Advertisment

കര്‍ണാടക കാത്തിരിക്കുന്നത് ഗവര്‍ണറുടെ ആ തീരുമാനത്തിനായി ; കുമാരസ്വാമിക്കുള്ള കോണ്‍ഗ്രസിന്റെ പിന്തുണക്കത്തില്‍ ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍

New Update

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായി വാലയിലേക്കാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ കര്‍ണാടകയില്‍ ആരെ ഗവര്‍ണര്‍ വാജുഭായ് വാല ആദ്യം ക്ഷണിക്കുമെന്നതാണ് പ്രധാന ചോദ്യം. ഏതെങ്കിലും പാര്‍ട്ടിക്കോ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണ് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാക്കുന്നത്.

Advertisment

തീരുമാനം ആര്‍ക്ക് അനുകൂലമായാലും അത് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. മോദിക്കു മത്സരിക്കാന്‍ വഴി മാറിക്കൊടുത്ത, ബിജെപിയുടെ ഇഷ്ടക്കാരനായ വാജുഭായി വാലയുടെ മുന്‍കാലചരിത്രം മുന്നിലുണ്ട്. ഗുജറാത്തിലെ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായിരുന്നു നിലവിലെ കര്‍ണാടക ഗവര്‍ണര്‍. നരേന്ദ്ര മോദിയുടെ പഴയ ഗുജറാത്ത് മന്ത്രിസഭയിലെ സഹപ്രവര്‍കനാണ് അദ്ദേഹം.

publive-image

നിലവിലെ സാഹചര്യത്തില്‍ ആരെ ആദ്യം ക്ഷണിക്കണം എന്ന് തന്റെ വിവേചനാധികാരമുപയോഗിച്ച് ഗവര്‍ണര്‍ക്കു തീരുമാനിക്കാം. എന്നാല്‍, വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആ അധികാരപ്രയോഗം നിയമപരമായി നിലനില്‍ക്കുന്നതാവണം. അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണമെന്നു തീരുമാനിക്കുമ്പോള്‍ ഗവര്‍ണര്‍ കണക്കിലെടുക്കേണ്ട അടിസ്ഥാന സംഗതിയായി കോടതി വ്യക്തമാക്കിയിട്ടുള്ളത് ഇതാണ്: ആര്‍ക്കാണ് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക? തിരഞ്ഞെടുപ്പിന്റെ അന്തിമഫലം തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്നു ലഭിച്ചശേഷമാണ് ആ വിലയിരുത്തല്‍ സാധ്യമാവുക.

2016ല്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജെ.പി.രാജ്‌കോവയുടെ നടപടികള്‍ പരിശോധിച്ചശേഷം സുപ്രീം കോടതി ഇങ്ങനെ വ്യക്തമാക്കി: കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണം രാഷ്ട്രപതി നിയമിക്കുന്ന എക്‌സിക്യൂട്ടിവ് നോമിനിയാണ് ഗവര്‍ണര്‍. അദ്ദേഹം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലും കുത്തിത്തിരിപ്പുകളിലും ഇടപെടരുത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ സമയം അനുവദിക്കുകയും ചെയ്യുന്നത് രാഷ്ട്രീയകുതിരക്കച്ചവടത്തിനു വഴിവയ്ക്കുന്ന സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിനാണ് ഭൂരിപക്ഷമെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. തങ്ങള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇരുപാര്‍ട്ടികളും ഒരുമിച്ച് സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയും അവര്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്താല്‍ നിയപരമായി അവരെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കേണ്ടതാണെന്ന് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ മേധാവി കെ.സി.മിത്തല്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഭൂരിപക്ഷം തെളിയിക്കുന്ന സഖ്യത്തെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും ഗോവയിലും മണിപ്പൂരിലും സംഭവിച്ചത് അതുതന്നെയാണെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കാമിനി ജയ്‌സ്വാളും പറയുന്നു. കുതിരക്കച്ചവടം തടയേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും അഡ്വ.കാമിനി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്ന കളി ധാര്‍മ്മികതക്ക് നിരക്കുന്നതല്ലെന്ന് ബിജെപി ആക്ഷേപിക്കുമ്പോള്‍ കളികള്‍ പലതും കളിച്ച ബിജെപിയുടെ പൂര്‍വ്വകാല ചരിത്രങ്ങള്‍ മുന്നിലുണ്ട്. മണിപ്പൂരിലും ഗോവയിലും ബിജെപി പയറ്റിയ അടവാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുന്ന സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നാണ് അന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. ഭരണഘടനാപരമായി അതാണു ശരിയെന്നും ജയ്റ്റ്‌ലി അന്നു ട്വീറ്റ് ചെയ്തു. ആ ട്വീറ്റ് ഇപ്പോള്‍ ബിജെപിയെ തിരിഞ്ഞുകൊത്തുന്നു.

ബിജെപി നിലപാടില്‍ മലക്കം മറിയുമ്പോള്‍ അവര്‍ തെളിച്ച വഴിയേ തന്നെയാണ് ഇന്ന് കോണ്‍ഗ്രസ് പോകുന്നത്. ഇന്ന് ധാര്‍മ്മികതയെ കൂട്ടു പിടിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ബിജെപിയുടെ മുന്‍നിലപാടനുസരിച്ച് ഗവര്‍ണര്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായ തീരുമാനമെടുക്കണം, അവര്‍ ഭൂരിപക്ഷം തെളിയിച്ചാല്‍. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയിലേക്കു നീങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു കഴിഞ്ഞു. അതിരു കടന്നാല്‍ നോക്കിയിരിക്കില്ലെന്ന് ഗുലാം നബി ആസാദിന്റെ വകയും താക്കീതുണ്ട്.

ജെഡിഎസും കോണ്‍ഗ്രസും കൈകോര്‍ത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ട 112 എന്ന സംഖ്യ തികക്കാനായാല്‍ ഇരുപാര്‍ട്ടികളും പരസ്പരം പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് (Letter of Support) ഗവര്‍ണര്‍ക്കു കൈമാറണം. ഇരു പാര്‍ട്ടികളുടെയും അധ്യക്ഷന്‍മാര്‍ ഈ പിന്തുണാക്കത്തില്‍ ഒപ്പു വെയ്ക്കണം. നേതാവിനെ തിരഞ്ഞെടുത്തതിനു ശേഷം സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യണം. എംഎല്‍എമാരുടെ ഒപ്പ് ഈ ഘട്ടത്തില്‍ ആവശ്യമില്ല. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്.

Advertisment