follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമായ ഒരു മേയ് 12 കൂടി ....

ലീന കുവൈറ്റ് » Posted : 12/05/2017കരങ്ങള്‍ സംരക്ഷണത്തിന്റെ പ്രവര്‍ത്തികള്‍ ആകുന്ന നിമിഷങ്ങള്‍...
ആര്‍ദ്രതകളെ ആശ്വാസമായി മാക്കി മാറ്റുന്ന ഒരു നേരിയ സ്പര്‍ശം ....
പുഞ്ചിരികളെ സ്നേഹത്തില്‍ കുതിര്‍ന്ന മുറിവുണക്കുന്ന ലേപനമാ -
ക്കുന്ന അത്ഭുതങ്ങള്‍ ... അതാണ്‌ ഓരോ ആതുര ശുശ്രൂഷകരുടെയും അടയാളം.

ഇന്ന് നേഴ്സ് ഡേ ആണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഒരു ഇഷ്ടം ഇല്ലാതെ പഠിക്കാന്‍ പോയതാണ് നേഴ്സിംഗ്. ഡിഗ്രിയൊക്കെ എടുത്ത് ഒരു പത്രപ്രവര്‍ത്തക ആകാന്‍ മോഹിച്ചവല്‍ വീട്ടുകാരുടെ ഇഷ്ടത്തിനു പോയത് നേഴ്സിംഗ്... നേഴ്സിംഗ് പഠിച്ചാല്‍ എളുപ്പം ജോലി കിട്ടും.

നേഴ്സിംഗ് പഠിക്കാന്‍ ചെന്നപ്പോള്‍ മനസിലായത് നല്ല കഷ്ടപ്പെട്ട ജോലിയാണ്. നല്ല ക്ഷമ വേണം ഈ ജോലിക്ക്, ഓരോ രോഗികളും ... ഓരോ അസുഖത്താന്‍ വരുന്നവര്‍ ... പിന്നെ ഹോസ്റ്റല്‍ ജീവിതവും കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. അപ്പോള്‍ ഓര്‍ത്തു പഠിക്കേണ്ടായിരുന്നു.

പിന്നീട് കോഴ്സ് പൂര്‍ത്തിയാക്കി ഹോസ്പിറ്റല്‍ നേഴ്സ് ആയി ജോലി നോക്കിയപ്പോള്‍ മനസിലാകുന്നത് ഒരു നേഴ്സിന്റെ വില, ഓരോ രോഗികളെയും അന്നും ഇന്നും നോക്കുമ്പോഴും എന്‍റെ സ്വന്തം എന്ന് ഓര്‍ത്ത് അവരെ പരിചരിക്കുന്നത്, അവര്‍ വേദനിക്കുമ്പോള്‍ നമുക്കും വേദനിക്കും... അവര്‍ സന്തോഷത്തോടെ അസുഖം കുറഞ്ഞു പോകുമ്പോള്‍ നമുക്കും സന്തോഷമാണ്.

നേഴ്സിംഗ് ജോലി .. പറയുമ്പോള്‍ പഠിക്കുന്ന സമയം, ജോലി ചെയ്യുന്ന സമയം എല്ലാം കഷ്ടപ്പാട് നിറഞ്ഞതാണ്‌. അത് ആരും മനസിലാക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്...

നേഴ്സുമാര്‍ക്ക് എപ്പോഴും മാനസിക പിരിമുറുക്കമായിരിക്കും. മരണാസന്നരായി കിടക്കുന്ന രോഗികള്‍ ചുറ്റും പേരറിയാത്ത ആ രോഗികളുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളാണ്. ഓരോ നിമിഷവും മരണത്തിന്റെ തുലാസില്‍ രോഗികളെ കിടത്തിയപോലെ. അവരുടെ ഓരോ ഹൃദയമിടിപ്പും തന്റെ ജീവന്റെ കൂടി തുടിപ്പാണ് എന്ന് തിരിച്ചറിഞ്ഞ് ക്ഷീണം മറന്നു ജോലി ചെയ്യുന്ന ആതുര ശുശ്രൂഷകര്‍.

ജീവന്റെ താളത്തില്‍ നേരിയ വ്യതിയാനം വന്നാല്‍ നമ്മുടെ ടെന്‍ഷന്‍ കൂടും. മരുന്നുകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ഓരോ മനുഷ്യ ജീവനും മരണത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ ജീവിക്കുന്ന കാഴ്ച മനസിനെ പിടിച്ചുലയ്ക്കും. പക്ഷെ അവരുടെയോരോരുത്തരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെയൊക്കെ പുണ്യമാണ്....

രോഗക്കിടക്കയില്‍ കിടക്കുന്നത് എന്‍റെ അപ്പനോ അമ്മയോ ഭര്‍ത്താവോ ഭാര്യയോ എന്‍റെ മക്കളോ എന്ന കരുതലോടെ .. മരണത്തില്‍ നിന്ന് രോഗികളെ കൈപിടിച്ച് ജീവിതത്തിലേക്ക് നാം തിരികെ എത്തിക്കുമ്പോള്‍ അത് തരുന്ന സംതൃപ്തി എത്രയോ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതാണ്.

നമ്മുടെ ശുശ്രൂഷ സ്വീകരിക്കുന്ന രോഗികളുടെ കണ്ണുകളില്‍ തെളിയുന്ന സ്നേഹത്തിന്‍റെ നന്ദിയുടെ ഒരു മിന്നിമറയുന്ന വെളിച്ച൦ അത് മാത്രം മതി നമ്മുടെ ജീവിതം ധന്യമാവാന്‍...

ഔദ്യോഗിക ജീവിതത്തില്‍ നമുക്കൊക്കെ ഏറെ ആഗ്രഹങ്ങളോ മോഹങ്ങളോ ഇല്ല. രോഗാതുരരെയും ആശരണരെയും സേവിക്കണം, അവരിലൊരാളെപ്പോലും മരണത്തിനു വിട്ടുകൊടുക്കാന്‍ നമുക്ക് മനസില്ല.

ഓരോ ദിവസവും ജോലിക്കായി വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ജോലി സ്ഥലത്തേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ജീവനുവേണ്ടി യാജിക്കുന്നവരെ പരിചരിക്കാനും അവരെ ജീവിതത്തിലേക്ക് മടക്കിഎത്തിക്കാനും കരുത്തു നല്‍കണേയെന്ന പ്രാര്‍ത്ഥന മാത്രമാണ് നമുക്കെല്ലാം ഉള്ളത്... അത് ഇന്നും നാളെയും എക്കാലവും അങ്ങനെ തന്നെ ആവട്ടെ...

ഒരു രോഗിയില്‍ നിന്നും അടുത്ത രോഗിയുടെ കിടയ്ക്കക്കരികിലെക്ക് നടന്നകലുന്ന കര്‍മ്മ നിരതയുടെ ആള്‍ രൂപങ്ങള്‍... ഓര്‍ക്കുക ഞങ്ങളെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ...

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+