Advertisment

2006-ല്‍ കശ്മീര്‍ തര്‍ക്കം തീര്‍ക്കാന്‍ കഴിയാതെ പോയത് സോണിയാ ഗാന്ധിയുടെ അധൈര്യം കാരണമെന്ന് എ. ജി നുറാനി

New Update

കൊച്ചി:  2006-ല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഒരു ഉടമ്പടിയിലെത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗിന് കഴിയുമായിരുന്നുവെന്നും സോണിയാ ഗാന്ധിയുടെ അധൈര്യമാണ് അതില്‍ നിന്ന് സിംഗിനെ തടഞ്ഞതെന്നും ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി നുറാനി പറഞ്ഞു.

Advertisment

കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇഫ്തിഖാര്‍ ഗിലാനിയുമായി കശ്മീര്‍ ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ പ്രശ്‌നത്തിന് ഇന്ന് സാധ്യമായ ഒരേയൊരു പരിഹാരവും നാല് പ്രധാന സംഗതികളുള്‍പ്പെട്ട അന്നത്തെ ആ സിംഗ്-മുഷറഫ് ഫോര്‍മുല മാത്രമാണെന്നും നുറാനി പറഞ്ഞു.

publive-image

അതിര്‍ത്തി സൈന്യരഹിതമാക്കുക, സ്വയംഭരണം പുനസ്ഥാപിക്കുക, നിയന്ത്രണ രേഖയില്‍ ആളുകള്‍ക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം, ഈ നടപടികള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുക എന്നിവയായിരുന്നു ഈ നാല് സംഗതികള്‍ (പോയന്റ്‌സ്). കരാറിലൊപ്പിടാന്‍ സിംഗ് തയ്യാറായിരുന്നു. എന്നാല്‍ പച്ചക്കൊടി കാണിക്കാന്‍ സോണിയാ ഗാന്ധി ധൈര്യപ്പെട്ടില്ല.

കശ്മീരിനെപ്പറ്റി ഏറെ എഴുതിയിട്ടുള്ള നുറാനി സിംഗ്-മുഷറഫ് ചര്‍ച്ചകളിലും നിര്‍ണായകഘടകമായിരുന്നു. അതേസമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാജ്‌പേയി-മുഷാറഫ് ഉച്ചകോടി വെറും അസംബന്ധമായിരുന്നുവെന്നും നുറാനി പറഞ്ഞു. തന്റെ വാക്ക് പാലിക്കാന്‍ വാജ്‌പേയിക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരം ഹിപ്പോക്രസിയുടെ ക്ലാസിക് മാതൃകയായിരുന്നു വാജ്‌പേയി. സ്വകാര്യമായി ഒന്നു പറയും, പരസ്യമായി മറ്റൊന്നും. ആ ഉച്ചകോടിയുടെ പരാജയത്തിന്റെ വസ്തുതകളെല്ലാം ഇന്ന് പരസ്യമായിക്കഴിഞ്ഞല്ലോ, നുറാനി പറഞ്ഞു.

വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയത്തിനെയല്ല, ജിന്ന, നെഹ്രു, പട്ടേല്‍ എന്നീ നേതാക്കളെയാണ് കശ്മീര്‍ തര്‍ക്കത്തിന്റെ പേരില്‍ കുറ്റം പറയേണ്ടത്. കശ്മീരിലും ഹൈദ്രാബാദിലും ജുനഗഡിലും ജനഹിത പരിശോധന നടത്താമെന്ന് നെഹ്രുവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജിന്നയേയാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദി. ഈ നിര്‍ദേശം ജിന്ന തിരസ്‌കരിച്ചത് അദ്ദേഹത്തിന് ചില നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നതിനാലാണ്.

ഹൈദ്രാബാദിനെ ഉപയോഗിച്ച് ഒരു നാടിനെ വീണ്ടും വിഭജിക്കുന്ന തന്ത്രം പയറ്റി നോക്കാമെന്നായിരുന്നു ജിന്നയുടെ പ്രതീക്ഷ. ജനഹിത പരിശോധന നടന്നിരുന്നെങ്കില്‍ ജുനഗഡും ഹൈദ്രാബാദും ഇന്ത്യയില്‍ ചേരാന്‍ വോട്ടു ചെയ്‌തേനെ, കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യം ലഭിച്ചേനെ, നുറാനി പറഞ്ഞു.

അക്രമങ്ങളെത്തുടര്‍ന്ന് പറിച്ചെറിയപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ അവരുടെ സ്വന്തം ഇടങ്ങളില്‍ത്തന്നെ തിരികെ പുനരധിവസിപ്പിക്കുന്നതു മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളുവെന്നും നുറാനി പറഞ്ഞു.

ടെറിട്ടറി അധിഷ്ഠിത പരിഹാരശ്രമങ്ങള്‍ക്കു പകരം ജനങ്ങളുടെ ഹിതമറിഞ്ഞുള്ള നടപടികള്‍ക്കു മാത്രമേ ഇത്തരുണത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂവെന്ന് ഇഫ്തിഖാര്‍ ഗിലാനി പറഞ്ഞു. പണ്ഡിറ്റുകള്‍ക്ക് അവരുടെ സ്വത്തുവകകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതിനെയും അക്രമകാലത്തുണ്ടായ മരണങ്ങളേയും നാശനഷ്ടങ്ങളേയും പറ്റി ഒരു സ്വതന്ത്രസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗിലാനി പറഞ്ഞു.

Advertisment