പുനര്‍നിര്‍മ്മിക്കാന്‍ എന്തും നല്‍കാന്‍ തയാര്‍. പക്ഷേ, ചിലവ് ചുരുക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തുറന്നു പറയണം - പുന്നക്കൻ മുഹമ്മദലി

author-image
admin
New Update

പുന്നക്കൻ മുഹമ്മദലി. ജനറൽ സെക്രട്ടറി, ഇൻക്കാസ്. യു.എ.ഇ.

Advertisment

publive-image

കേരളത്തെ പുനർനിർമ്മിക്കാൻ ലോകത്തെങ്ങുമുള്ള മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയൻ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. ആയിരകണക്കിന് കോടി ചെലവ് വരുന്നതാണ് സംസ്ഥാനത്തിന്റെി പുനർ നിർമാണം. സർക്കാരിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ല അത്‌.

മലയാളികൾ ലോക സമൂഹം ആയതിനാൽ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തും. ഇപ്പോൾ തന്നെ സ്വദേശത്തും വിദേശത്തും ധനസമാഹരണം പുരോഗമിക്കുന്നുണ്ട്. ആളുകൾ പണം അയക്കുന്നുണ്ട്.

ഒരു മാസത്തെ ശമ്പളം പത്തു തവണയായി നൽകണമെന്ന പുതിയൊരു നിർദേശവും ഇതിനിടയിൽ മുഖ്യമന്ത്രി മുന്നോട്ടു വെച്ചു. അതിനു അനുകൂലമായ പ്രതികരണവും ഉണ്ടായി. പുനർനിർമാണവും ഫണ്ട് ശേഖരണവും വിജയിക്കണമെങ്കിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നു ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഒന്നാമതായി റീ ബിൽഡ് കേരള എന്ന പേരിൽ പ്രത്യേക നിധി രൂപീകരിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച തുക അവിടേക്കു മാറ്റണം. കാരണം മുഖ്യമന്ത്രിയുടെ നിധിയിൽ നിന്നു പല കാര്യങ്ങൾക്കും സഹായം നൽകുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വരെ അതിൽ നിന്നു പണം കൊടുക്കുന്നുണ്ട്.

റീ ബിൽഡ് കേരളക്കു ഒരു സ്റ്റിയറിങ് കമ്മിറ്റി വേണം. മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം ഉൾപ്പെടുന്ന ഒന്നായിരിക്കരുത് അത്. പ്രതിപക്ഷ നേതാവ് അതിൽ ഉണ്ടായിരിക്കണം. പരിസ്ഥിതി വിദഗ്ധരും നിർമാണ രംഗത്തെ വിദഗ്ധരും വേണം. സംസ്ഥാന അടിസ്ഥാനത്തിൽ ഈ സമിതിക്കു പുറമെ ജില്ലകളിലും സമിതി വേണം. പണം ചെലവഴിക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങൾ വേണം.

വരവു ചെലവുകൾ പരസ്യപ്പെടുത്തണം. മത്സര ടെൻഡറുകൾ ഇല്ലാതെ ഒരു പ്രവർത്തിയും ഒരു ഏജൻസിക്കും നൽകരുത്. സർക്കാർ സ്ഥാപനമാണെങ്കിലും ടെണ്ടറിൽ പങ്കെടുക്കണം.

ജനങ്ങളോട് പണം ആവശ്യപ്പെടുമ്പോൾ സർക്കാർ ചെലവ് ചുരുക്കി മാതൃക കാണിക്കണം. പ്രളയത്തിനു നടുവിൽ ഒരു മന്ത്രിയെ പുതുതായി വാഴിച്ചത് തെറ്റായ നടപടിയായിരുന്നു. മന്ത്രിക്കും പേഴ്സണൽ സ്റ്റാഫിനും കൂടി വർഷത്തിൽ അഞ്ചു കോടി രൂപ അധിക ചെലവ് വരും. ഒരാവശ്യവുമില്ലാതെ ചീഫ് വിപ്പ് തസ്തിക സൃഷ്ടിക്കാൻ പോകുന്നതായി വിവരമുണ്ട്. അത് നിർത്തി വെക്കണം.

ചീഫ് വിപ്പ് ഭരണപരമായ ഒരു ജോലിയുമില്ലാത്ത ആലങ്കാരിക തസ്തികയാണ്. മുപ്പതോളം പേരെ പേർസണൽ സ്റ്റാഫായി നിയമിക്കുന്നുമുണ്ട്. രാഷ്ട്രീയ ഭിക്ഷാംദേഹികളെ സർക്കാർ ചെലവിൽ തീറ്റിപ്പോറ്റുന്ന പരിപാടിയാണിത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു ചീഫ് വിപ്പ്, ചീഫ് വിഴുപ്പ് ആയതു നാട്ടുകാർ കണ്ടതാണ്. ഒരു ജോലിയും ഇല്ലാതിരുന്നതു കൊണ്ടാണത്. അതിനാൽ അങ്ങിനെയൊന്നു വേണ്ടെന്നു വെക്കണം.

ഇതേ പോലെ യാതോരു പ്രയോജനവുമില്ലാത്ത ചില കമ്മീഷനുകളുണ്ട്. ഭരണ പരിഷ്കാര കമ്മിഷൻ പോലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുടിയിരുത്താനാണ് ഈ കമ്മിഷൻ ഉണ്ടാക്കിയത്. ക്യാബിനറ്റ് പദവിയിൽ വിഎസിന് ശമ്പളവും കാറും മറ്റു ആനുകൂല്യങ്ങളും നൽകുന്നു.

കമ്മീഷനിലെ മറ്റു അംഗങ്ങൾക്ക് വേണ്ടിയും ലക്ഷങ്ങൾ ചെലവാക്കുന്നു. എം എൽ എ യുടെ ശമ്പളത്തിന് പുറമെയാണ് വിഎസിന് ചെയർമാന്റെ ശമ്പളം. അദ്ദേഹമാകട്ടെ ഓഫിസിൽ പോലും പോകുന്നില്ല. ഈ കമ്മിഷൻ അടിയന്തിരമായി പിരിച്ചു വിടണം.

മുഖ്യമന്ത്രിക്ക് കണക്കില്ലാതെ ഉപദേശകരെ നിയമിച്ചിട്ടുണ്ട്. അതിൽ ശമ്പളം വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ശമ്പളം വാങ്ങാത്തവർ യാത്രാപ്പടി വാങ്ങുന്നുണ്ട്. സംസ്ഥാനത്തു ഒന്നിലേറെ ഡിജിപിമാരും എ ഡിജിപി മാരും ആഭ്യന്തര സെക്രട്ടറിയുമുണ്ടായിരിക്കെ എന്തിനാണ് പൊലീസിന് ഉപദേശകൻ? അതിനാൽ ഈ ഉപദേശക വൃന്ദത്തെ ഉടൻ പിരിച്ചു വിടണം.

സംസ്ഥാനത്തെ നിരവധി പൊതുമേഖലാ കമ്പനികളിൽ രാഷ്ട്രീയക്കാരെ ചെയർമാന്മാരായി നിയമിച്ചിട്ടുണ്ട്. ഇപ്പോഴും ഇത്തരം നിയമനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി തീരുന്നതു വരെ ഈ അലങ്കാര പദവികൾ വേണ്ടെന്നു വെക്കണം. സർക്കാർ ചെലവിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രക്ക് കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

ഇങ്ങിനെ ധൂർത്തും ദുർവ്യയവും അധിക ചെലവും ഒഴിവാക്കിയാൽ വർഷത്തിൽ കോടികൾ ലാഭിക്കാൻ കഴിയും. പുനർനിർമാണ ഫണ്ടിലേക്ക് അത്രയും തുക കൂടി നല്കാൻ കഴിയും. സർക്കാരിന്റെു ഭാഗത്തു നിന്നു ഇത്തരത്തിൽ ആത്മാർഥമായ സമീപനം ഉണ്ടായാൽ ഒരു മാസത്തെ ശമ്പളം പത്തു മാസം കൊണ്ടു തരാൻ ലക്ഷകണക്കിന് ആളുകൾ മുന്നോട്ടു വരും.

സ്വദേശ വിദേശ മലയാളികൾ ഇറങ്ങിത്തിരിക്കും. സർക്കാർ മാതൃകാപരമായി പ്രവർത്തിച്ചാൽ ജനങ്ങൾ കൂടെയുണ്ടാകും. കൂടെയുണ്ട് സർക്കാർ എന്നതാണല്ലോ പിണറായി സർക്കാരിന്റെം മുഖമുദ്ര. അതിനി കൂടെയുണ്ട് ജനങ്ങൾ എന്നു മാറ്റാനും കഴിയും.

Advertisment