Advertisment

ഇന്ത്യ പിടിച്ചുകെട്ടിയില്ല... കുതിച്ചുകയറി ! നാലുമാസംകൊണ്ട് പത്തുലക്ഷമായിരുന്ന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 30 ദിവസങ്ങൾകൊണ്ടുമാത്രം 15.2 ലക്ഷം ഉയർന്നു ! അതിൽ അഞ്ചിലൊന്നിലേറെയും മഹാരാഷ്ട്രയിൽനിന്ന് ! കേരളം ആശ്വാസതീരത്തുതന്നെ പക്‌ഷേ ?

New Update

publive-image

Advertisment

ഡൽഹി:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം പെരുകുന്നതിൽ ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു മാസമായി വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

ആദ്യ നാല് മാസങ്ങള്‍കൊണ്ട് രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷമായിരുന്നെങ്കില്‍ അവസാനത്തെ 30 ദിവസങ്ങള്‍കൊണ്ടുമാത്രം എണ്ണം 15 ലക്ഷമാണ് ഉണ്ടായിരിക്കുന്നത്.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷമാകാന്‍ ജൂലൈ 16 വരെ സമയം എടുത്തെങ്കില്‍ 16 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള 31 ദിവസംകൊണ്ടുമാത്രം ആകെ എണ്ണം 25 ലക്ഷത്തിലെത്തി. ഇന്ന് ഇതുവരെ പ്രഖ്യപിച്ച കണക്കുകള്‍ പ്രകാരം ആകെ എണ്ണം 25.2 ലക്ഷമാണ്. മരണം 49134.

ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയില്‍നിന്നുതന്നെ - 5.72 ലക്ഷം. അതായത് രാജ്യത്തെ ആകെ രോഗബാധിതരില്‍ അഞ്ചിലൊന്നിലേറെയും മഹാരാഷ്ട്രയില്‍നിന്നാണ്.

തൊട്ടുപിന്നിലാണ് തമിഴ്‌നാട് - 3.26 ലക്ഷം. ആന്ധ്ര (2.73 ലക്ഷം), കര്‍ണ്ണാടക (2.03 ലക്ഷം), ഡല്‍ഹി (1.50 ലക്ഷം) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.

രോഗ വ്യാപനത്തിന്‍റെ സ്ഥിതിയില്‍ കേരളം ആശ്വാസ തീരത്തുതന്നെയാണ് - 16-ാം സ്ഥാനത്ത്. കേരളത്തിലെ ആകെ രോഗികളുടെ എണ്ണം ഇന്നലെ 41090 ആയി. നിലവില്‍ 14094 പേര്‍ ചികിത്സയിലാണ്.

ഇന്നലെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ - 1569. ഇതിനിയും വര്‍ദ്ധിക്കുമെന്നാണ് കാണ്‍പൂര്‍ ഐഐടിയുടെ പഠനങ്ങള്‍ പറയുന്നത്.  ആഗസ്റ്റുമാസം കേരളത്തിന് നിര്‍ണായകമത്രെ.

corona spread
Advertisment