Advertisment

റബ്ബര്‍, തെങ്ങ്‌, വാഴ ഒഴിവാക്കിയത്‌ വിവേചനമെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഏറ്റവും അധികം റബര്‍ ഉത്‌പ്പാദിപ്പിക്കുന്ന കേരളത്തെ ഒഴിവാക്കി ത്രിപുരയെ ഉള്‍പ്പെടുത്തിയ നടപടി വിവേചനാപരവും കേരളത്തിലെ കര്‍ഷകരെ വെല്ലുവിളിക്കുന്ന സമീപനവുമാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

രാജ്യത്തെ 70 ശതമാനം റബ്ബര്‍ ഉത്‌പ്പാദനവും കേരളത്തില്‍ നിന്നാണ്‌. ഇതില്‍ 48 ശതമാനം ഉല്‍പ്പാദനവും ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ്‌. തെങ്ങും വാഴയും ചക്കയും ഉള്‍പ്പെടെ കേന്ദ്രത്തിന്റെ വിള കയറ്റുമതി നയത്തില്‍ നിന്നും ഒഴിവാക്കിയത്‌ അംഗീകരിക്കാന്‍ കഴിയില്ല.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വിള കയറ്റുമതി കരട്‌ നയം സംബന്ധിച്ച്‌ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ഏപ്രില്‍ 4 വരെയായിരുന്നു. അക്കാലയളവില്‍ അഭിപ്രായം അറിയിക്കുന്നതില്‍ സംസ്ഥാന സര്‌ക്കാര്‍ പരാജയപ്പെട്ടെന്നും സമയത്ത്‌ ഇടപെടുന്നതില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

കരടു നയം തിരുത്തിയില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വം നല്‍കും. മോദി ഗവണ്മെന്റ്‌ അധികാരമേറ്റതു മുതല്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. റബര്‍, സ്‌പൈസസ്‌, കോഫി, ടീബോര്‍ഡുകളുടെ വിഹിതം വെട്ടിക്കുറച്ചു.

റബര്‍ ബോര്‍ഡിന്‌ നീതി ആയോഗില്‍ നിന്നും 220 കോടി ആവശ്യപ്പെട്ടെങ്കിലും 132 കോടി മാത്രമാണ്‌ ലഭിച്ചത്‌. ഇതുമൂലം 2015 നു ശേഷം കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തേണ്ടി വന്നു. ഇതിനു പിന്നാലെയാണ്‌ കയറ്റുമതി നയത്തിലെ ഇരുട്ടടി കൂടി കര്‍ഷകര്‍ ഏറ്റുവാങ്ങേണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment