Advertisment

കൂട്ടത്തല്ലും കൂട്ടരാജിയും; തെരഞ്ഞെടുപ്പിന്റെ വരവറിയിച്ച് കോണ്‍ഗ്രസ് ! കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ ! തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മുല്ലപ്പള്ളിയെ മാറ്റണമെന്ന് ആവശ്യം ശക്തം. ഗ്രൂപ്പ് മാനേജര്‍ കൂറുമാറിയതോടെ സ്ഥാനം കൈക്കലാക്കാന്‍ എ ഗ്രൂപ്പിലും തര്‍ക്കം ! കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ ആറുമാസത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരിച്ചുവരാമെന്ന വലിയ പ്രതീക്ഷയിലാണ് യുഡിഎഫും കോണ്‍ഗ്രസും.

ഇതിന്റെ സൂചനകളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന തര്‍ക്കങ്ങളും തമ്മില്‍തല്ലുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗ്രൂപ്പു വ്യത്യാസമില്ലാതെയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കങ്ങളേറെയുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

സാധാരണ തെരഞ്ഞെടുപ്പ് അടുത്താല്‍ പരസ്യ വിമര്‍ശനവും വിഴുപ്പലക്കും കോണ്‍ഗ്രസില്‍ പതിവാണ്. ഇക്കുറിയും അതിനു മാറ്റമില്ലെന്നു തന്നെയാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കെപിസിസി അധ്യക്ഷനെ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ തര്‍ക്കങ്ങളുടെ തുടക്കം.

publive-image

കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള കെ മുരളീധരന്റെ രാജിയാണ് ഇതിന്റെ തുടക്കമായി വിലയിരുത്തുന്നത്. പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ പത്രത്തില്‍ കണ്ടാണ് താന്‍ അറിയുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാര്‍ട്ടി പുനസംഘടനയില്‍ തന്റെ രണ്ടു പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ലെന്നും മുരളീധരന് പരാതിയുണ്ട്.

കാര്യമായി പാര്‍ട്ടിയെ ചലിപ്പിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനം എ,ഐ ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. കരുത്തുള്ള നേതൃത്വമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പരാജയം ക്ഷണിച്ചുവരുത്തുമെന്നും നേതാക്കള്‍ പറയുന്നു. ഏകോപനമില്ലായ്മയാണ് മുല്ലപ്പള്ളിയുടെ പ്രധാന പോരായ്മയെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ തന്റേതായ ഒരു ഗ്രൂപ്പിന് മുല്ലപ്പള്ളി ശ്രമിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പുനസംഘടനയില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കിയപ്പോള്‍ തന്നെ ഇതു ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളിയുടെ നടപടികളൊക്കെയെന്നും പരാതി ഉയര്‍ന്നിരുന്നു.

publive-image

എന്നാല്‍ എംപി സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്ക് താന്‍ തടയിട്ടതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മുല്ലപ്പള്ളിയുടെ വാദം.

ഹൈക്കമാന്‍ഡിനെയും തന്റെ നിലപാട് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. അതിനിടെ ബെന്നി ബെഹന്നാന്‍ എ ഗ്രൂപ്പ് വിട്ടു ഐ ഗ്രൂപ്പില്‍ പോയതോടെ ആ സ്ഥാനം ആര്‍ക്കുവേണമെന്ന തര്‍ക്കം എ ഗ്രൂപ്പിലുമുണ്ട്. കെസി ജോസഫ് എംഎല്‍എയെ അംഗീകരിക്കാന്‍ മറ്റു നേതാക്കള്‍ക്ക് മടിയുണ്ട്.

ഇക്കാര്യം നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ ഐ ഗ്രൂപ്പില്‍ നടക്കുന്നത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യവും ചില ഐ ഗ്രൂപ്പ് നേതാക്കള്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്.

അതേസമയം കേരളത്തിലെ ഈ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് അസ്വസ്ഥരാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ അനുകൂല സാഹചര്യം ഇല്ലാതാകുമെന്നാണ് അവരുടെ ആശങ്ക.

congress
Advertisment