follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

ചിറകു കരിഞ്ഞ ചിത്രശലഭങ്ങൾ

വിനോദ് നെല്ലയ്ക്കൽ » Posted : 13/06/2017_"ഇപ്പോ മറ്റേ പണിക്കൊന്നും പോണില്ലേ?"_ മലയാള സിനിമാ പ്രേക്ഷക ലോകം ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനായ ഒരു സംവിധായകനോട് അദ്ദേഹത്തിന്റെ അവസാന ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്യുന്നതിന് ഏതാനും നാളുകൾക്ക് മുമ്പ് സ്വന്തം നാട്ടിലെ ഒരു മുതിർന്ന പൗരൻ ചോദിച്ച ചോദ്യമാണ്.

"മറ്റേപ്പണി" എന്നാൽ സിനിമാ പിടുത്തമല്ലാതെ മറ്റൊന്നുമല്ല. ഒന്നര വർഷത്തോളം കഠിനാധ്വാനം ചെയ്ത് ഒരു മികച്ച സിനിമ റിലീസിന്റെ വക്കോളമെത്തിച്ച് ഒന്ന് നടുവ് നിവർത്തിയ സമയത്ത് മറ്റൊരു നാട്ടുകാരൻ ചോദിച്ചത്, _"ഇപ്പോൾ ജോലിക്കൊന്നും പോണില്ലല്ലേ?"_ എന്നാണ്. "ജോലി" എന്നതുകൊണ്ട് നിഷ്കളങ്കനായ ആ ഗ്രാമീണൻ അർത്ഥമാക്കിയത്, വലിയ അദ്ധ്വാനമില്ലാതെ മൂന്നു നേരം ആഹാരവും കൃത്യമായ മാസശമ്പളവും കിട്ടുന്ന എന്തെങ്കിലുമൊരു പരിപാടിയാണ്.

കുഞ്ഞിരാമായണം, ഗോദ എന്നീ രണ്ട് ശ്രദ്ധേയ ചലച്ചിത്രങ്ങൾ കേവലം 26 വയസിനുള്ളിൽ മലയാളികൾക്ക് സമ്മാനിച്ച ബേസിൽ ജോസഫ് എന്ന യുവ സംവിധായകനുമായി സംസാരിച്ചപ്പോൾ പങ്കുവച്ച കൗതുകകരമായ രണ്ടനുഭവങ്ങളാണ് മേൽ പറഞ്ഞത്.

SSLCയ്ക്ക് 96%, പ്ലസ്ടുവിന് 95% എന്നിങ്ങനെ ഉയർന്ന മാർക്ക് വാങ്ങി പഠനത്തിൽ കഴിവു തെളിയിച്ച ബേസിൽ എന്ന വിദ്യാർത്ഥിയെ സംബന്ധിച്ച്, എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ എന്നതിനപ്പുറമുള്ള ഒരു മേഖല തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരുന്നില്ല. എങ്കിലും കാലം കാത്തു വച്ച ഒരു പ്രതിഭ സമയത്തിന്റെ തികവിൽ വെളിച്ചത്തു വന്നതിനാലും, അനുകൂല സാഹചര്യങ്ങൾ ഒരുക്കപ്പെട്ടതിനാലും മലയാളികൾ ആ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞു.

പ്യൂപ്പ ദശയിൽ തന്നെ ചിറക്കരിഞ്ഞുപോയ എത്രയോ ചിത്രശലഭങ്ങൾ നമുക്കിടയിലുണ്ടാവാം എന്നാണ് ആ കഥ കേട്ടപ്പോൾ ഞാൻ ചിന്തിച്ചത്. തങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയർന്നു പറക്കുവാനുള്ള ആകാശം കണ്ടെത്താൻ കഴിയാതെ പോയവർ... ആരുടെയൊക്കെയോ നിർബ്ബന്ധം കൊണ്ട് ആഗ്രഹിക്കാത്ത എവിടെയോ ആയിരിക്കുന്നതിന്റെ അസംതൃപ്തി ഉള്ളിലൊതുക്കുവാൻ വിധിക്കപ്പെട്ടവർ...

മുമ്പേ നടന്നു പോയ ആരൊക്കെയോ ആയിത്തീരുവാൻ നിർബ്ബന്ധിതരായി തീർന്ന അവരിൽ അനേകർ സ്വന്തമായൊരു വ്യക്തിത്വമില്ലാത്തവരായി തീർന്നിട്ടില്ലേ?

ഹ്യൂഗോ എന്ന സിനിമയിലെ നായകനായ ഹ്യൂഗോ കാബ്രറ്റ് എന്ന ബാലൻ റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവറിന് മുകളിൽ നിന്നു കൊണ്ട് പാരീസ് നഗരത്തെ വീക്ഷിക്കുന്ന ഒരു രംഗമുണ്ട്. ആ നഗരത്തെ ക്ലോക്കിനുള്ളിലേത് പോലൊരു യന്ത്രമായി അവൻ സങ്കൽപ്പിക്കുന്നു. നഗരത്തിന്റെ വിവിധ കോണുകളിൽ കാണുന്ന എല്ലാവർക്കും, എല്ലാത്തിനും ഒരു യന്ത്രത്തിന്റെ വിവിധ ഭാഗങ്ങൾ എന്ന വിധത്തിലുള്ള കർമ്മങ്ങളുണ്ട് എന്നാണ് അവന്റെ ചിന്ത. ആരും വിലയില്ലാത്തവരല്ല.

ഒരാൾ നിഷ്ക്രിയനായാൽ ലോകമാകുന്ന ഈ വലിയ യന്ത്രത്തിന്റെ ഏതോ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്നു. ഹ്യൂഗോയുടെ ജീവിതവീക്ഷണം മഹത്തരമാണ്. ഒരാൾ സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ, അഥവാ അയാൾ നിഷ്ക്രിയനായി ജീവിക്കാൻ നിശ്ചയിച്ചാൽ, അതുമല്ലെങ്കിൽ മറ്റൊരാളെ പോലെയാകാൻ തുനിഞ്ഞാൽ ഈ ലോകത്തിന് എന്തൊക്കെയോ നഷ്ടമാകുന്നു. അത് വളരെ വിലപ്പെട്ട പലതുമാവാം...

_അനേകായിരം കുട്ടികളും യുവജനങ്ങളും വഴിത്തിരിവുകളിലെത്തി നിൽക്കുന്ന നാളുകൾ... ഉപരിപ്ലവമായ ജീവിത വീക്ഷണങ്ങൾക്ക് പകരം യഥാർത്ഥ തിരിച്ചറിവുകൾ സ്വന്തമാക്കുവാൻ എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു._

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+