Advertisment

ക്ഷീരകര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കണം: ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്ന ക്ഷീരകര്‍ഷക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.  അവര്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എല്ലാ വായ്‌പകളും എഴുതിത്തള്ളണം.

Advertisment

ഒരു പശു നഷ്‌ടപ്പെട്ടാല്‍ മുപ്പതിനായിരം രൂപ നഷ്‌ടപരിഹാരമെന്നത്‌ കുറഞ്ഞത്‌ അമ്പതിനായിരം രൂപയാക്കണം. ഒരു കര്‍ഷകന്‌ 3 ഉരുവിന്‌ മാത്രമേ നഷ്‌ടപരിഹാരം നല്‍കൂവെന്നത്‌ മാറ്റി നഷ്‌ടപ്പെട്ട എല്ലാ നാല്‍ക്കാലികള്‍ക്കും നല്‍കണം.

കിടാരി ഒന്നിന്‌ ആറായിരം രൂപയെന്നുള്ളത്‌ പതിനയ്യായിരം രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക്‌ പശുക്കളെ വാങ്ങാന്‍ പലിശരഹിത വായ്‌പ നല്‍കുന്നതിന്‌ നബാര്‍ഡുമായി സഹകരിച്ച്‌ പുതിയ പാക്കേജിന്‌ രൂപം നല്‍കണം.

പ്രളയത്തിനുശേഷം എറണാകുളം മേഖല ക്ഷീരോത്‌പ്പാദക യൂണിയന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ ആപ്‌കോസ്‌ സംഘങ്ങളില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ 50 ശതമാനം പാല്‍ ഉത്‌പ്പാദനക്കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇത്‌ ക്ഷീരകര്‍ഷകമേഖലയിലെ വന്‍ ആഘാതമാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.

ആട്‌, കോഴി, തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും വ്യാപകമായി കര്‍ഷകര്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇവര്‍ക്കും നഷ്‌ടപരിഹാര തുക നല്‍കണം. ഏക്കറുകണക്കിന്‌ പച്ചപ്പുല്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കും അപേക്ഷ നല്‍കാന്‍ അവസരമുണ്ടാകണം.

പ്രളയകാലത്തിനു മുമ്പ്‌ ആപോക്‌സ്‌ സംഘങ്ങളില്‍ ഇറക്കിയ കാലിത്തീറ്റ പായ്‌ക്കറ്റ്‌ ഒന്നിന്‌ 200 രൂപയെങ്കിലും സബ്‌സിഡി നല്‍കണം. കന്നുകാലികള്‍ക്ക്‌ പ്രളയത്തോടനുബന്ധിച്ച്‌ കണ്ടുവരുന്ന കുരളടപ്പന്‍, അടപ്പന്‍, എലിപ്പനി, കുളമ്പുരോഗം, പട്ടുണ്ണിപ്പനി, ക്ഷീരസന്നി, അകിടുവീക്കം, പരാദരോഗങ്ങള്‍ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകള്‍ കൂടുതലായി മൃഗാശുപത്രികള്‍ വഴി നല്‍കണം.

Advertisment