Advertisment

മലബാര്‍ രാഷ്ട്രീയത്തില്‍ നിന്നും മുല്ലപ്പള്ളിയെ വെട്ടാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ ! കെ മുരളീധരന്റെയും കെ സുധാകരന്റെയും പരസ്യ വിമര്‍ശനങ്ങള്‍ പലതും ലക്ഷ്യമിട്ട് ! പ്രാദേശിക നേതാക്കളും മുല്ലപ്പള്ളിയെ കൈവിടുന്നു. മുല്ലപ്പള്ളിയെ ഒതുക്കിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷമെന്ന വിലയിരുത്തലില്‍ ഗ്രൂപ്പ് മാനേജര്‍മാരും ! കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മോഹം അടയുന്നു ?

New Update

publive-image

Advertisment

കോഴിക്കോട്: മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ ഒതുക്കാന്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകര, കണ്ണൂര്‍ പ്രദേശങ്ങളില്‍ കെപിസിസി പ്രസിഡന്റ് നടത്തിയ ചില ഇടപെടുകള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. മുല്ലപ്പള്ളിയെ ഒതുക്കാന്‍ മലബാര്‍ മേഖലയിലെ നേതാക്കള്‍ ഒന്നിക്കാനൊരുങ്ങുകയാണ്.

ഇതിന്റെ സൂചനയാണ് കെ മുരളീധരന്റെയും കെ സുധാകരന്റെയും പരസ്യപ്രസ്താവനകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സീറ്റ് വിഭജനത്തിലുമൊക്കെ ഇടപെട്ട മുല്ലപ്പള്ളിയുടെ നീക്കത്തില്‍ ഇരുവരും കടുത്ത എതിര്‍പ്പാണ് ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രാദേശിക നേതാക്കളുടെ പിന്തുണയും മുരളീധരനും സുധാകരനുമൊപ്പമാണ്.

നേരത്തെ വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കെ മുരളീധരന്‍ എംപി നേരിട്ടാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഡിസിസി പ്രസിഡന്റിനെയും പ്രാദേശിക നേതൃത്വത്തെയും മറികടന്നു കെപിസിസി പ്രസിഡന്റിന്റെ താല്‍പ്പര്യങ്ങള്‍ വടകരയില്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് മുരളീധരന്‍ പ്രതിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപോലും സ്ഥലം എംപിയായ മുരളീധരന്‍ തയ്യാറായില്ല.

വടകരയില്‍ നേരത്തെ കെ മുരളീധരന് ലോക്‌സഭയിലേക്ക് വിജയിക്കാന്‍ സഹായകമായത് ആര്‍എംപിയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയുമൊക്കെ നിലപാടുകളായിരുന്നു. ഇതോടെ ആര്‍എംപിയുമായി പരസ്യ സഹകരണം എന്ന നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനു ഘടകവിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചിഹ്നവും നല്‍കി ആര്‍എംപിക്കെതിരെ മത്സരിപ്പിച്ചതിലാണ് മുരളീധരന്റെ ഇപ്പോഴത്തെ പരാതി.

പരാതി ഉന്നയിക്കാന്‍ പരസ്യ പ്രതിഷേധം തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. നേരത്തെ പലവിഷയങ്ങളിലും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനം മുരളീധരന്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ പല നേതാക്കളും ഇതിന് ഒളിഞ്ഞും തെളിഞ്ഞും മുരളിക്ക് പിന്തുണ നല്‍കിയിരുന്നു.

ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുല്ലപ്പള്ളിയോട് ഇടഞ്ഞ് കെ സുധാകരനും രംഗത്തുവന്നത്. തന്റെ സാമ്രാജ്യത്തില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മുല്ലപ്പള്ളി ഇടപെട്ടതില്‍ കടുത്ത അതൃപ്തിയാണ് സുധാകരനുമുള്ളത്. അത് അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

മലബാറിലെ രണ്ടു പ്രധാന നേതാക്കളുടെ ഈ പ്രതികരണത്തിന് പിന്നില്‍ പല ഗ്രൂപ്പുതാല്‍പ്പര്യങ്ങളും ഉണ്ടെന്ന കാര്യങ്ങള്‍ വ്യക്തമാണ്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുല്ലപ്പള്ളിയുടെ മോഹങ്ങളെ മുളയിലേ നുള്ളാനാണ് നേതാക്കളുടെ ഈ നീക്കങ്ങളെന്നും സൂചനകളുണ്ട്. നേരത്തെ പേരാമ്പ്രയില്‍ നിന്നും മത്സരിക്കാന്‍ മുല്ലപ്പള്ളി ചില നീക്കങ്ങള്‍ പ്രാഥമികമായി നടത്തിയിരുന്നു.

ഇതിനു തടയിടാനുള്ള നീക്കം ഇപ്പോഴെ പ്രദേശത്തെ ചില നേതാക്കള്‍ നടത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കാനാണ് സാധ്യത.

mullappally ramachandran
Advertisment