Advertisment

ആർടിപിസിആർ പരിശോധന കൂട്ടണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കണം; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളോട് കേന്ദ്രം

New Update

ഡൽഹി : കോവിഡ് ബാധയും മരണവും നിയന്ത്രിക്കാൻ ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാക്കണം എന്നും സംസ്ഥാനങ്ങളോട് നിർദേിച്ചു.

Advertisment

publive-image

പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനം കേസുകളും കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്. നാലായിരത്തിലേറെ പ്രതിദിന രോഗബാധിതരുമായി കേരളവും പശ്ചിമബംഗാളുമാണ് മുന്നിലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കർണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളോടും ആർടിപിസിആർ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു.

കേരളം ആദ്യഘട്ടത്തിൽ മാതൃകയായെങ്കിലും ഇപ്പോൾ ഓരോ ആഴ്ചകളിലും രോഗബാധിതർ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. പരിശോധന കുറയുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്തെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനായി എല്ലാ സംസ്ഥാനങ്ങളും വിവരവിനിമയം, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) എന്നിവ ഊർജിതമാക്കണം. സർക്കാർ ആശുപത്രികളിൽ ഓക്സിജൻദായക ചെടികൾ വെക്കണമെന്നും നിർദേശമുണ്ട്.. മഹാരാഷ്ട്രയിൽ ആശുപത്രിയിലെത്തുന്നവരിൽ ആദ്യ 48 മണിക്കൂറിൽ മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് വിലയിരുത്തൽ.

മധ്യപ്രദേശിൽ ആദ്യ 24 മണിക്കൂറിൽ 26 ശതമാനം രോഗികളും പശ്ചിമബംഗാളിൽ 20 ശതമാനവും രാജസ്ഥാനിൽ 25.6 ശതമാനവുമൊക്കെ രോഗികൾ മരണമടയുന്നത് ആശങ്കാജനകമാണ് കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രയിലും കർണാടകത്തിലും 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും മരണനിരക്ക് കുറയ്ക്കാൻ നടപടിയെടുക്കണം എന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

covid 19 covid test
Advertisment