follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

മൂന്നാം ലിംഗം

വിനോദ് നെല്ലയ്ക്കൽ » Posted : 12/06/2017

കുറച്ചു നാൾ മുമ്പ് വയനാട്ടിൽ നിന്ന് കുറ്റ്യാടി ഭാഗത്തേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോൾ ഒരാൾ കൈ നീട്ടി. ഏതെങ്കിലുമൊരു ബസ് സ്റ്റോപ്പിലോ, കവലയിലോ വച്ചായിരുന്നില്ല, മറിച്ച് സാധാരണ ആരും വണ്ടി കാത്തു നിൽക്കാനിടയില്ലാത്ത വിജനമായ ഒരു സ്ഥലത്തു വച്ചായിരുന്നു അത് സംഭവിച്ചത്. പ്രശ്നക്കാരൊന്നുമല്ലെന്ന് തോന്നുന്ന ആര് വാഹനത്തിന് കൈകാണിച്ചാലും നിർത്തിക്കയറ്റുക ശീലമായിരുന്നതിനാൽ ഞാൻ വണ്ടി നിർത്തി.

_"തൊട്ടിൽപാലം പോകുമോ?"_ ഉച്ചാരണത്തിന് എന്തോ പ്രത്യേകത തോന്നി.
_"പോകും"_ ഞാൻ മൊഴിഞ്ഞു.

അപ്പോഴായിരുന്നു ആളെ കാര്യമായി ശ്രദ്ധിച്ചത്. ഫ്രണ്ട് ഡോർ തുറന്ന് കയറുമ്പോൾ തന്റെ കാൽമുട്ടുകൾ തമ്മിൽ അകലാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതു പോലെ തോന്നി. കയറി ഇരുന്നപ്പോൾ തന്റെ കൈകൾ ആരോ പിടിച്ച് വലിക്കുമോ എന്നൊരു ഭയപ്പാട് കക്ഷിക്ക് ഉള്ളതുപോലെ. ഞാൻ വണ്ടി എടുത്തു.
_"എന്തപേര്"_ വിയറ്റ്നാം കോളനിയിൽ ഇന്നസെന്റ് കനകയോട് ചോദിച്ച രീതിയിൽ പെട്ടെന്നൊരു ചോദ്യം.
ഞാൻ പേരു പറഞ്ഞു.

തുടർന്നങ്ങോട്ട് അങ്ങോർക്ക് സ്ഥലമറിയണം, തൊഴിലറിയണം... ചൊറിഞ്ഞു കൊണ്ടിരുന്നു. അതിനിടെ അയാൾ ഇറുക്കിപ്പിടിച്ചിരുന്ന വലം കൈ പതിയെ ഗിയർ ലിവറിന്റെ അടുത്തേയ്ക്ക് സഞ്ചരിക്കുന്നത് ഞാൻ ഇടത്തേ കണ്ണുകൊണ്ട് കണ്ടു.

അസുഖം മനസിലായെങ്കിലും അറിയാത്തതുപോലെ ഇരുന്നു. ഗിയർ മാറ്റാൻ ലിവറിൽ പിടിച്ചപ്പോൾ അയാളുടെ കയ്യിൽ സ്പർശിച്ചു. ഒന്ന് ചരിഞ്ഞ് നോക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ കക്ഷി ഇരിക്കുന്നു. നിരവിൽപുഴയെത്തുന്നതു വരെ മൂന്നാല് കിലോമീറ്റർ ഗട്ടർ റോഡാണ്. ഗിയർ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു.

പെട്ടെന്നൊരു നിമിഷം എന്റെ കൈപ്പത്തിക്ക് മുകളിൽ ഒരു സ്പർശം. അയാളുടെ വലതുകൈ ആണ്. ചത്ത എലിയെ തൂക്കിയെടുക്കുന്നതു പോലെ രണ്ട് വിരലുകൊണ്ട് ഞാൻ ആ കൈ എടുത്ത് അയാളുടെ മടിയിൽ തിരികെ വച്ചു കൊടുത്തു.

_"താൽപ്പര്യമില്ലാ?"_ കുനിഞ്ഞിരുന്നു കൊണ്ട് അയാൾ ചോദിച്ചു.
_"തീരെയില്ല."_ ഞാൻ പറഞ്ഞു.
കുറച്ച് സമയം നിശബ്ദമായി കടന്നു പോയി.
_"താനെന്ത് ചെയ്യുന്നു?"_ ഞാൻ ചോദിച്ചു.
_"ഗൾഫിലായിരുന്നു. എന്റെ ചേട്ടന് അവിടൊരു കടയുണ്ട്. ഞാൻ അവിടെ നിൽക്കുവാ. ഇപ്പോ രണ്ട് മാസത്തെ ലീവിന് വന്നതാ."_
_"ഓഹോ"_
അൽപ്പനേരം കുനിഞ്ഞിരുന്ന അയാൾ തലയുയർത്തി എന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്നത് ഞാൻ അറിഞ്ഞു.
_"സുന്ദരനാട്ടോ"_ അയാളുടെ കോംപ്ലിമെന്റ് കേട്ട് എനിക്ക് ചിരി വന്നു.
_"ഉവ്വോ?"_
_"എനിക്ക് കുറേ കൂട്ടുകാരികളുണ്ട്, ഞാൻ പരിചയപ്പെടുത്തിത്തരട്ടേ?"_ ലിഫ്റ്റ് കൊടുത്തതിന് എന്തെങ്കിലും ഉപകാരം ചെയ്തേ അടങ്ങൂ എന്നാണ് ഭാവം!
_"എനിക്ക് ഓൾറെഡി കുറേ കൂട്ടുകാരികളുണ്ട്."_ ഞാൻ.
_"സത്യമായും?"_ അയാൾ അത്ഭുതപ്പെട്ടു.

_"എന്റെ കൂട്ടുകാരികളിൽ പലരും കോളേജിൽ പഠിക്കുന്നവരാ..."_ വിടാൻ ഭാവമില്ല.
സത്യത്തിൽ തന്റെ പണിയെന്താടോ, എന്ന് ചോദിക്കാൻ വായ് തുറന്നെങ്കിലും ചോദിച്ചില്ല.
ചുരമിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. വളഞ്ഞു പുളഞ്ഞ് നീങ്ങുന്ന വൃത്തിയുള്ള റോഡ്. അൽപ്പം അകലേയ്ക്ക് നോക്കിയാൽ നിരന്നു നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ. ഒന്നുരണ്ട് മലകൾക്കപ്പുറമുള്ളതെല്ലാം മഞ്ഞുമൂടി നിൽക്കുന്നു. അവ്യക്തമായ പ്രകൃതി ദൃശ്യങ്ങൾ, മനുഷ്യമനസ് പോലെ!
അയാൾ തന്റെ കൂട്ടുകാരികളുടെ സമ്പത്തിനെക്കുറിച്ച് വർണ്ണന തുടരുകയായിരുന്നു.

_"താനീപ്പറയുന്ന കൂട്ടുകാരികളിലും തന്റെ ഇടപാടുകളിലുമൊന്നും എനിക്ക് താൽപ്പര്യമില്ല."_
എന്റെ മുഖത്ത് അൽപ്പം ഈർഷ്യ തിരിച്ചറിഞ്ഞതോടെ അയാൾ തുടർന്ന് നിശബ്ദനായി.
_"ആ കാണുന്ന വളവിൽ നിർത്താമോ?"_ തൊട്ടിൽപ്പാലം ടൗൺ എത്താറായിരുന്നു.
_"തൊട്ടപ്പുറത്താ എന്റെ വീട്. വരുന്നോ?"_ പുറത്തിറങ്ങി ഡോർ അടയ്ക്കുന്നതിനിടെ വീണ്ടും അയാളുടെ ചോദ്യം.
_"ഇല്ല"_ ഞാൻ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി... മുന്നോട്ട് നീങ്ങി.

സത്യത്തിൽ അയാൾ ഒരു ചിന്താവിഷയമായി മാറിയിരുന്നു. അയാളെ പോലുള്ളവർ എത്തിപ്പെടുന്ന അവസ്ഥയ്ക്ക് ജനിതകനീതി ശാസ്ത്രങ്ങളുണ്ടാവാം. വളർച്ചയുടെ പൂർണതയിൽ എത്തിയപ്പോൾ മനസിൽ നിറഞ്ഞ അപക്വമായ വൈകാരിക ചിന്തകൾക്കോ? അതിന് മറ്റാരെങ്കിലുമൊക്കെ ഉത്തരവാദികളായുണ്ടാവില്ലേ?

അകറ്റി നിർത്തിയവർ... ദുരുപയോഗിച്ചവർ... മാറി നിന്ന് ചിരിച്ചവർ... പലരും. കതിരിൽ വളം വയ്ക്കുന്നതു പോലെ ഇക്കാലത്ത് ചർച്ച ചെയ്യപ്പെടുന്ന പരിഹാരങ്ങളും പുനരധിവാസങ്ങളും എത്രമാത്രം ഫലപ്രദമാണ്? ഒരു പക്ഷെ സമൂഹമധ്യത്തിൽ തെറ്റായ കാഴ്ചപ്പാടുകളാൽ വെറുക്കപ്പെടുകയും, പരിഹാസപാത്രമാവുകയും ചെയ്യുന്നവരെക്കാൾ എത്രയോ അധികം ആരുമറിയാതെ ചുവരുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്നുണ്ടാവും?

അതുപോലെ തന്നെ, ജൻമദോഷങ്ങളെക്കാൾ കർമ്മദോഷങ്ങൾ കൊണ്ട് "തലതിരിഞ്ഞവ"രല്ലേ പലപ്പോഴും അവകാശങ്ങൾക്കായി പ്രസംഗിക്കുന്നതെന്നും തോന്നിയിട്ടുണ്ട്.

ചിന്തകൾക്ക് അവസാനമില്ല. കാഴ്ചകൾക്കും...

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+