Advertisment

മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പരിസ്ഥിതി സംഘടനകൾ; കേരള സർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി ഡീൻ കുര്യാക്കോസ് എം.പി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ ഉൾപ്പടെ പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഡീൻ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്. കേരളത്തിൽ കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും ഒഴിവാക്കികൊണ്ട് ഇ.എസ്.എ പ്രദേശങ്ങളെ നിശ്ചയിക്കുകയും, ഇത് കേന്ദ്ര ഗവൺമെൻറ് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

Advertisment

publive-image

യു.ഡി.എഫ് ഗവൺമെൻറിൻറെ കാലഘട്ടത്തിൽ ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല വേരിഫിക്കേഷനിലൂടെയാണ് ഇത് നിശ്ചയിച്ചത്. 2014-ലെ യു.പി.എ ഗവൺമെൻറും, പിന്നീട് വന്ന ഒന്നാം എൻ.ഡി.എ ഗവൺമെൻറും, ഇപ്പോഴത്തെ ഗവൺമെൻറും ഇക്കാര്യം അംഗീകരിച്ച് കരടു വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ശാശ്വതമായി ഇ.എസ്.എ പ്രശ്നം അവസാനിക്കും. .

ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തിരമായി ചെയ്യണ്ട കാര്യങ്ങൾ ഗൗരവത്തോടെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണ് എം.പിയുടെ തുറന്ന കത്ത് അയച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എം.പി 2 തവണ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ ഇക്കാര്യത്തിൽ ഗൗരവകരമായ ഒരു മറുപടി ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള ഇsപെടലും ഇന്ന് വരെയും ഉണ്ടായിട്ടുമില്ലായെന്നും എം.പി. വ്യക്തമാക്കി.

കേരളത്തിൻറെ പ്രത്യേകതകൾ കണക്കിലെടുത്ത് ഗാഡ്ഗിൽ റിപ്പോർട്ട് അനിവാര്യമാണെന്ന് ഹർജിക്കാർ വാദിക്കുമ്പോൾ, ഹർജി തള്ളിക്കളയേണ്ടതാണെന്നും, പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമ്മൾ മറ്റാരെക്കാളും മുൻപന്തിയിലാണെന്നും കോടതിയെ ധരിപ്പിക്കാൻ സാധിക്കണം. മുൻ യു.ഡി.എഫ് ഗവൺമെൻറ് എല്ലാവരുടേയും അഭിപ്രായ സമന്വയത്തോടെ, അന്നത്തെ പ്രതിപക്ഷത്തിൻറെ കൂടെ സഹകരണത്തോടെ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിനു നൽകുകയായിരുന്നു.

അതിനാൽ ഏറ്റവും നിർണ്ണായകമായ സമയത്ത് ഒരു അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയാൽ ഈ പ്രശ്നം അവസാനിക്കും എന്നിരിക്കെ, സുപ്രീം കോടതിയിൽ നിന്നും കേരളത്തിൻറെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയുണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് കർഷക ജനതയുടെ ജനപ്രതിനിധി എന്ന നിലയിൽ അറിയാൻ താൽപ്പര്യമുണ്ടെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.

യു.ഡി.എഫ് ഗവൺമെൻറ് ജനങ്ങളുടെ ആശങ്കയകറ്റാൻ സർവ്വകക്ഷി യോഗം പല പ്രാവശ്യം വിളിച്ചു ചേർത്തിരുന്നു.നാളിത് വരെയും ആ നിലയിൽ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിച്ച് ഒരിടപെടലും ഈ പിണറായി സർക്കാർ ചെയ്തിട്ടില്ല. സുപ്രീം കോടതി ആഗസ്റ്റ് 7-ന് കേസ് പരിഗണിക്കുമ്പോൾ കേരളത്തിനു വേണ്ടി കക്ഷി ചേരുന്നവരുടെയെല്ലാം അഭിപ്രായങ്ങൾ ഒന്നാവാൻ സർക്കാർ എന്ത് ഇടപെടലുകൾ നടത്തണമെന്നും അതുറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

അടിയന്തിരമായി ഇനിയും സമയം നഷ്ടപ്പെടുത്താതെ മുഖ്യമന്ത്രി നമ്മുടെ നാടിൻറെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തണമെന്ന് അഭ്യർത്ഥിച്ചു.

1. സർവ്വകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം.

2. കേരളത്തിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിക്കുകയും, കരടു വിജ്ഞാപനം ഇറക്കിയതുമാണ്. മാത്രവുമല്ല മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കളഞ്ഞാണ് , കസ്തൂരി രംഗൻ റിപ്പോർട്ട് വന്നതും അതിലെ അപാകതകൾ പരിഹരിക്കാനാണ് ഭേദഗതികൾ അവതരിപ്പിച്ചതും കേന്ദ്ര മത് അംഗീകരിച്ചതും.ആയതിനാൽ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിനൊപ്പം തന്നെയെന്നുറപ്പാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം.

3. കേരളത്തിൽ നിന്നും കേസിൽ കക്ഷി ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചവരായ നിരവധി ആളുകളുണ്ട്.കേസിന്റെ നടത്തിപ്പ് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്ന തരത്തിൽ ആണെന്നുറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഒരു വിദഗ്ദ്ധ സമിതിനെ അടിയന്തിരമായി നിയോഗിക്കണം. മുൻ ഗവൺമെൻറിന്റെ കാലഘട്ടത്തിൽ ഉമ്മൻ വി ഉമ്മൻ കമ്മറ്റിയുണ്ടായിരുന്നു.

4. പരിസ്ഥിതി വിഷയങ്ങളിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്ന ഒരു സീനിയർ അഭിഭാഷകനെ കേസ് നടത്തിപ്പിനായി സർക്കാർ നിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലയിൽ താനും ഈ കേസിൽ കക്ഷി ചേരുമെന്നും മറ്റു നേതാക്കളും, സംഘടനകളുമൊക്കെ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

deen kuriakose
Advertisment