Advertisment

അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ അല്‍ ഖാസി റസ്റ്റോറന്റ്‌

author-image
admin
New Update

കൊച്ചി: അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ ലക്ഷ്യമിട്ട്‌ വ്യത്യസ്‌തമായ റസ്റ്റോറന്റ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധി നഗര്‍ സലീംരാജന്‍ റോഡില്‍ ആരംഭിച്ച അല്‍ ഖാസി റസ്‌റ്റോറന്റാണ്‌ ഉപഭോക്താക്കള്‍ക്ക്‌ സ്വാദൂറും വിഭവങ്ങള്‍ വിളമ്പുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്‌.

Advertisment

ഉദ്‌ഘാടനച്ചടങ്ങിലും ഈ റസ്റ്റോറന്റ്‌ വ്യത്യസ്ഥത പുലര്‍ത്തി. ജനസേവ ശിശുഭവനിലെ ഒരു സംഘം കുട്ടികളും ഹൈബി ഈഡന്‍ എംഎല്‍എയും ചേര്‍ന്നാണ്‌ റസ്റ്റോറന്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

publive-image

യുഎഇയില്‍ റസ്റ്റോറന്റും അഡ്വര്‍ട്ടൈസിംഗ്‌ ബിസിനസിലും ഏര്‍പ്പെട്ടിരിക്കുന്ന കാസിം മൂര്യാടാണ്‌ അല്‍ ഖാസി റസ്റ്റോറന്റിന്റെ ഉടമ. "റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക്‌ ആവശ്യക്കാരായ കുട്ടികള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യുന്നതിന്‌ ഒരു 'ഫുഡ്‌ വാള്‍' സ്ഥാപിച്ചിട്ടുണ്ട്‌. റസ്റ്റോറന്റില്‍ നിന്നും വാങ്ങുന്ന കൂപ്പണ്‍ ഈ വാളില്‍ പതിപ്പിക്കാവുന്നതാണ്‌. 50, 100, 200 രൂപാ കൂപ്പണുകളാണ്‌ ഇവിടെയുള്ളത്‌.

തങ്ങള്‍ക്ക്‌ സാധിക്കുന്ന തുകയ്‌ക്കുള്ള കൂപ്പണ്‍ വാങ്ങി അതില്‍ ഫോണ്‍ നമ്പറും മറ്റും എഴുതി ഈ വാളില്‍ പതിക്കാം. ഇങ്ങനെ സംഭാവന ചെയ്യുന്ന തുകയ്‌ക്കുള്ള ഭക്ഷണം മാസത്തിലൊരു ദിവസം അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ നല്‍കും," കാസിം മൂര്യാട്‌ പറഞ്ഞു. ഇതിന്‌ പുറമേ റസ്റ്റോറന്റിന്റെ ലാഭത്തില്‍ നിന്നും ഒരു വിഹിതം കുറഞ്ഞത്‌ 5000 രൂപ പ്രതിമാസം അനാഥാലയങ്ങള്‍ക്ക്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസേവ ശിശുഭവന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ചടങ്ങില്‍ ജനസേവ ശിശുഭവനുള്ള 5000 രൂപയുടെ ആദ്യ ചെക്ക്‌ ചെയര്‍മാന്‍ ജോസ്‌ മാവേലിക്ക്‌ കാസിം മൂര്യാട്‌ കൈമാറി.

Advertisment