Advertisment

ചൈനയെ സന്തോഷിപ്പിക്കാന്‍ ദലൈലാമയെ തള്ളിപ്പറയാനാകില്ല; ഔദ്യോഗിക വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: ചൈനയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ദലൈലാമ വിഷയത്തിലെ ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ രാജ്യത്തു തുടര്‍ന്നുവന്ന മതപരമായ കര്‍മങ്ങള്‍ ഇനിയും തുടരാന്‍ ദലൈലാമയ്ക്ക് തടസമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ടിബറ്റന്‍ ആത്മീയനേതാവിന്റെ പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്.

Advertisment

publive-image

ദലൈലാമയുടെ ഇന്ത്യയിലെ പ്രവാസ ജീവിതത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ദലൈലാമയെ ‘വിഘടനവാദി’യായി കരുതുന്ന ചൈനയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

അതേസമയം, ദലൈലാമ വിഷയത്തില്‍ നിലപാടില്‍ വ്യത്യാസമില്ലെന്ന് അറിയിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ക്കായി ഇത്തരമൊരു ഉത്തരവ് നല്‍കിയോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ‘ദലൈലാമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തവും സുദൃഢവുമാണ്. അദ്ദേഹം മഹാനായ മതനേതാവും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുന്ന വ്യക്തിയുമാണ്. ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ മതപരമായ കര്‍മങ്ങള്‍ തുടരാന്‍ എല്ലാവിധ സ്വാതന്ത്ര്യവും തുടര്‍ന്നും ഉണ്ടായിരിക്കും’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment