Advertisment

‘മോദിയുഗത്തിനു മുന്‍പുതന്നെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ട്.’; പുരുഷന്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

New Update

ന്യൂഡല്‍ഹി: പുരുഷന്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന വാദത്തെ പരിഹസിച്ച് പ്രതിപക്ഷം. പുരുഷന്റെ തുണയില്ലാതെ മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

Advertisment

അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് ഷക്കീല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ഹജ്ജിനു പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്റെ തുണ വേണമെന്നില്ല എന്ന തരത്തില്‍ ഇളവ് നല്‍കിയത് സൗദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

‘മോദിയുഗത്തിനു മുന്‍പ് തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീക്ക് രാജ്യത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. ഹജ്ജിന്റെ നിയമം അനുസരിച്ചില്ലെങ്കില്‍ സൗദി വിസ അനുവദിക്കില്ല. സ്വന്തം അനുയായികളെത്തന്നെയാണോ മോദി വിഡ്ഢികളാക്കുന്നത്?’.

നേരത്തെ പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് എത്തുന്നതിന് വിലക്കുണ്ടായിരുന്നു. നൈജീരിയയില്‍ നിന്നു ഹജ്ജിനു ചെന്ന ആയിരത്തോളം സ്ത്രീകളെ സൗദി മടക്കിയയച്ചതു 2012ല്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വ്യവസ്ഥ മാറ്റാന്‍ സൗദി തീരുമാനിച്ചത്.

വ്യവസ്ഥപ്രകാരം പുരുഷന്‍മാരുടെ ഒപ്പമല്ലാതെ സ്ത്രീകളെ ഹജ്ജിന് അയ്ക്കുന്നതിനു മറ്റു രാജ്യങ്ങള്‍ക്കു സൗദിയുമായി ഉഭയകക്ഷി കരാറാവാം. ഇതിനെയാണ് കാലങ്ങളായുള്ള അനീതി താന്‍ നീക്കിയതായി ‘മന്‍ കി ബാത്’ റേഡിയോ പ്രഭാഷണത്തിലൂടെ മോദി അവകാശപ്പെട്ടത്. പുരുഷന്‍മാരില്ലാത്ത നാലു സ്ത്രീകളുടെ വീതം സംഘങ്ങളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേത്.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളുടെ നാല്‍വര്‍ സംഘത്തെയാണു പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജ്ജിന് അനുവദിക്കുന്നത്. അത്തരത്തില്‍ യാത്ര ചെയ്യുന്നതിനു പിതാവോ ഭര്‍ത്താവോ സഹോദരനോ മകനോ അനുവദിക്കുന്നതായ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കണം. ഈ സൗകര്യത്തെ മലേഷ്യയും സിംഗപ്പൂരുമുള്‍പ്പെടെ പല രാജ്യങ്ങളിലുമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

modi
Advertisment