കോവിഡ് കാലത്ത് നാടിന് നന്മ ചെയ്യാനായി മുപ്പതുവര്‍ഷത്തിന് ശേഷം അവര്‍ ഒത്തുചേരുന്നു. കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളേജിലെ 1987-90 ബി.എ എക്കണോമിക്സ് ബാച്ച് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച തുടങ്ങും

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, August 21, 2020

കാഞ്ഞിരപ്പള്ളി: മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഒത്തുചേര്‍ന്ന ഇവര്‍ക്ക് കളിതമാശകള്‍ പങ്കുവച്ച് മാത്രം ഇരിക്കാന്‍ തോന്നിയില്ല. സമൂഹനന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ഇവരുടെ ആഗ്രഹത്തിന് ഞായറാഴ്ച തുടക്കമാകുകയാണ്. കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളേജിലെ 1987-90 ബി.എ എക്കണോമിക്സ് ബാച്ചിലെ 42 സുഹൃത്തുകളാണ് സമൂഹ നന്മയ്ക്കായി രംഗത്തിറങ്ങുന്നത്.

കഴിഞ്ഞ മൂന്നുമാസം മുമ്പാണ് ഇപ്പോള്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന പഴയ സുഹൃത്തുകള്‍ വാട്ട്ആപ്പിലൂടെ ഒരുമിച്ചത്. വെറുതേ ഒരു കൂട്ടായ്മ എന്നതിനപ്പുറം സമൂഹത്തിനുകൂടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഈ ആഗ്രഹത്തിന്‍റെ ഫലമായിരുന്നു ഇവര്‍ രൂപീകരിച്ച ഡി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ആദ്യ സംഭരമായ കോവിഡ് പ്രതിരോധ മരുന്ന് വിതരണം ഞായറാഴ്ച കൂവപ്പള്ളിയിലെ ഓഫീസില്‍ വച്ചു നടത്തും.

ഹോമിയോ പ്രതിരോധമരുന്നായ Arsalb30 ആണ് വിതരണം ചെയ്യുക. എന്തായാലും വാട്ട്സ്ആപ്പ് കൂട്ടായ്മകളില്‍ വെറുതെ വെടിവട്ടം പറഞ്ഞുമാത്രമിരിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ഈ സുഹൃത്തുക്കള്‍.

×