follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ചില ചിന്തകളിലൂടെ.....

കൊട്ടാരക്കര ഷാ » Posted : 31/07/2017

"ഗബ്രിയേൽ ഗാർസിയ മാർക്വേസ്
തന്റെ ആത്മകഥയായ ലിവിങ്ങ് റ്റു ടെൽ ദി റ്റെയ്ൽ എന്ന
പുസ്തകത്തിന്റെ തുടക്കത്തിൽ ഇങ്ങനെ കുറിക്കുന്നു........
Life is not what one lived,
but what one remembers and how one remembers it in order to recount it...."



ഈ ലോകത്തെ മാറ്റിപ്പണിയാൻ ശ്രമം നടത്തുന്ന ഏവർക്കും പുതിയ ആകാശവും നവഭൂമിയും സ്വപ്നം കാണാതൊരു ജീവിതമില്ല. കേവലം സാമ്പത്തിക ഇച്ഛാശക്തിക്കുമുമ്പിൽ തകരുന്നതാവരുത് ഒരു ചിന്തയും...
ഒരു ഭീഷണിയ്ക്കും അടിയറവു പറയാനുളളതല്ല മനുഷ്യാവകാശ ചിന്തകൾ എന്ന ബോധം പൗരനു നഷ്ടമാകുന്നിടത്താണ് അധിവേശവും, മതത്തിനു മേലുളള രാഷ്ട്രീയ മുതലെടുപ്പും സാധ്യമാവുന്നത്.

തിരിച്ചടികളുടെ അറിവുകൾ സമ്മാനിച്ച അനുഭവങ്ങളിൽ നിന്ന് എഴുന്നേൽക്കാൻ പിടയുന്ന മനുഷ്യന്റെ മുതുകിൽ സാമ്രാജ്യത്വം ഏൽപ്പിക്കുന്ന പ്രഹരം എന്റെ കൂടി പുറത്താണ് വീഴുന്നത് എന്ന ബോധം ഓരോ മനുഷ്യനുമുണ്ടാകുന്ന കാലം വരണമെന്ന് ഒരിക്കൽ പി. കെ. പാറക്കടവ് എഴുതുകയുണ്ടായി. സത്യത്തിൽ എല്ലാ എഴുത്തുകാരനും ഉണ്ടാവേണ്ടതും അതു തന്നെയാണ്.

മനുഷ്യന്റെ അന്ത്യം അടുത്തുവെന്ന് അംഗീകരിയ്ക്കാൻ ഞാൻ അനുവദിക്കില്ല എന്ന വില്യം ഫോക്നറുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഗബ്രിയേൽ ഗാർസിയ മാർക്വസ് നടത്തിയ നൊബേൽ പ്രസംഗം അവസാനിയ്കുന്നത് ഇങ്ങനെയാണ്...

"മറ്റുളളവർ എങ്ങനെ മരിക്കണമെന്ന് നിശ്ചയിക്കാൻ അന്യർക്ക് അസാധ്യമാകുന്ന ജീവിതത്തിന്റെ ഉട്ടോപ്യ, സ്നേഹം സത്യമാണെന്ന് തെളിയിക്കപ്പെടുകയും, സന്തോഷം സകലർക്കും സാധ്യമാവുകയും ചെയ്യുന്ന ഉട്ടോപ്യ, ഏകാന്തതയുടെ നൂറു വർഷങ്ങൾ വിധിക്കപ്പെട്ട മനുഷ്യ വർഗത്തിന് അവസാനം ഭൂമിയിൽ രണ്ടാമതൊരവസം കൂടി ലഭിക്കുമാറാവട്ടെ......"

ആവിഷ്കാര സ്വാതന്ത്ര്യം ഭരണകൂടങ്ങൾ തന്നെ തച്ചുതകർക്കുന്ന കാലത്ത്, മൂടപ്പെട്ടത് ചിന്തകൾ മാത്രമല്ല, പ്രതികരണ ശേഷിയുളള എഴുത്തുകാരുടെ വാക്കുകളും വരികളുമാണ്. ഈ മൗനത്തെ ധീരതയോടെ നേരിട്ട ശബ്ദങ്ങളുമുണ്ടിവിടെ..

പുതിയ കാലത്തെക്കുറിച്ച് ലോക പ്രശസ്ത സിറിയൻ കവി അഡോണിസിന്റെ നീരീക്ഷണത്തിലെ ചില വാക്കുകൾ ഉദ്ധരിച്ച് ഈ കുറിപ്പ് തൽക്കാലം അവസാനിപ്പിക്കുന്നു.

"ഒരു പൂവിലൊളിച്ച കാട്ടുമൃഗം...

എല്ലാ പൂക്കളെയും വിശ്വസിക്കരുത്.
പൂവിനുളളിൽ നിന്നും
കാട്ടുമൃഗത്തിന്റെ മുരൾച്ച കേൾക്കുന്നുവോ...?"





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+