Advertisment

വീടില്ലാത്ത ആളുകള്‍, ആളില്ലാത്ത വീടുകള്‍

New Update

കൊച്ചി:  ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ അനുസരിച്ച് കേരളത്തില്‍ 11,89,144 വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവയില്‍ 5.84 ലക്ഷം നാട്ടിന്‍പുറങ്ങളിലും 6.03 ലക്ഷത്തോളം നഗരങ്ങളിലുമാണെന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകളോടെയാണ് കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിലെ നഗര പാര്‍പ്പിട ലക്ഷ്യങ്ങള്‍ എന്ന സെഷന് തുടക്കമായത്.

Advertisment

കേരളത്തിലെ നഗരവല്‍ക്കരണം 2011 ലെ കണക്കുകളനുസരിച്ച് 29.96 ശതമാനത്തില്‍ നിന്ന് 47.72 ശതമാനമായതും ചൂണ്ടിക്കാണിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഇത് കാണിക്കുന്നതെന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു.

publive-image

'ഉയരത്തിലേയ്ക്ക് വീടുകള്‍ പണിയുന്ന - വെര്‍ട്ടിക്കല്‍ ഹൗസിംഗ് - മാത്രമാണ് കേരളത്തിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്കുള്ള ഏകപ്രതിവിധിയെന്നും അതേസമയം കേരളത്തിന്റെ സവിശേഷമായ വികസനവും ജനസാന്ദ്രതയും ഭൂദൗര്‍ലഭ്യവും കണക്കിലെടുക്കുമ്പോള്‍ മറ്റിടങ്ങളിലെ പ്രതിവിധികള്‍ അതേപടി ഇവിടെ പറിച്ചു നടുന്നത് പ്രായോഗികമല്ലെന്നും സെഷനില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി. രാജീവ് പറഞ്ഞു.

ആറും അഞ്ചും മുറികളുള്ള വീടുകളും മുറികളും ലക്ഷക്കണക്കിനുണ്ടെന്നും കേരളത്തിന്റെ ഈ വൈരുധ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റമെന്നും രാജീവ് ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധി പരിഹിരിക്കാന്‍ പിപിപി മാതൃകകളും തേടണം, മാധ്യമങ്ങളുടെ പിന്തുണയും വേണം, രാജീവ് പറഞ്ഞു.

എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യെയുള്ള വലിയ ജനമുന്നേറ്റം ആവശ്യമാണ്. ഐഎസ്ആര്‍ഒയുടെ സ്ഹായമുപയോഗിച്ചുള്ള സാറ്റലൈറ്റ് മാപ്പിംഗിലൂടെ ന്യായമായ നിലം കണ്‍വെര്‍ഷനുള്ള സാധ്യതകളും സര്‍ക്കാര്‍ പഠിക്കുന്നുണ്ടെന്നും രാജിവ് പറഞ്ഞു.

സിംഗപ്പൂരില്‍ ആകെ രണ്ടു വീടുകളേ ഉള്ളെന്നും ബാക്കിയെല്ലാം അപ്പാര്‍ട്ടുമെന്റുകളാണെന്നും ലൈഫ് മിഷന്‍ സിഇഒ അദീല അബ്ദുള്ള ഐഎഎസ് ചൂണ്ടിക്കാണിച്ചു. 3.5 ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലൈഫ് മിഷന്റെ മുന്നിലെ പ്രധാന വെല്ലുവിളിയെന്നും അദീല പറഞ്ഞു. ഇവരില്‍ 1.75 ലക്ഷം പേര്‍ക്ക്ും ഭൂമിയുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോഡല്‍ ടവര്‍ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദീല കൂട്ടിച്ചേര്‍ത്തു.

ആവശ്യത്തില്‍ കവിഞ്ഞ വലിയ വീടുകള്‍ക്ക് ആഡംബര നികുതി ചുമത്തുന്ന കാര്യവും തീര്‍ച്ചയായും പരിഗണിക്കണമെന്ന് പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അര്‍ബന്‍ പ്ലാനിംഗ് മുക്ത നായിക്, മാധ്യമ പ്രവര്‍ത്തകന്‍ എസ്. ആനന്ദ് എന്നിവരും സംസാരിച്ചു.

Advertisment