Advertisment

'സുരക്ഷിത ക്രമാനുഗത വ്യവസ്ഥാപിത കുടിയേറ്റം ' എന്നതാണ് ആഗോള പ്രവാസ ഉടമ്പടിയുടെ കാതല്‍

New Update

സുരക്ഷിത ക്രമാനുഗത വ്യവസ്ഥാപിത കുടിയേറ്റം ' എന്നതാണ് ആഗോള പ്രവാസ ഉടമ്പടിയുടെ കാതല്‍. 2016 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു സമ്മേളിച്ച 193 രാജ്യങ്ങള്‍ അഗീകരിച്ചതാണ് ഈ ഉടമ്പടി. ലോകത്തിലെ മുഴുവന്‍ പ്രവാസികളുടെയും ക്ഷേമമാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം കുടിയേറ്റത്തെ യു.എന്നിന്റെ സുസ്ഥിര വികസന സങ്കല്പങ്ങള്‍ക്ക് അനുരോധമാക്കാനും ഇത് ലക്ഷ്യമിടുന്നു. വരുന്ന ഡിസംബറില്‍ മൊറോക്കോയില്‍ ഈ ഉടമ്പടി അംഗീകരിക്കപ്പെടുന്നതോടുകൂടി അത് പ്രവാസികളുടെ മാഗ്‌നാകാര്‍ട്ടയായി മാറും. മറ്റു ആഗോള ഉടമ്പടികളിളോട് കാണിച്ച നിഷേധാത്മക നിലപാടാണ് ട്രംപ് ഭരണകൂടം ആഗോള പ്രവാസ ഉടമ്പടിയുടെ കാര്യത്തിലും എടുത്തത്.

Advertisment

publive-image

ഇതിന്റെ ചര്‍ച്ചകളില്‍ നിന്നും യു. എസ് ഇപ്പോള്‍ വിട്ടു നില്കുന്നത് പ്രവാസി സമൂഹങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നു. വരന്‍ പോകുന്ന പ്രവാസ ഉടമ്പടിയുടെ കടക്കല്‍ കത്തിവെക്കുന്ന നിലപാടുകളാണ് പ്രവാസികള്‍ പടുത്തുയര്‍ത്തിയ രാജ്യത്തിലെ തലവനായ ട്രംപില്‍ നിന്നും കേള്‍കുന്നത്. നിയോലിബറല്‍ ആഗോളവല്‍ക്കരണ രാഷ്ട്രീയത്തില്‍നിന്നു മറ്റൊന്നും പ്രവാസികള്‍ പ്രതീക്ഷിക്കേണ്ട. ലോകമെമ്പാടും പ്രവാസികള്‍ വികസന പുറമ്പോക്കില്‍ കിടക്കേണ്ടവരല്ലെന്നും വികസന പ്രക്രിയയില്‍ അവര്‍ക്കു അര്‍ഹമായ സ്ഥാനം നല്‍കിയാലേ സുസ്ഥിര വികസന സങ്കല്‍പ്പം പൂര്‍ണ്ണമാകൂ എന്ന യു.എന്‍ കാഴ്ചപ്പാടിലാണ് ആഗോള പ്രവാസ ഉടമ്പടി വരുന്നത്. ലോക ജനസംഖ്യയില്‍ 258 മില്യണ്‍ പ്രവാസികളാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏതാണ്ട് 12 ശതമാനത്തോളം പ്രവാസികളാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തെത്തിച്ചത് 69 ബില്ല്യന്‍ ഡോളറാണ്. എന്നാല്‍, ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ ചൂഷണം അവസാനിപ്പിക്കുവാനും ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുവാനും ഉതകുന്ന ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതിനായി കൊണ്ടുവരുന്ന ആഗോള പ്രവാസ ഉടമ്പടിയുടെ ചര്‍ച്ചകളില്‍ തികഞ്ഞ നിസ്സംഗതയാണ് സര്‍ക്കാരിനുള്ളത്. ഇന്ത്യന്‍ പ്രവാസികളുടെ സവിശേഷമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനും അവയെ പ്രവാസ ഉടമ്പടിയുടെ ഭാഗമാക്കാനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രവാസം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകുകയാവും ഫലം. അസമിലെ 40 ലക്ഷം വരുന്ന 'അനധികൃത കുടിയേറ്റക്കാരുടെ' പ്രശ്‌നം ഇന്ത്യക്കു അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിലപാടില്ലാതാകുന്നതിനു ഒരു പ്രധാന കാരണമാകുന്നു.

'പ്രവാസികള്‍ മനുഷ്യരാണ് കയറ്റുമതി ഇറക്കുമതി ചരക്കല്ല' കുടിയേറ്റത്തൊഴിലാളിയും കുടുംബവും, മാതൃരാജ്യം അല്ലെങ്കില്‍ പ്രഭവരാജ്യം അതിലെ സങ്കീര്‍ണ്ണതകള്‍, ജീര്‍ണ്ണതകള്‍, നിയമങ്ങള്‍ , ഉദ്ദിഷ്ട രാജ്യം (കണ്‍ട്രി ഓഫ് ഡെസ്റ്റിനേഷന്‍ ) വിദേശ തൊഴില്‍ ദാതാവ് ( വിദേശ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഗാര്‍ഹിക തൊഴില്‍ ദാതാക്കള്‍ ) റിക്രൂട്ട്‌മെന്റ് ഏജന്റ്, ഇടനിലക്കാരായ കങ്കാണികള്‍, മനുഷ്യക്കടത്തുകാര്‍, വിസ കച്ചവടക്കാര്‍, 'സപ്ലൈ ഡിമാന്‍ഡ് പുഷ്പുള്‍' എന്നിവയാണ് പ്രവാസത്തെ സങ്കീര്‍ണ്ണമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവ. പ്രവാസി വിവിധ ഘട്ടങ്ങളില്‍ വലിയ ചൂഷണത്തിനു വിധേയരായി കൊണ്ടിരിക്കുന്നു.

എത്തിച്ചേര്‍ന്ന സമൂഹങ്ങളിലെ മുഖ്യധാരയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുകയും തൊഴില്‍ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്യപ്പെടുന്നു. മേല്പറഞ്ഞ ഘടകങ്ങളെ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ ക്രമപ്പെടുത്തേണ്ടത് അനിവാര്യമാണ്. ധന മൂലധനത്തിന്റെ കുന്നുകൂട്ടലും അതിന്റെ നിയന്ത്രണവും നന്നേ സൂഷ്മമായ ന്യുനപക്ഷത്തിലേക്കു ചുരുങ്ങുകയും ലോകജനതയില്‍ വലിയൊരു വിഭാഗം പാര്‍ശ്വവത്കൃതമാകുകയും ചെയ്യുന്നു. ഇത് ലോകത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്ന ജനതകളുടെ തെക്കു വടക്കു കുടിയേറ്റത്തിനും തെക്കു തെക്കു പ്രവാസത്തിനും നിദാനമായി മാറുന്ന ഒരു ഘടകമാണ്.

വികസ്വരരാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളെയും കരയെയും കടലിനെയും മനുഷ്യരെയും ഒരുപോലെ ലാഭേച്ഛ കൊടിയടയാളമായി കാണുന്ന ബഹുരാഷ്ട്ര കുത്തകകള്‍ ചൂഷണത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്നതിന്റെ ഫലം കൂടിയാണ് നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം. അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനവും കുടിയേറ്റത്തിന്റെ പ്രേരക ശക്തിയായി പരിണമിക്കുന്നു.

ആഗോള ഉടമ്പടിയില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് യു.എന്‍, ഐ. എല്‍.ഒ എന്നിവ അഗീകരിച്ച പ്രവാസ സംബന്ധിയായ കരാറുകള്‍, അന്താരാഷ്ട തൊഴില്‍ മനുഷ്യാവകാശ ഉറപ്പുകള്‍, തൊഴില്‍നിയമങ്ങള്‍ എന്നിവ പൂര്‍ണ്ണമായി നടപ്പിലാകുകയാണ്. നൈതീക നിയമനങ്ങള്‍ (ഫെയര്‍ റിക്രൂട്ട്‌മെന്റ്), മാന്യമായ ജോലി, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും തൊഴിലാളിയുടെ അഭിരുചിക്കും യോഗ്യതക്കനുസരിച്ചും ചലനാല്മകമായതൊഴില്‍ എന്നിവ ഓരോ പ്രവാസി തൊഴിലാളിക്കും ഉറപ്പു വരുത്തേണ്ടതുണ്ട്. റിക്രൂട്ട്‌മെന്റ് ഫിസ് എന്നത് വിദേശ തൊഴില്‍ ദാതാവ് റിക്രൂട്ട്‌മെന്റ് ഏജന്റിന് നല്‍കേണ്ടതാണ്. അത് പ്രവാസി തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്റിന് നല്‍കേണ്ടതല്ല. വിദേശ ഉദ്യോഗനിയമനം ലഭിക്കുന്നതിനായി പ്രവാസി തൊഴിലാളിയില്‍ നിന്നും വാങ്ങുന്ന ഫീസ്, പ്രതിഫലം എന്നിവ കടബാധ്യത സൃഷ്ടിക്കും.

പ്രവാസ തൊഴില്‍ മേഖലയിലെ കൊടുംചൂഷണത്തിന് വിരാമമിടാനായി വിദേശ തൊഴില്‍ ദാതാവിനു തൊഴിലാളിയുടെ താമസ കുടിയേറ്റ രേഖകളുടെ കൈവശാവകാശ രക്ഷാധികാരം നല്‍കാന്‍ പാടില്ല. ഇന്നത്തെ സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ അടിമ വ്യവസ്ഥക്ക് തുല്യമാണ്. അതിനാല്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കുവാനും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സംഘടിക്കുവാനും ട്രേഡ് യൂണിയനില്‍ അഗമാകുവാനും അവകാശം ഉണ്ടായിരിക്കണം.

വിദേശത്ത് മാന്യമായ തൊഴില്‍ സമ്പാദിച്ചുജീവിക്കുന്നതിനും സ്വദേശത്തും വിദേശത്തതും യോഗ്യതാ സമന്വയത്തിനും വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രവാസി തൊഴിലാളികള്‍ക്ക് പദ്ധതികള്‍ ഉണ്ടാവണം. ക്രമാനുഗത വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ എല്ലാവരുടെയും മനുഷ്യാവകാശങ്ങളും തൊഴില്‍ മനുഷ്യ ചലനാല്മകത (ലേബര്‍ ആന്‍ഡ് ഹ്യൂമന്‍ മൊബിലിറ്റി) സുഗമമാക്കുന്നതാവണം. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍കൂടിയുള്ള കുടിയേററം തൊഴിലാളിയുടെ പ്രവാസത്തിന്റെ തുടക്കത്തിലും സംക്രമത്തിലും (ഇടാത്തവളങ്ങളിലും) ലക്ഷ്യത്തിലേക്കുള്ള നിരവധിയായ ദുര്‍ഘടങ്ങള്‍ ലഘൂകരിക്കുവാന്‍ സാധിക്കും.

ആഗോള പ്രവാസ ഉടമ്പടി വ്യവസ്ഥാപിത കുടിയേറ്റ മാര്‍ഗ്ഗങ്ങളെ വികസിപ്പിക്കണം. ഒരു നിശ്ചിത കാലഘട്ടം ഒരു രാജ്യത്ത് അധിവസിച്ചയാളെ കുടിയേറ്റക്കാരനായി പരിഗണിച്ച് പാര്‍പ്പിടാനുമതിയോ പൗരത്വമോ നല്‍കുന്നത് സാമൂഹ്യ ഉദ്ഗ്രഥനത്തിനും കുടിയേറ്റക്കാരനെ സഹജമായ ദൗര്‍ബല്യങ്ങള്‍ മൂലമുള്ള ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും ഇടയാക്കും. ശമ്പളം, സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍, നഷ്ടപരിഹാരങ്ങള്‍, പെന്‍ഷന്‍ എന്നിവ പ്രവാസി തൊഴിലാളിക്ക് ഒരു തടസവും കൂടാതെ പണിയെടുക്കുന്ന രാജ്യത്തില്‍ നിന്നും വിദേശതൊഴില്‍ ദാതാവില്‍ നിന്നും ലഭിക്കണം.

'സ്ത്രീകള്‍ പ്രകൃത്യാ ദുര്‍ബ്ബലരല്ല' മിക്കപ്പോഴും പ്രവാസനയങ്ങളുടെയും കല്പിക്കപ്പെടുന്ന മൂല്യങ്ങളുടെയും ഫലമായി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അതിനാല്‍ തന്നെ വനിതാ പ്രവാസികളുടെ മനുഷ്യാവകാശത്തിന്റെ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ വിട്ടുവീഴ്ചയില്ലാതെ ആഗോള ഉടമ്പടിയുടെ ഭാഗമാവണം. ആഗോള പ്രവാസ ഉടമ്പടി നാടുകടത്തലിനുള്ള ഉടമ്പടിയല്ല. ഇത് വ്യക്തമായ തത്ത്വങ്ങളും നയങ്ങളും നയരേഖയും സാമ്പത്തിക കുടിയേറ്റത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് അവരുടെ മടങ്ങിപ്പോക്കിലും പുനരധിവാസത്തിലും എടുക്കുകയുണ്ടായി.

സ്വമേധയാ ഉള്ള മടങ്ങി വരവുകള്‍ വ്യക്ത്യധിഷ്ഠിതവും അവസരോചിതവും പ്രവാസിയുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ചായിരിക്കണം. ഒരു പരിതസ്ഥിതിയിലും കുട്ടികളുടെ നാടുകടത്തലും അവരുടെ കുടുംബവുമായുള്ള വേര്‍പാടും അനുവദനീയമല്ല. പ്രവാസികളെയും അവരെ മനുഷ്യത്ത്വപരമായി സഹായിക്കുന്നവരെയും കുറ്റവാളികളാകുന്ന സമീപനങ്ങള്‍ അവസാനിപ്പിക്കണം. മതിയായ കുടിയേറ്റ രേഖകളില്ലാത്തവരെ സംരക്ഷിക്കുന്ന ഉദ്ദിഷ്ട രാജ്യത്തെ (കണ്‍ട്രി ഓഫ് ഡെസ്റ്റിനേഷന്‍ ) പൗരന്മാരെയും സാമൂഹ്യ സംഘടനകളെയും ആദരിക്കണം. അവരെ കുറ്റവാളികളാകുന്നത് അവസാനിപ്പിക്കണം. ആഗോള ഉടമ്പടിയും ദേശീയനയങ്ങളും പ്രവാസി സുരക്ഷയുടെ 'ഫയര്‍വാള്‍' സങ്കല്‍പനങ്ങളെ ഉള്‍ക്കൊള്ളണം.

അങ്ങനെയുള്ള ഫയര്‍വാളുകള്‍ കുടിയേറ്റക്കാരന്റെ പദവി കണക്കാക്കാതെ, തടവുകാരാകുമെന്ന ഭയാശങ്കകളില്ലാതെ, നാടുകടത്തല്‍ ഭീതിയില്ലാതെ പരാതി ബോധിപ്പിക്കാനും നീതി ഉറപ്പാക്കുന്ന അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉതകുന്നതാവണം. പരദേശി സ്പര്‍ദ്ധ, വംശവെറി, വിവേചനങ്ങള്‍ എന്നിവക്കെതിരെയും സമത്വവും തുല്യനീതിയും അന്തസ്സും ഉറപ്പു വരുത്തുന്നതിനും ജനങ്ങളെ അണിനിരത്തുകയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുകയും ചെയ്യുകയെന്ന അടിസ്ഥാന കടമ സാമൂഹ്യ സംഘടനകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. 'കുടിയേറ്റക്കാരനില്ലാതെ കുടിയേറ്റം ഇല്ല'.

പ്രവാസികള്‍ തന്നെ അര്‍ത്ഥവത്തും പ്രായോഗികവുമായ സംവാദങ്ങളിലൂടെയും തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ സജീവമായി ഇടപെടണം. പ്രവാസത്തിലെ ഇതഃപര്യന്തമുള്ള ആഖ്യാനങ്ങളും കാഴ്ചപാടുകളും മാറുകയും യഥാര്‍ത്ഥ പ്രവാസിയുടെ ശബ്ദം ഉയര്‍ന്നു വരികയും കേള്‍ക്കപ്പെടുകയും ചെയ്യുന്നതാവും ആഗോള പ്രവാസ ഉടമ്പടി.

Advertisment