കേരളാ കോൺഗ്രസുകളെ ഭയന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടുനിന്നേക്കും ! നിയമസഭാ രേഖകളിൽ കേരളാ കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിൻ ! റോഷിയുടെ വിപ്പ് അനുകൂലമാകില്ലെങ്കിൽ പ്രതിസന്ധി ഉറപ്പ് ! തൽക്കാലം വിവാദം ഒഴിവാക്കാൻ തീരുമാനം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 31, 2020

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കില്ല.

കേരളാ കോൺഗ്രസ് തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇരു കേരളാ കോൺഗ്രസുകളും സ്വീകരിക്കാൻ സാധ്യതയുള്ള നിലപാടുകൾ സംബന്ധിച്ച ആശങ്കയാണ് തീരുമാനത്തിന് കാരണം.

മാത്രമല്ല രണ്ട് രാജ്യസഭാ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ഇടതു മുന്നണിയ്ക്ക് നിയമസഭയിൽ ഉള്ളതിനാൽ യുഡിഎഫ് മത്സരത്തിനു നിന്നുകൊടുക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്ന സന്ദേഹവുമുണ്ട്.

ഭയക്കുന്നത് കേരളാ കോൺഗ്രസുക്കളെ !

രാജ്യസഭാ തെരഞ്ഞെടുപ്പിൽ അതാത് പാർട്ടികൾ നൽകുന്ന വിപ്പിനനുസരിച്ചായിരിക്കും എംഎൽഎ മാർ വോട്ട് രേഖപ്പെടുത്തുക. എന്നാൽ പരസ്പരം പിളർന്നു നിൽക്കുന്ന കേരളാ കോൺഗ്രസുകളിൽ ആര് ആർക്ക് വിപ്പ് നൽകുമെന്ന സന്ദേഹം ബാക്കിയാണ്.

മാത്രമല്ല, അതിൽ ജോസ് പക്ഷത്തെ യുഡിഎഫ് പുറത്താക്കിയിരുന്നു. അതിനാൽ അവരുടെ നിലപാട് യുഡിഎഫിന് അനുകൂലമാകില്ല.

വിപ്പ് ഇപ്പോഴും റോഷി തന്നെ !

പിളർപ്പിനുശേഷം നിയമസഭയിൽ വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനിൽ നിന്ന് മാറ്റി മോൻസ് ജോസഫിനെ ഏൽപ്പിച്ചതായി കാട്ടി പി ജെ ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

ഈ കത്ത് സ്പീക്കർ അംഗീകരിച്ചിട്ടില്ല. അതിനാൽ ഫലത്തിൽ സർക്കാരിനു മുന്നിൽ കേരളാ കോൺഗ്രസിന്റെ വിപ്പ് റോഷി അഗസ്റ്റിനാണ്.

അല്ലെങ്കിൽ ജോസഫിന്റെ കത്ത് പരിഗണിച്ച് മോൻസിനെ വിപ്പായി സ്പീക്കർ അംഗീകരിക്കണം. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല.

കാരണം കേരളാ കോൺഗ്രസിന്റെ ചിഹ്നം ഇലക്ഷൻ കമ്മീഷൻ മരവിപ്പിച്ചിരിക്കുകയാണ്. വിപ്പ് നൽകാൻ പി ജെ ജോസഫിന് അധികാരം ഇല്ലെന്ന് ഇലക്ഷൻ കമ്മീഷൻ രേഖാമൂലം നിർദേശം നൽകിയിട്ടുമുണ്ട്.

റോഷി വിപ്പ് നൽകിയാൽ ?

അങ്ങനെ വന്നാൽ നിയമസഭാ വെബ്‌സൈറ്റിൽ കേരളാ കോൺഗ്രസിന്റെ വിപ്പായ റോഷി അഗസ്റ്റിന് വിപ്പ് നൽകാം.

റോഷി യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി വിപ്പ് നൽകില്ല. മാത്രമല്ല, യുഡിഎഫിന് സ്ഥാനാർഥി ഉണ്ടെങ്കിൽ റോഷി ഇടതു സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വിപ്പ് നൽകിയാൽ അത് പ്രതിസന്ധി സൃസ്ടിക്കും.

വിപ്പ് ലംഘിച്ചാലും അത് നിയമ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
അതിനാൽ തന്നെ അത്തരമൊരു വിവാദം ഒഴിവാക്കാൻ തൽക്കാലം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.

ശനിയാഴ്‌ച  ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ജോസ് പക്ഷത്തെ മടക്കി കൊണ്ടുവരാൻ യുഡിഎഫ് ആലോചിക്കുന്നതിനാൽ പരസ്പരം അകൽച്ച വർധിക്കുന്ന തീരുമാനങ്ങൾ ഒന്നും വേണ്ടെന്നും ധാരണയുണ്ട്.

×