Advertisment

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളിലെ മുഴുവന്‍ കര്‍ഷകരെയും മാറ്റി പാര്‍പ്പിക്കണം - ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

പ്രളക്കെടുതിയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന സ്ഥലങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതുമായ സ്ഥലങ്ങളിലെ മുഴുവന്‍ കര്‍ഷകരെയും അതതു സ്ഥലങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണമെന്നും ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തശേഷം പകരം ഭൂമി അവര്‍ക്ക്‌ ലഭ്യമാക്കണമെന്നും ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

ഇടുക്കിജില്ലയുടെ പ്രത്യേക ഭൂമിശാസ്‌ത്രപരമായ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി രേഖപ്പെടുത്തുന്നതിന്‌ ജിയോളജി വകുപ്പിനെ ഏല്‍പ്പിക്കണം.

സംസ്ഥാനത്ത്‌ ഏറ്റവുമധികം മഴയുണ്ടായ ജില്ല എന്ന നിലയിലും ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായ സാഹചര്യത്തിലും പ്രത്യേക പ്രളയക്കെടുതി പാക്കേജ്‌ തന്നെ ഉണ്ടാക്കണം. പൊതുമരാമത്ത്‌, കൃഷി, മൃഗസംരക്ഷണം, ജലസേചനം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുകള്‍, ആരോഗ്യം, സാമൂഹ്യക്ഷേമം, ജിയോളജി, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്‌, വനം, തുടങ്ങിയ വകുപ്പുകളുടെ നാശനഷ്‌ടങ്ങള്‍ കാര്യക്ഷമമായി വിലയിരുത്തി ജില്ലയ്‌ക്ക്‌ അര്‍ഹമായ വിഹിതം വാങ്ങിയെടുക്കാന്‍ കഴിയണം.

ഇതിനായി ജില്ലയിലെ സര്‍വകക്ഷി യോഗം വിളിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ പൂര്‍ണ്ണമായി വീട്‌ തകര്‍ന്നവര്‍ക്ക്‌ 7 ലക്ഷം രൂപയും കൃഷി ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഹെക്‌ടര്‍ ഒന്നിന്‌ 5 ലക്ഷം രൂപ വീതവും നഷ്‌ടപരിഹാരം നല്‍കണം.

ഇടുക്കിജില്ലിയിലെ ഡാം മാനേജ്‌മെന്റ്‌അന്താരാഷ്‌ട്ര പഠന ഏജന്‍സിയെ വച്ച്‌ കാര്യശേഷി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനായുള്ള രൂപരേഖ, പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ടിനോടൊപ്പം കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ജില്ലയില്‍ മരണപ്പെട്ട 55 പേരുടെയും കുടുംബങ്ങളില്‍ സഹായധനം എത്രയും വേഗം നല്‍കണം.

ഓണവിപണി ലക്ഷ്യമിട്ട്‌ ജില്ലയില്‍ നട്ടുവളര്‍ത്തിയ 25 ലക്ഷം വാഴകളെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇവര്‍ക്ക്‌ വിള ഇന്‍ഷുറന്‍സ്‌ പ്രകാരം കുലച്ച വാഴയ്‌ക്ക്‌ 350 രൂപയും കുലയ്‌ക്കാത്ത വാഴകള്‍ക്ക്‌ 150 രൂപയും ലഭിക്കേണ്ടതായുണ്ട്‌. ഇത്‌ എത്രയും വേഗം ലഭ്യമാക്കണം. വിള ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേരാത്തവര്‍ക്കു കൂടി ഈ ആനുകൂല്യം ലഭ്യമാക്കണം.

കൃഷിനാശം സംഭവിച്ചവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന്‌ കൃഷിഭവനുകളില്‍ ആവശ്യത്തിന്‌ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയും നാശനഷ്‌ടം വിലയിരുത്തി റിപ്പോര്‍ട്ട്‌ എത്രയും വേഗം വാങ്ങി നഷ്‌ടപരിഹാര തുക നല്‍കുകയും വേണം.

കാര്‍ഷിക കടങ്ങള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിച്ചതു കൊണ്ട്‌ ഒരു കാര്യവുമില്ല. ഇക്കാര്യത്തില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം. കര്‍ഷകരുടെ കടങ്ങള്‍ എന്ന നിലയിലുള്ള വിശദീകരണത്തോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിജില്ലയിലെ ദുരിതവശങ്ങള്‍ പൂര്‍ണ്ണമായും പൊതുജനശ്രദ്ധയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ജില്ലയിലെ പ്രമുഖ സി പി ഐ നേതാവുമായ പി.പളനിവേലിന്റെ ആരോപണത്തെ സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിന്‌ വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച സാധനങ്ങള്‍ സി പി എം ഓഫീസിലേയ്‌ക്ക്‌ കടത്തിയെന്ന ആരോപണം ഗുരുതരമാണ്‌. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

മുന്‍ കാലങ്ങളില്‍ ഓണത്തിന്‌ കിറ്റുകള്‍ വിതരണം ചെയ്യുന്നത്‌ പതിവില്ലാത്ത സി പി എം പാര്‍ട്ടി ഇപ്പോള്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്‌ സംശയത്തോടെയാണ്‌ കാണുന്നത്‌.

ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റികള്‍ വിളിച്ചുകൂട്ടി നാശനഷ്‌ടങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെ അറിയിക്കുന്നതിന്‌ ഇടുക്കി നിയോജകമണ്‌ഡലത്തില്‍ തീരുമാനിച്ച റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ നടപടി ശ്ലാഘനീയമാണ്‌. ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത്‌ കര്‍മ്മശേഷിയോടെ നിലകൊണ്ട റോഷി അഗസ്റ്റിനെ വിമര്‍ശിക്കുന്ന സി പി എം നടപടി അംഗീകരിക്കാന്‍ കഴിയില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത്‌ സര്‍ക്കാരുമായും പ്രവര്‍ത്തനങ്ങളുമായും പരമാവധി സഹകരിച്ച്‌ പോവാനാണ്‌ ആഗ്രഹിക്കുന്നത്‌. അത്തരം സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ എം.എല്‍.എ. ക്കെതിരെയുള്ള പ്രസ്‌താവനകള്‍ കൊണ്ട്‌ കഴിയുകയുള്ളൂ.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ ഏകോപനക്കുറവ്‌ ചൂണ്ടിക്കാണിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത്‌ പറയാത്തത്‌ സി പി എം ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment