കോവിഡ് പ്രതിരോധത്തില്‍ ലോക മാതൃകയെന്നോ?. അതോ മരണവ്യാപാരി എന്നോ?. ഏത് അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ!.

സത്യം ഡെസ്ക്
Thursday, July 23, 2020

ഇന്നലെ കോവിഡ് സ്ഥിതീകരിച്ചത് 1038 പേര്‍ക്ക്. കേരളത്തില്‍ രോഗികളുടെ എണ്ണം ആയിരം കടന്ന ആദ്യ ദിവസമാണ് കടന്നു പോയത്. അതില്‍ തന്നെ സമ്പര്‍ക്കത്തിലൂടെ
രോഗികളായവര്‍ 835.

ജനങ്ങളോട് തരിമ്പും പ്രതിബദ്ധതയില്ലാത്ത കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കേവലമായ
രാഷ്ട്രീയ മുതലെടുപ്പിന്റെ ഇരകളായത് രാജ്യത്തെ 130 കോടിയില്‍ പരം ജനങ്ങളാണ്. മാര്‍ച്ച്
23-ാം തീയതി ദേശിയ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രോഗികളുടെ എണ്ണം നാമമാത്രം.
പല സംസ്ഥാനങ്ങളിലും ഒരു രോഗി പോലും ഉണ്ടായിരുന്നില്ല.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ അര്‍ദ്ധരാത്രി പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു:
”ആരും എങ്ങോട്ടും പോകരുത്. എല്ലാവരും എവിടെയാണോ അവിടെ തന്നെ തുടരുക”
വിദേശത്തായാലും, അന്യസംസ്ഥാനങ്ങളിലായാലും അവിടെ തന്നെ തുടരണമെന്ന് പറഞ്ഞ് അന്തര്‍
സംസ്ഥാന ഗതാഗതവും അന്തര്‍ദേശിയ വിമാന സര്‍വ്വീസും നിരോധിച്ചു. ജനങ്ങളെയാകെ
പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തി പതിയെ പതിയെ രക്ഷകന്റെ വേഷത്തില്‍ എല്ലാവരെയും
കയ്യിലെടുക്കുകയായിരുന്നു നിഗൂഢലക്ഷ്യം.

വരാനും പോകാനുമുള്ളവരെ എല്ലാം ഒരു കട്ട് ഓഫ് തീയതി നിശ്ചയിച്ച് യാത്ര
ചെയ്യാന്‍ അനുവദിച്ച ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. നീണ്ട നാലുമാസത്തെ
ലോക്ഡൗണ്‍ – അണ്‍ലോക്ക് കാലം പിന്നിടുമ്പോള്‍ രാജ്യത്താകമാനമുള്ള രോഗികളുടെ എണ്ണം
പതിമൂന്ന് ലക്ഷത്തിലേക്ക് ഓടി അടുത്തു കൊണ്ടിരിക്കുന്നു.

കേവലം 519 രോഗികള്‍ മാത്രം ഉണ്ടായിരുന്ന കേരളത്തില്‍ രോഗികളുടെ എണ്ണം ഇതിനോടകം പതിനയ്യായിരം കഴിഞ്ഞു. കോവിഡ് നമ്മുടെ രാജ്യത്ത് പൊട്ടി മുളച്ചതല്ല. വിമാനങ്ങളില്‍ പറന്നിറങ്ങിയതാണ്.

വിമാനങ്ങളില്‍ പറന്നിറങ്ങിയവരെ സ്വതന്ത്രമായി അഴിച്ചു വിട്ടശേഷം രോഗികളല്ലാത്ത 130 കോടി
ജനങ്ങളെ അടച്ചുപൂട്ടിയിട്ട തുഗ്ലക് പരിഷ്‌ക്കാരത്തിന് രാജ്യം വലിയ വില കൊടുക്കേണ്ടി വന്നു. എല്ലാ
മേഖലകളും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. അത്യധികം ആശങ്കാജനകമായ ദിനങ്ങളാണ് രാജ്യത്തെ
കാത്തിരിക്കുന്നത്.

വിമാനങ്ങളില്‍ പറന്നിറങ്ങിയവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തിരുന്നു എങ്കില്‍ രാജ്യത്ത്
ഒരാള്‍ക്കു പോലും കോവിഡ് പകരില്ലായിരുന്നു. വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് മടങ്ങേണ്ടി
വരും എന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രി നല്‍കിയത്.

ഭീകരവാദ ബന്ധമുള്ള അന്തര്‍ദേശിയ സ്വര്‍ണ്ണ കള്ളക്കടത്തിലും, കോടികളുടെ അഴിമതിയില്‍
കുളിച്ച സ്പ്രിംഗ്ലര്‍, ഈമൊബിലിറ്റി കരാറുകളിലും, വിവാദ കണ്‍സല്‍റ്റന്‍സി കരാറുകളിലും
എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായപ്പോഴാണ് വീണ്ടും സമ്പൂര്‍ണ്ണ
ലോക്ഡൗണ്‍ സൂചന വരുന്നത്. എല്ലാം അര്‍ത്ഥ ഗര്‍ഭമാണ്.

എന്തിനും ഏതിനും എപ്പോഴും കുറ്റം പറയുന്നത് ഒരു സുഖമില്ലാത്ത കാര്യമാണ്.
കോവിഡ് പ്രതിരോധത്തില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാരുകളെ പറ്റി എങ്ങനെ നല്ലതു പറയാനാവും?.

കോവിഡ് ഒരു യാഥാര്‍ത്ഥ്യമാണെന്നും കോവിഡിനോടൊപ്പം ജീവിക്കാന്‍
പഠിക്കണമെന്നും ഉദ്‌ഘോഷിക്കുന്ന വിദേശ രാജ്യങ്ങളുടെ ശൈലി നമ്മുടെ രാജ്യത്തിന് ചേരില്ല.
അവിടെയൊക്കെ ജനസാന്ദ്രത തീര്‍ത്തും കുറവാണ്. ജനങ്ങള്‍ നമ്മേക്കാള്‍ ആരോഗ്യവാന്മാരുമാണ്.
നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയും ശരാശരി ആരോഗ്യ സ്ഥിതിയും ഒന്നും
കോവിഡിനോടൊപ്പം ജീവിക്കാന്‍ പറ്റിയതല്ല.

പ്രതിരോധ മരുന്നോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രോഗികളുമായി
ഇടപഴകാതിരിക്കുക മാത്രമാണ് ഏക പോംവഴി. കോവിഡിന് തങ്ങളെ ഭയമാണെന്ന
അഹങ്കാരത്തോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതില്‍ അഭിമാനം കൊണ്ടവരെ രാജ്യത്തെ 130
കോടി ജനങ്ങള്‍ വിലയിരുത്തുന്നത് എപ്രകാരമായിരിക്കും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?.
ലോക്ഡൗണ്‍ കാലത്ത് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിച്ച് സമരം
ചെയ്ത പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കെതിരെ എണ്ണമറ്റ കേസ്സുകള്‍. കോവിഡ് പ്രോട്ടോക്കോള്‍
ലംഘിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരെ അണി ചേര്‍ത്ത് സമര പേക്കൂത്ത് നടത്തിയ ഭരണകക്ഷിക്കാര്‍ക്കെതിരെ ഒരു കേസുപോലും എടുത്തിട്ടില്ല.

അതാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍!. പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ നഗ്നമായി ലംഘിച്ച് ജനക്കൂട്ടത്തെ സൃഷ്ടിച്ച് പരീക്ഷ നടത്തിയവരും, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ മരണപ്പെട്ട കുറ്റവാളിയുടെ ശവസംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചവരും ഒക്കെ തന്നെയാണ് കോവിഡ് പ്രതിരോധത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കാന്‍ നെട്ടോട്ടം ഓടുന്നത്. കോവിഡ് പ്രതിരോധത്തില്‍ ലോക മാതൃകയെന്നോ?. അതോ മരണവ്യാപാരി എന്നോ?. ഏത് അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ!.

വാല്‍കഷണം
സത്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത് ഇപ്പോഴാണ്. ഏറ്റവും വിലപിടിച്ച  സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു പൂശിയാലും മാറില്ലാത്തത്ര ദുര്‍ഗന്ധമുണ്ട് അഴിമതി രോഗത്തിന്.  വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും അഴിമതി മൂടി വയ്ക്കാനാവില്ല.

അഡ്വ : അശോകന്‍. എസ്

×