Advertisment

സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ; സപ്തംബർ ഇരുപത്തിനാലിന് ഇതിനായി റിയാദ് - ചെന്നൈ വിമാനം

New Update

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദി അറേബ്യയിലെ ഡീപോർട്ടേഷൻ (നാടുകടത്തൽ) കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കാൻ തീവ്രശ്രമങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നതെന്നും ഇതിനായുള്ള നടപടികൾ പല തലങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നതായും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Advertisment

publive-image

നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരി ക്കാനുള്ള ശ്രമങ്ങൾ ഏറെ നാളുകളായി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആശീർവാദത്തോടെ സൗദി അധികൃതരുമായി ഇക്കാര്യത്തിൽ നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായും റിയാദിലെ എംബസി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിന്റെ ഫലമായി കഴിഞ്ഞ മെയ് മാസത്തിൽ ഏകദേശം അഞ്ഞൂറ് ഇന്ത്യക്കാരെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് മുക്തരാക്കി നാട്ടിലെത്തിക്കുകയുണ്ടായി. ഇവർ ഹൈദരാബാദിലേക്കാണ് മടങ്ങിയത്. ഇത്രയും പേരെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് വിജയകരമായി മോചിപ്പിച്ച് സ്വദേശത്ത് എത്തിക്കുന്ന ശ്രമകരമായ ദൗത്യത്തിൽ സൗദിയിലെയും നാട്ടിലെയും നിരവധി കേന്ദ്രങ്ങളും വകുപ്പുകളുമാണ് പങ്കാളികളായത്.

സാധാരണയിലുള്ള നിയമ നടപടികൾക്ക് പുറമെ നാട്ടിലേയ്ക്ക് മടങ്ങുന്നവർക്കായി അതാത് പ്രദേശങ്ങളിൽ കർശനമായ കൊറോണാ പ്രോട്ടോകോൾ ക്രമീകരണങ്ങളും സജീകരണങ്ങളൂം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മടങ്ങിപോകുന്നവരിലൂടെ നാട്ടിൽ കൊറോണാ വ്യാപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്.

ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം സെപ്റ്റംബർ ഇരുപത്തിനാലിന് റിയാദിൽ ചെന്നൈയിലേക്ക് തിരിക്കുമെന്ന് എംബസി അറിയിച്ചു. തുടർന്നും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും അവ സംബന്ധിച്ച വിവരം തക്ക സമയങ്ങളിൽ വെളിപ്പെടുത്തുമെന്നും എംബസി പ്രസ്താവന തുടർന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇക്കാര്യത്തിൽ നിരന്തരമായി സൗദി അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്.

Advertisment