Advertisment

സഹകരണ പ്രസ്ഥാനം 4000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും: കടകംപള്ളി സുരേന്ദ്രന്‍

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ:  സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രളയക്കെടുതികളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാനത്തുടനീളം 4000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ രാമമംഗലം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ആദ്യ ഘട്ടത്തില്‍ 1500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. നിര്‍മ്മാണത്തിന്റെ സാങ്കേതിക മേല്‍നോട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. വീട് നിര്‍മ്മാണം നടക്കുന്നിടത്തെ സഹകരണ ബാങ്കുകള്‍ വഴിയാണ് തുക നല്‍കുക.

publive-image

അഞ്ച് ലക്ഷത്തിന് പുറമെ അതാത് സ്ഥലത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന ധന സഹായവും കൂടി ചേര്‍ത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം 23,000 വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്. ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് ഭാഗിക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

ഇത് കൂടാതെ മുറ്റത്തെ മുല്ല എന്ന പേരില്‍ സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒരു മൈക്രോ ഫിനാന്‍സിങ്ങ് സംരഭവും ആരംഭിച്ചിരിക്കുകയാണ്. ബ്ലേഡ് ഇടപാടുകാരെ സാധാരണക്കാരില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ചെറിയ തുകകളാണ് ഇതുവഴി വായ്പയായി നല്‍കുന്നത്. കുടുംബശ്രീ വഴിയാണ് ഈ സംരഭം നടപ്പിലാക്കുന്നത്. ഇതിനായി സഹകരണ ബാങ്കുകള്‍ക്ക് പത്ത് ലക്ഷം രൂപ വരെ കുടുംബശ്രീക്ക് നല്‍കാം. പാലക്കാട് ജില്ലയില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്. മറ്റ് ജില്ലകളിലേക്ക് കൂടി ഇത് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ പതിമൂന്നാമത് ശാഖയാണ് രാമമംഗലത്ത് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്ക് ഉപഹാരമായി ബാങ്ക് വഴി വിറ്റഴിച്ച നവകേരള ലോട്ടറിയുടെ ലാഭ വിഹിതവും ബോര്‍ഡ് അംഗങ്ങളുടെ ഓണറേറിയവും കൂടിച്ചേര്‍ത്ത് 1,25,598 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇത് കൂടാതെ മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ സാലറി ചലഞ്ചിന്റെ ഭാഗമായി 18,47,500 രൂപയും മന്ത്രിക്ക് കൈമാറി.

ബാല സാഹിത്യകാരനും രാമമംഗലം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഹരീഷ് ആര്‍ നമ്പൂതിരി തനിക്ക് ലഭിച്ച റോയല്‍റ്റി തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്കിംഗ് രംഗത്ത് തൊണ്ണൂറ്റി അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മറ്റ് ശാഖകള്‍ മൂവാറ്റുപുഴ താലൂക്കിലും കോതമംഗലം താലൂക്കിലുമാണ് പ്രവര്‍ത്തിക്കുന്നത്.

പാമ്പാക്കുട ബ്ലോക്കിലും കൂടെ ബാങ്കിന്റെ പ്രവര്‍ത്തം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാമമംഗലത്ത് പുതിയ ശാഖ ആരംഭിച്ചത്.

അനൂപ് ജേക്കബ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം കെ.എന്‍.സുഗതന്‍, ബാങ്ക് ചെയര്‍മാന്‍ പി.ആര്‍.മുരളീധരന്‍, ജോയിന്റ് രജിസ്ട്രാര്‍ എം.എസ് ലൈല ജോയിന്റ് ഡയറക്ടര്‍ സുരേഷ് മാധവന്‍ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനി കുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment